സെന്റ്. തോമസ് മിഷണറി സമൂഹാംഗമായ വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (98) അന്തരിച്ചു.
കോർക്ക് സിറോ-മലബാർ സഭാ-സമൂഹ അംഗങ്ങളായ ഷൈനി ജയേഷിന്റെയും സുനു ജോസഫിന്റെയും പിതൃ സഹോദരനാണ് (Grand Uncle) ഈ വന്ദ്യവൈദീകൻ.

ഭൗതിക ശരീരം പതിനൊന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ എം. എസ്. ടി യുടെ കേന്ദ്ര ഭവനമായ മേലമ്പാറ ദീപ്തി ഭവനിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാര ശുഷ്രൂഷകൾ 12നു രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെയും, കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും, എം. എസ്. ടി. ഡയറക്ടർ ജനറൽ ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുരയുടെയും മുഖ്യ കർമികത്വത്തിൽ ദീപ്തി ഭവനിൽ നടക്കും.

1955 ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. സെബാസ്റ്റ്യൻ പാലാ രൂപതയിലാണ് തന്റെ ദൗത്യം ആരംഭിച്ചത്. തുടർന്ന് തെക്കേ ഇന്ത്യയിൽ മിഷനറിയായി സേവനം അനുഷ്ഠിച്ചുവെങ്കിലും കൂടുതൽ കാലവും അദ്ദേഹം സെമിനാരി പരിശീലകനായിരുന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും, സെന്റ്. തോമസ് മിഷനറി സമൂഹത്തിന്റെ സെമിനാരിയിലുമായി അനേകം വൈദിക വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. എം. എസ്. ടി. സമൂഹത്തിന്റെ ഡയറക്ടർ ജനറലായിരുന്ന അദ്ദേഹത്തിന് 25 മെത്രാന്മാരും 500ൽ അധികം വൈദികരും ശിഷ്യരായുണ്ട്. ലാളിത്യം നിറഞ്ഞ ജീവിത ശൈലിയും, വിജ്ഞാനവും, സഭക്ക് നൽകിയ വിവിധ സംഭാവനകളും, മാതൃകാപരമായ ജീവിതവും കണക്കിലെടുത്ത് സിറോ മലബാർ സഭ അദ്ദേഹത്തെ 2016ൽ ‘വൈദികരത്നം’ പുരസ്‌കാരം നൽകി ആദരിച്ചു.
ചേർപ്പുങ്കൽ, തുരുത്തേൽ പരേതരായ ദേവസ്യ- റോസ ദമ്പതികളുടെ മകനാണ്. പരേതരായ മറിയം, തോമസ്, അന്നമ്മ, ജോസഫ്, ഏലിക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

വന്ദ്യ വൈദീകന്റെ ദേഹവിയോഗത്തിൽ കോർക്ക് സിറോ -മലബാർ സമൂഹം അനുശോചനം അറിയിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

PRO. SMCCC Cork.

LATEST NEWS
VIEW ALL NEWS