അയർലണ്ട് മലയാളി സമൂഹത്തിലെ ചിരപരിചിത മുഖമായ, പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഫാ. പോൾ തെറ്റയിലിന്, കോർക്ക് സീറോ-മലബാർ സ്നേഹോഷ്മളമായ അനുമോദനങ്ങൾ നേർന്നുകൊണ്ട് നവംബർ 13 ഞായറാഴ്ച്ച കൃതജ്ഞതാബലി അർപ്പിച്ചു. ഫാ. പോൾ തെറ്റയിലിന്റെ മുഖ്യ കാർമ്മികത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ ഫാ. ജിൽസൻ കൊക്കണ്ടത്തിൽ, ഫാ. ജോയൽ എന്നിവർ സഹ കാർമ്മികരായിരുന്നു. വിശ്വാസി സമൂഹം ഒന്നടങ്കം സ്നേഹബലിയിൽ പങ്കാളികളായി.

നിഷ്കളങ്കമായ ചിരിയുടേയും, നിർമലമായ മനസ്സിന്റെയും ഉടമയാണ് ഫാ. തെറ്റയിലെന്നും, സീറോ-മലബാർ കോർക്കിന്റെ ഏത് ആവശ്യത്തിനും എല്ലാ തിരക്കുകളും മാറ്റി വച്ച് ഓടി വരുവാൻ കാണിക്കുന്ന അദ്ദേഹത്തിന്റെ കരുതലും സ്നേഹവും പ്രത്യേകം നന്ദിയോടെ സ്മരിക്കുന്നു എന്നും ഫാ. ജിൽസൻ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. സഭാ സമൂഹത്തിന്റെ പ്രതിനിധിയായി കൈക്കാരൻ, ശ്രീമതി. ടെസ്സി മാത്യു വിശുദ്ധ കുർബാന മധ്യേ പോളച്ചന്റെ പൗരോഹിത്യ ജൂബിലിയ്ക്ക് ആശംസകൾ അർപ്പിച്ചു. കോർക്കിലെ പ്രവാസീ സമൂഹത്തിനും വിശിഷ്യാ, സീറോ-മലബാർ സഭാ സമൂഹത്തിനും ഫാ. പോൾ തെറ്റയിൽ ചെയ്ത സഹായങ്ങൾ വിവരിക്കുകയും ഒപ്പം നന്ദി പറയുകയും ചെയ്തു. അയർലണ്ട് മലയാളികളുടെ അപ്പസ്തോലനാണ് ഫാ. പോൾ തെറ്റയിൽ എന്നാണ് പ്രാസംഗിക അച്ചനെ വിശേഷിപ്പിച്ചത്. കൈക്കാരൻമാരായ ശ്രീ. എബിൻ ജോസഫ്, ശ്രീ. സാവിയോ ജോസ്, ശ്രീമതി ടെസ്സി മാത്യു എന്നിവർ ചേർന്ന്, കോർക്ക് സീറോ-മലബാർ കത്തോലിക്കാ സഭാ സമൂഹത്തിനു വേണ്ടി പോളച്ചന് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

തനിക്ക് കോർക്ക് സീറോ-മലബാർ തരുന്ന സ്നേഹത്തിനും ബഹുമാനത്തിനും പ്രത്യേകം നന്ദി അറിയിച്ചു കൊണ്ട്, ജൂബിലേറിയൻ ഫാ. പോൾ പറഞ്ഞ വികാര നിർഭരമായ മറുപടി പ്രസംഗം ഏവരുടേയും കണ്ണുകൾ ഈറനണിയിച്ചു. തന്റെ ആദ്യ കാലങ്ങളിലെ ഓർമ്മകൾ അദ്ദേഹം പങ്കുവയ്ക്കുകയും, ഏവരും ദൈവസ്നേഹത്തിലും പരസ്നേഹത്തിലും സഹവർത്തിച്ച് ദൈവത്തിനു പ്രിയപ്പെട്ട സ്വന്തം ജനമായി വളരുവാനുള്ള അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

ശ്രീ. ആൻറണി പൗലോസ് നേതൃത്വം കൊടുത്ത ഗായക സംഘം വിശുദ്ധ കുർബാനയെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. ദേവാലയത്തിലും, തുടർന്ന് ഹാളിലും നിറഞ്ഞു കവിഞ്ഞുനിന്ന വിശ്വാസി സമൂഹത്തിൽ നിന്നും, പോളച്ചനെ കോർക്കിലെ വിശ്വാസി സമൂഹം എത്രമാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമായി. പ്രതിനിധിയോഗ അംഗങ്ങളുടെ നേതൃത്വത്തിൽ ജൂബിലി കേക്ക് മുറിക്കുകയും, തുടർന്ന് ചായ സൽക്കാരം നടത്തുകയും ചെയ്തു.

PRO
Jaison Joseph

 

LATEST NEWS
VIEW ALL NEWS