അയർലണ്ടിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണം നടന്ന നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും, സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. മാസത്തിലൊരിക്കല്‍ സീറോ മലബാർ വിശുദ്ധ കുര്‍ബാന എന്ന ആവശ്യത്തിനു ഔദ്യോഗീക അംഗീകാരം ലഭിച്ചത്തിനു ശേഷം, ഡിസംബര്‍ 30ന് നോക്ക് തീര്‍ത്ഥാടന കേന്ദ്രത്തിലെ ഫാ. ഡേവീസ് വടക്കുമ്പാടന്‍ സി.എം.ഐയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനക്ക് തുടക്കമായി. അയര്‍ലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. ജോസ് ഭരണികുളങ്ങര (ഗാല്‍വേ റീജണല്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

2022 ഫെബ്രുവരി 12 മുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1:30നാണ് വിശുദ്ധ കുര്‍ബാന അർപ്പിക്കപ്പെടുക. വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി 12 മണി മുതൽ കുമ്പസാരത്തിനുള്ള സൗകര്യവും, 1 മണിക്ക് ജപമാലയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ഓരോ മാസവും അയർലണ്ടിലെ വിവിധ സ്ഥലങ്ങളിലുള്ള സീറോ മലബാർ വൈദികരാണ് ഇവിടെ വി. കുര്‍ബാന അര്‍പ്പിക്കുന്നത്.

അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ മെയ് മാസത്തില്‍ നടത്തിവരുന്ന നോക്ക് തീര്‍ത്ഥാടനത്തില്‍ വടക്കന്‍ അയര്‍ലണ്ടിലേയും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടിലേയും വിവിധ ഭാഗങ്ങളില്‍നിന്നും ആയിരങ്ങള്‍ പങ്കെടുക്കുന്നു. അയര്‍ലണ്ടില്‍ നടക്കുന്ന ഏറ്റവും വലിയ തീര്‍ത്ഥാടനമാണ് സീറോ മലബാര്‍ സഭ നടത്തിവരുന്ന നോക്ക് തീര്‍ത്ഥാടനം.

(SMCC Cork)

LATEST NEWS
VIEW ALL NEWS