സിറോ-മലബാർ മാനന്തവാടി രൂപതാധ്യക്ഷനായ ബിഷപ്പ് ജോസ് പൊരുന്നേടം 25/06/2023 ഞായറാഴ്ച്ച കോർക്ക് സിറോ-മലബാർ വിശ്വാസീ സമൂഹത്തെ സന്ദർശിക്കുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തു. തഥവസരത്തിൽ കോർക്ക് & റോസ്സ് രൂപാതാധ്യക്ഷൻ ബിഷപ്പ് ഫിൻറൻ ഗാവിൻ ആമുഖ പ്രഭാഷണം നടത്തി. വിൽട്ടൻ പള്ളിയിൽ ഞായറാഴ്ച വൈകുന്നേരം 4: 30 ന് എത്തിചേർന്ന പിതാക്കൻമാരെ കൈക്കാരൻമാരായ എബിൻ ജോസഫിന്റേയും സാവിയോ ജോസിന്റേയും നേതൃത്വത്തിൽ വിശ്വാസീ സമൂഹം ഒന്നടങ്കം എത്തിച്ചേർന്ന് സ്വീകരിച്ചു. കൈക്കാരൻ ശ്രീ. എബിൻ ജോസഫ് സ്വാഗതപ്രസംഗം നടത്തി. വിശ്വാസീ സമൂഹത്തിന്റെ പ്രതിനിധികളായി ശ്രീ. സാവിയോ ജോസും ശ്രീ. വിൽസൻ വർഗ്ഗീസും പൂച്ചെണ്ടുകൾ നൽകി പിതാക്കൻമാരെ സ്വാഗതം ചെയ്തു. കോർക്ക് & റോസ്സ് രൂപതാധ്യക്ഷൻ ബിഷപ്പ് ഫിൻറൻ ഗാവിൻ തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ സിറോ-മലബാർ കോർക്ക് വിശ്വാസീ സമൂഹം തന്റെ രൂപതയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാവിധ സഹകരണങ്ങൾക്കും നന്ദി പറയുകയും സിറോ-മലബാർ സഭാ പാരമ്പര്യവും വിശ്വാസവും കാത്തുസൂക്ഷിച്ച് ഒരുമയിൽ വളരുകയും ചെയ്യുന്നതിന് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തതോടൊപ്പം ഐറിഷ് രൂപതയോടും അതത് ഇടവകയുടെ പ്രവർത്തനങ്ങളോടും കൂടുതൽ ഭാഗഭാക്കാവുവാൻ ഉത്ബോധിപ്പിക്കുകയും ചെയ്തു.

തുടർന്നുള്ള ആഘോഷമായ ദിവ്യബലി മധ്യേ ക്രിസ്തു അനുയായികളായ നാം ഓരോരുത്തരും നമ്മൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ ക്രിസ്തുവിന്റെ സുവിശേഷം സ്വന്തം ജീവിതചര്യകൾ വഴി പ്രഘോഷിക്കുവാൻ സാധിക്കണം എന്ന് ഓർമ്മപ്പെടുത്തുകയും സ്നേഹവും കരുണയും മുഖമുദ്ര ആക്കണം എന്ന് സ്നേഹപൂർവ്വം ആവശ്യപ്പെടുകയും ചെയ്തു. ശ്രീ. ആൻറണി പൗലോസിന്റെ നേതൃത്വത്തിൽ ഗായകസംഘം വിശുദ്ധ കുർബ്ബാന ഏറ്റവും ഭക്തിസാന്ദ്രമാക്കുവാൻ വിശ്വാസീ സമൂഹത്തെ സഹായിച്ചു. Chaplain Fr. Jilson Kokkandathil പിതാക്കൻമാർക്കും വിശ്വാസി സമൂഹത്തിനും നന്ദി അർപ്പിച്ചു.

Jaison Joseph
PRO. SMCCC. CORK

LATEST NEWS
VIEW ALL NEWS