അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും കോർക്കിലെ സമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കോർക്ക് സിറോ-മലബാർ സഭാ-സമൂഹാംഗവുമായിരുന്ന സാജൻ (ദേവസ്യാ ചെറിയാൻ) (49) നിര്യാതനായി. കാൻസർ രോഗബാധിതനായി കാവൻ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന സാജൻ ഇന്നു (03/01/25) രാവിലെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. സ്മിത രാജു ആണ് ഭാര്യ. ഏകമകൻ സിറോൺ. പിതാവ് ചങ്ങനാശേരി ചെത്തിപ്പുഴ പടനിലം ചെറിയാൻ ദേവസ്യ. മാതാവ് പരേതയായ മേരിക്കുട്ടി ചെറിയാൻ. സഹോദരങ്ങൾ, സൈജു (Uk) സനുമോൾ (Australia).

അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായിരുന്ന സാജനും കുടുംബവും നാല് വർഷം മുൻപാണ് കാവനിലേക്ക് താമസം മാറിയത്. കോർക്കിലെ മലയാളി കത്തോലിക്കാ സഭാസമൂഹത്തെ ഒരുമിച്ച് കൂട്ടുന്നതിനും അതിനായി രൂപികരിച്ച ആദ്യ കമ്മിറ്റിയുടെ സെക്രട്ടറിയായും തുടർന്ന് ഇന്ന് മുന്നൂറ്റമ്പതോളം കുട്ടികൾ മതബോധനം നടത്തുന്ന സെൻറ് ജോസഫ് സൺഡേസ്കൂളിൻ്റെ പ്രാരംഭ പ്രവർത്തകനും പ്രഥമ അധ്യാപകനായും സേവനം ചെയ്തിരുന്ന പ്രിയ സാജൻറെ നിര്യാണവാർത്ത കോർക്കിലെ കത്തോലിക്കാ സഭാസമൂഹത്തേയും സാജൻ്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും അതീവ ദുഃഖത്തിൽ ആഴ്തിയിരിക്കുകയാണ്.

കോർക്കിലെ പ്രവാസികളുടെ സാമൂഹൃ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന സാജൻ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ, ഷെയറിംഗ് കെയർ ചാരിറ്റി എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകാംഗവും ദീർഘകാലം ഭാരവാഹിയായും അക്ഷീണം സേവനം ചെയ്തിരുന്നു.

നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ട പ്രിയ സാജൻറെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാസമൂഹം ആദരാജ്ഞലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS