നോക്ക് തീർത്ഥാടനം

കോർക്ക്: സീറോ മലബാർ ചർച്ച് അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ നോക്കിലേക്ക് മരിയൻ തീർത്ഥാടനം നടത്തി. മെയ് 19 ശനിയാഴ്‌ച നടന്ന തീർത്ഥാടനത്തിൽ കോർക്ക് മാസ് സെന്റെറിൽ നിന്നും ഇരുന്നൂറോളം വിശ്വാസികൾ പങ്കെടുത്തു. രാവിലെ 6 :30 നു വിൽട്ടണിൽ നിന്നും ആരംഭിച്ച തീർത്ഥാടനത്തിന് സീറോ മലബാർ കോർക്ക് മാസ് സെൻറർ ചാപ്ലൈൻ ഫാ. സിബി അറക്കൽ നേതൃത്വം നൽകി.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്‍പ്പെടെ അയർലണ്ടിന്റെ വിവിധ കേന്ദ്രങ്ങളിലായുള്ള മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പുലർച്ചെ ആരംഭിച്ച തീര്‍ത്ഥയാത്രകള്‍ നോക്കിലെത്തിയതോടെ 11 മണിയ്ക്ക് ആരംഭിച്ച തിരുകർമ്മങ്ങൾക്ക് സീറോ മലബാര്‍ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയുടെ നാഷ്ണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക്), ഫാ.ആന്റണി ചീരംവേലി(ഡബ്ലിന്‍), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ.റോബിന്‍ തോമസ് (ലീമെറിക്ക്), ഫാ.റെജി കുര്യന്‍ (ലോംഗ് ഫോര്‍ഡ്), ഫാ.പോള്‍ മൊറേലി(ബെല്‍ഫാസ്റ്റ്)എന്നിവരും ഫാ.ജോര്‍ജ് പുലിമലയില്‍(ഡബ്ലിന്‍), ഫാ.അബ്രാഹം കുളമാക്കല്‍(ചേന്നാട്,പാലാ) എന്നിവരും സഹ കാര്‍മ്മികര്‍ ആയിരുന്നു.

മൂവായിരത്തോളം അംഗങ്ങൾ നോക്കില്‍ എത്തിയിരുന്നു. മനുഷ്യ ജീവനെ ആദരിക്കുവാനും സ്‌നേഹിക്കുവാനും സംരക്ഷിക്കുവാനുമുള്ള സഭയുടെ ദൗത്യത്തിന്റെ lപ്രഖ്യാപനമായി അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന സഭാ സമൂഹം എറ്റുചൊല്ലി.അഞ്ചില്‍ അധികം മക്കളുള്ള കുടുംബങ്ങളെ പൊന്നാട ചാര്‍ത്തി ആദരിച്ച നിമിഷങ്ങളെ ഹര്‍ഷാരവത്തോടെയാണ് സഭാമക്കള്‍ ഏറ്റുവാങ്ങിയത്.

തുടർന്ന് വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ കാലടികളാൽ ധന്യമായ ബസിലിക്കയിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ പ്രദക്ഷിണത്തിൽ മൂവായിരത്തിൽപരം സീറോ മലബാർ സഭാ മക്കൾക്കൊപ്പം തദ്ദേശിയരായ ഐറിഷ്കാരും മറ്റു വിദേശ തീർത്ഥാടകരും പങ്കെടുത്തത് വിശ്വാസ പ്രഖ്യാപനത്തിന് മാറ്റുകൂട്ടി. പ്രദക്ഷിണം അപ്പാരിഷന്‍ ചാപ്പലിന് മുമ്പിലെത്തി സമാപിച്ചപ്പോള്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സഭാ സമൂഹത്തെ മാതൃസന്നിധിയില്‍ സമര്‍പ്പിച്ച് ആശിര്‍വദിച്ചതോടെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി.

  

LATEST NEWS
VIEW ALL NEWS

Catholic News