“ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു” (ലൂക്കാ: 2 – 11).

വിൽട്ടൺ: മഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങി പൊൻനിലാവ് പരന്ന രാവിൽ, മാലാഖമാരുടെ മംഗളഗാനാലാപനത്തിന്റെ മധ്യേ നശ്വരമായ ഈ ലോകത്തിലേക്ക് അനശ്വരമായ സ്വർഗ്ഗരാജ്യത്തെ രാജകുമാരൻ, മനുഷ്യരാശിയുടെ വിമോചകൻ പുൽക്കൂട്ടിൽ പിറന്നതിന്റെ ഓർമ്മയാചരണത്തിന് ലോകം മുഴുവൻ ഒരുങ്ങുമ്പോൾ കോർക്ക് സീറോ-മലബാർ സമൂഹവും തയ്യാറെടുക്കുകയായി ആ ദിവ്യകുമാരനെ, രാജക്കൻമാരുടെ രാജാവിനു ഒരിക്കൽ കൂടി പിറക്കുവാൻ തങ്ങളുടെ ഓരോരുത്തരുടേയും ഹൃദയമാകുന്ന പുൽക്കൂട് സജ്ജമാക്കുവാൻ.

നമ്മുടെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും, പതിനൊന്നാമത് മതബോധന സ്കൂൾ വാർഷികവും, ഇടവകദിനവും സംയുക്തമായി ഡിസംബർ 28 വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതൽ മതബോധന അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളോട് കൂടി വിൽട്ടൺ S M A ഹാളിൽ വച്ച് ആരംഭിക്കുകയും തുടർന്ന് 5 മണിക്ക് കോർക്ക് – റോസ് രൂപതാ അധ്യക്ഷൻ ബിഷപ്പ് ജോൺ ബക്ലി പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നതുമാണ്. പൊതുയോഗ മധ്യേ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും, മതബോധന ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കിയ കുരുന്നുകൾക്കും, ബൈബിൾ ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.

കലാപരിപാടികൾ അവതരിപ്പിക്കുവാൻ താൽപര്യം ഉള്ളവർ ഡിസംബർ 17 നു മുൻപ് കൾച്ചറൽ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്. വാർഷികദിനാഘോഷങ്ങളുടെ വിജയത്തിനായി ഫാ. സിബി അറയ്ക്കലിന്റേയും, കൈക്കാരൻമാരുടേയും മതബോധന പ്രധാനാദ്ധാപികയുടേയും നേതൃത്വത്തിൽ കമ്മറ്റികൾ രൂപം കൊള്ളുന്നു. ലിജോ ജോസഫ് (ഫൈനാൻസ്, ജനറൽ കൺവീനർ), തോമസ്സ് കുട്ടി ഈയാളിൽ (സ്റ്റേജ് കമ്മറ്റി കൺവീനർ), വിൽസൺ വർഗ്ഗീസ് (ഫുഡ് കമ്മറ്റി കൺവീനർ), ഷീലാ ജോൺസൺ (കൾച്ചറൽ കമ്മറ്റി കൺവീനർ) . പരിപാടികളിലേക്ക് പ്രവേശനം പാസുകൾ മൂലം നിജപ്പെടുത്തിയിരിക്കുന്നു, ആയതിനാൽ പ്രവേശന പാസുകൾക്കായി വാർഡ് കൂട്ടായ്മ പ്രതിനിധികളേയോ കൈക്കാരൻമാരേയോ ഡിസംബർ 17 നു മുൻപ് ബന്ധപ്പെടുക. ബന്ധപ്പെടുവാനുള്ള ഫോൺ നമ്പറുകൾക്കായി അഡ്മിനിസ്ട്രേഷൻ പേജ്  സന്ദർശിക്കുക.

ഭൂമിയിൽ പുഷ്പങ്ങൾ വിടരുന്ന, ഭൂമി പൊന്നാട നെയ്യുന്ന, ഭൂലോക വാസികൾ ആനന്ദ ലോലരായ് ലോക രക്ഷകനെ വാഴ്ത്തുന്ന ആ രാത്രിക്കായി നമ്മുക്കും ഒരുങ്ങാം. നിഷ്കളങ്ക സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായ ഉണ്ണീശോയുടെ അനുഗ്രഹം നിങ്ങളിൽ പൊതിഞ്ഞ്, കോർക്ക് സീറോ-മലബാർ സഭയുടെ ഇനിയുമുള്ള വഴികളിൽ സുഗമമായി യാത്ര തുടരുവാൻ എളിമയുടെ സന്ദേശം ലോകത്തിനു തന്റെ ജീവിതം വഴി കാണിച്ചു തന്ന കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണീശോയുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു.

LATEST NEWS
VIEW ALL NEWS

Catholic News