വൈദികരുടെ ജീവിതം അതിരുകളില്ലാത്ത തീര്‍ത്ഥയാത്രയായതുകൊണ്ടാവാം ബഹുമാനപ്പെട്ട ജിൽസൺ കോക്കണ്ടത്തിലച്ചൻ നാട്ടിലെപ്പോലെയുള്ള വലിയ യാത്രയപ്പ് ആഗ്രഹിക്കാതെ പുതിയ ഇടവക ശുശ്രൂഷക്കായി പോവുന്നത്. ഈശോയുടെ പൗരോഹിത്യത്തോടു ചേര്‍ന്ന് നിസ്വാര്‍ഥ ശുശ്രൂഷ അര്‍പ്പിക്കുന്ന സമര്‍പ്പിതരുടെ മനസ് ഇങ്ങനെയാണ്. “ഇത്ര ചെറുതാകാനെത്ര വലുതാകണം” എന്നു തോന്നിപ്പോകുംവിധം അനുപമായ വ്യക്തിപ്രഭാവമാണ് ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം കോർക്കിലെ സിറോ-മലബാർ സഭാ സമൂഹം അച്ചനില്‍ കണ്ടറിഞ്ഞത്.
നടപ്പിലും എടുപ്പിലും വര്‍ത്തമാനത്തിലും അച്ചന്‍ എല്ലാവര്‍ക്കും ഒരു പാഠമായിരുന്നു. പ്രത്യേകിച്ചും അച്ചന്റെ ജീവിതം പവിത്രമായ ഒരു പാഠപുസ്തകവുമായിരുന്നു.

അപാരമായ അറിവും ആഴപ്പെട്ട വിശ്വാസവും അനുപമായ ബോധ്യങ്ങളും നല്‍കി അച്ചന്‍ കോർക്കിലെ ദൈവജനത്തെ വിശ്വാസത്തില്‍ ബലപ്പെടുത്തി. ഒരേ സമയം വിശുദ്ധി ചൊരിയുന്ന വൈദികനും മുറിവുണക്കുന്ന വൈദ്യനുമായി ജിൽസനച്ചൻ ഈ സമൂഹത്തിൻ്റെ ശുശ്രൂഷകനായി. അച്ചന്റെ സാന്നിധ്യം എല്ലാവര്‍ക്കും ബലവും വാക്കുകള്‍ ആശ്വാസവുമായിരുന്നു.
ജിൽസനച്ചന്‍ പൂജ്യമായ അല്‍ത്താരയില്‍ പ്രാര്‍ത്‌ഥിച്ചൊരുങ്ങി അര്‍പ്പിച്ച ഓരോ ബലിയും വിശ്വാസ അനുഭവം പകരുന്നതായിരുന്നു. ആഴപ്പെട്ട അനുതാപത്തോടെ, അനുതപിക്കുന്ന പാപിയെപ്പോലെ ബലിയര്‍പ്പിക്കാം എന്ന ഉദ്‌ബോധനത്തോടെ അര്‍പ്പിക്കപ്പെട്ട ബലികളോരോന്നും അനുരഞ്ജനത്തിന്റെയും അനുതാപത്തിന്റെയും ശുശ്രൂഷയായിരുന്നു.
അങ്ങ് അള്‍ത്താരയില്‍ നടത്തിയെ വചനവിരുന്നുകള്‍ അറിവും ആനന്ദവും ആശ്വാസവും പുതിയ ബോധ്യങ്ങളും പകരുന്നതായിരുന്നു.
താപസന്റെ ലാളിത്യവും മിതവ്യയവും വ്രതമാക്കിയ അച്ചന്‍ ഓരോ വ്യക്തിയെയും കുടുംബത്തെയും ആഴത്തില്‍ അളന്നറിഞ്ഞു.

കോർക്ക് രൂപതാധ്യക്ഷൻ തന്നെ ഏൽപിച്ച വലിയ ഉത്തരവാദിത്വങ്ങൾ നിശബ്ദപ്രാര്‍ഥനകളോടെ കൃത്യമായി അച്ചൻ നിറവേറ്റി നമ്മുടെ സഭാസമൂഹത്തിന് പുത്തനുണർവ്വ് പകർന്നു നൽകി.
വേദപാഠക്ലാസുകളിലെന്നപോലെ കുടുംബക്കൂട്ടായ്മകളിലേക്കും, ആഘോഷങ്ങളിലേക്കും ഓടിയെത്തി നമ്മുടെ സമൂഹം ഒരുമയോടെ സഹവര്‍ത്തിത്വത്തില്‍ നിലകൊള്ളണമെന്ന ബോധ്യം അങ്ങ് പകര്‍ന്നുതന്നു.
എന്നും എപ്പോഴും എല്ലാവര്‍ക്കും സാമിപ്യനായിരുന്നു ജിൽസനച്ചൻ. എപ്പോള്‍ വേണമെങ്കിലും ആത്മീയകൂദാശകള്‍ എവിടെയും എത്തിച്ചുകൊടുക്കാനുള്ള ത്യാഗപൂര്‍ണമായ മനസ് അച്ചനിലുണ്ടായിരുന്നു. സ്നേഹം മാത്രമാണ് എന്ന നിലപാടില്‍ സമാധാനദൂതനെപ്പോലെ നമ്മുടെ സമൂഹത്തെ ഒറ്റ കൂട്ടായ്മയായി വളര്‍ത്തി. കഴിഞ്ഞ കാലത്തെ നന്‍മകളും ഇക്കാലത്തിന്റെ ബോധ്യങ്ങളും വരാനിരിക്കുന്ന മാറ്റങ്ങളും പ്രവാചകബോധ്യത്തോടെ അറിവനുഭവങ്ങളുടെ വെളിച്ചത്തില്‍ അച്ചന്‍ പകര്‍ന്നു തന്നു.

നമ്മുടെ യുവജനങ്ങളെ സ്നേഹത്തിലും ഐകൃത്തിലും ചേർത്ത് നിർത്തി, ചിരിച്ചും കളിച്ചും അവരുടെ വളർച്ചയിൽ അവരോടൊപ്പം ആയിരുന്നുകൊണ്ട് ദൈവമക്കളായി വളർന്നുവരുവാൻ അച്ചൻ സഹായിച്ചു. വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ മാത്രമല്ല നാളെകളില്‍ ഇവിടെയും നാട്ടിലും വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്.
ഒരാളെയും നൊമ്പരപ്പെടുത്താതെ എല്ലാവരിലും സമാധാനവും സ്‌നേഹവും സമ്മാനിച്ചാണ് അച്ചന്‍ പുതിയ കര്‍മ്മ മണ്ഡലത്തിലേക്ക് വഴി തിരിയുന്നത്. അങ്ങയുടെ ഓര്‍മ്മത്താളുകളിലും അനുദിന ബലിയര്‍പ്പണങ്ങളിലും തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് കോർക്കിലെ ദൈവജനത്തെ എക്കാലവും ചേര്‍ത്തുപിടിക്കണമെന്ന് അപേക്ഷിക്കുന്നു. ആത്മീയതയുടെ ഔന്നിത്യങ്ങളില്‍ നിലകൊണ്ട് ഇനിയുമേറെ വിശ്വാസികള്‍ക്ക് അങ്ങ് ബലവും ആശ്വാസവുമായിതീരാനും സഭയ്ക്ക് കരുതലാകാനും ഞങ്ങളുടെ ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍. ഉരുകിത്തീരുന്ന മെഴുതിരിയാണ് സമര്‍പ്പിതജീവിതം. കോക്കണ്ടത്തിൽ കുടുംബത്തിലെ പ്രിയപ്പെട്ട മകനായ അച്ചന്‍ ദൈവത്തിന്റെ വിളിയറിഞ്ഞ് ഇശോയില്‍ സമ്പൂര്‍ണസമര്‍പ്പിതനായി സഭയ്ക്കുവേണ്ടി ജീവിക്കുന്നു. അച്ചനിലെ ആത്മീയപ്രകാശം വരുംനാളുകളിലും അനേകര്‍ക്ക് ജീവിതവഴിയില്‍ വെളിച്ചമാകാന്‍ ഞങ്ങളുടെ പ്രാര്‍ഥനകള്‍.
വിശുദ്ധ മിഖായേല്‍ മാലാഖയുടെ കരുതലും പരിശുദ്ധ അമ്മയുടെ കടാക്ഷവും വിശുദ്ധ യൗസേപ്പിതാവിൻ്റെ കാവലും അച്ചനോപ്പമുണ്ടായിരിക്കട്ടെയെന്ന് കോർക്കിലെ ഈ സമൂഹമൊന്നാകെ പ്രാര്‍ഥിക്കുന്നു. അച്ചന്‍ ആഗ്രഹിക്കുന്ന ഉപഹാരവും പ്രാര്‍ഥനയാണെന്നറിയാം. കോർക്ക് സിറോമലബാർ സമൂഹത്തിൽ അങ്ങ് അര്‍പ്പിച്ച ധന്യമായ ശുശ്രൂഷകള്‍ക്കും ഉദ്‌ബോധനങ്ങള്‍ക്കും അതിലേറെ സ്നേഹത്തിനും ഏറെയേറെ നന്ദി.🙏🏼

കോർക്ക് സിറോ- മലബാർ ചർച്ച് കമ്യൂണിറ്റി,
പ്രതിനിധിയോഗാംഗങ്ങൾ , സെക്രട്ടറി, കൈക്കാരൻമാർ എന്നിവർക്കുവേണ്ടി,

Jaison Joseph PRO, SMCCC

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News