ഭാരതീയ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും തീരാകളങ്കമായിക്കൊണ്ട്, ക്രിസ്ത്യൻ മതവിശ്വാസികൾക്കും സ്ഥാപനങ്ങൾക്കും നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഒറീസയിലെ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദ്ദിക്കുകയും, നിർബന്ധിച്ച് ചാണകം തീറ്റിക്കുകയും ചെയ്ത അതിനീചമായ സംഭവം പരിഷ്കൃത സമൂഹത്തിന് ആകെ നാണക്കേടാണ്, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇതിന് പിന്നാലെ ക്ളറീഷ്യൻ സന്ന്യാസ സമൂഹത്തിന്റെ നാഗ്പൂരുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനു നേരെ നടന്ന അതിക്രമവും, സ്കൂൾ ചാപ്പലിലെ സക്രാരി തിരുവോസ്തിയടക്കം എടുത്തുകൊണ്ടുപോയതും ചാപ്പൽ അശുദ്ധമാക്കിയതും അത്യന്തം ഗൗരവകരമാണ്. വിദ്യ പകർന്നുനൽകുന്ന പാവനമായ ഇടങ്ങളായ കത്തോലിക്കാ സ്കൂളുകൾ തകർക്കുന്നതും, വൈദികരെയും കന്യാസ്ത്രീകളെയും ഭീഷണിപ്പെടുത്തുന്നതും ഗുണ്ടാരാജത്തിന് തുല്യമാണ്. ഭയമില്ലാതെ ജീവിക്കാനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുമുള്ള ഓരോ പൗരന്റെയും അവകാശത്തെ സംരക്ഷിക്കാൻ കഴിയാത്ത വിധം ഈ രാജ്യത്തെ നിയമസംവിധാനം ദുർബലമായിപ്പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ക്രമസമാധാനവും പൗരസ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ട പോലീസ് സംവിധാനങ്ങൾ വർഗീയ ശക്തികളുടെ കൈകളിലെ വെറും ഉപകരണം മാത്രമായി മാറുന്നത് ദൗർഭാഗ്യകരമാണ്.
പാസ്റ്ററെ ആക്രമിച്ചവർക്കെതിരെയും സ്കൂളുകൾ തകർത്തവർക്കെതിരെയും ഒത്തുതീർപ്പുകളില്ലാത്ത നിയമനടപടികൾ സ്വീകരിക്കുക.
സ്ഥാപനങ്ങൾക്ക് സുരക്ഷ: മതന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും മതിയായ പോലീസ് സംരക്ഷണം ഉറപ്പാക്കുക.
വർഗീയ വിഷം ചീറ്റുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ശക്തമായ അന്വേഷണം പ്രഖ്യാപിക്കുക.
The post ജനാധിപത്യ ഇന്ത്യക്ക് അപമാനം appeared first on Syro-Malabar News.