സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ സിനഡിൻ്റെ ഒന്നാം സമ്മേളനം 2026 ജനുവരി 7 നു സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിച്ചു. സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരിതെളിച്ചുകൊണ്ടു സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സീറോമലബാർ സഭയുടെ അജപാലന ക്രമീകരണങ്ങളിൽ സമീപകാലത്തുണ്ടായ വളർച്ച പ്രത്യേകിച്ച്, പന്ത്രണ്ട് രൂപതകളുടെ അതിർത്തികൾ പുനഃക്രമീകരിച്ചതും കേരളത്തിന് പുറത്ത് നാല് പുതിയ പ്രവിശ്യകൾ (Ecclesiastical Provinces) രൂപീകരിച്ചതും, ഗൾഫ് മേഖലയിൽ അപ്പസ്തോലിക വിസിറ്റേഷൻ ലഭിച്ചതും, നന്ദിയോടെ അനുസ്‌മരിച്ച മേജർ ആർച്ചുബിഷപ്പ് സീറോമലബാർ വിശ്വാസികളുടെ അജപാലനപരവും പ്രേഷിതപരവുമായ ആവശ്യങ്ങളോടുള്ള പ്രതികരണമെന്ന നിലയിലുള്ള ചരിത്രപരമായ നടപടികളായി അവയെ വിലയിരുത്തി. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയുമായി നടത്തിയ ഫലപ്രദമായ കൂടിക്കാഴ്ചയും, പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയം ഉൾപ്പെടെ വിവിധ വത്തിക്കാൻ കാര്യാലയങ്ങൾ സന്ദർശിച്ചതും അനുസ്മരിച്ച മേജർ ആർച്ചുബിഷപ്പ്, നമ്മുടെ സഭയുടെ പ്രേഷിത ആഭിമുഖ്യങ്ങളിലും പുരാതന പാരമ്പര്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും, പരിശുദ്ധ സിംഹാസനത്തിനുള്ള സന്തോഷം പ്രകടിപ്പിച്ചതും, സിനഡ് പിതാക്കന്മാരെ അറിയിച്ചു.

ഒരു സഭയെന്ന നിലയിൽ നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ കേവലം ഭരണപരമല്ല, മറിച്ച് ആഴത്തിലുള്ള ആത്മീയമാനമുള്ളവയാണെന്ന് തിരിച്ചറിയണമെന്നു മേജർ ആർച്ചുബിഷപ്പ് ഉദ്‌ഘാടന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കുടുംബങ്ങളുടെയും യുവാക്കളുടെയും ആവശ്യങ്ങളോട് പ്രതികരിക്കാൻ സഭയ്ക്ക് കഴിയണം. ആധുനിക ലോകത്തിന്റെ പ്രലോഭനങ്ങളിൽ പതറാതെ, സുവിശേഷ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്നത് നമ്മുടെ ദൗത്യമാണ്, മാർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു. നമ്മുടെ ഇടവകകൾ വെറും സ്ഥാപനങ്ങളായി മാറരുത്, മറിച്ച്, അവ വിശ്വാസത്തിന്റെ സജീവമായ കൂട്ടായ്മകളാകണം. ഓരോ വിശ്വാസിക്കും തങ്ങൾ സഭയുടെ അവിഭാജ്യ ഘടകമാണെന്ന ബോധ്യം ഉണ്ടാകണം. ഇതിനായി വൈദികരും സന്യസ്തരും അല്മായരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ് മേജർ ആർച്ചുബിഷപ്പ് പറഞ്ഞു. സിനഡാലിറ്റി (Synodality) എന്നത് വെറുമൊരു വാക്കല്ല, മറിച്ച് അത് സഭയുടെ പ്രായോഗിക ജീവിതരീതിയായി മാറണമെന്നും, മാർ റാഫേൽ തട്ടിൽ പിതാവ് സിനഡ് പിതാക്കന്മാരോട് ആഹ്വാനം ചെയ്തു.

2026-ൽ സീറോമലബാർസഭ ആചരിക്കുന്ന ‘സാമുദായിക ശാക്തീകരണ വർഷം’ (Year of Community Empowerment) കാലോചിതവും പ്രവാചകതുല്യവുമാണെന്ന് പറഞ്ഞ മേജർ ആർച്ചുബിഷപ് സാമൂഹികം, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം തുടങ്ങിയ കാരണങ്ങളാൽ പിന്നിലാക്കപ്പെട്ട സഭാംഗംങ്ങളുടെ യഥാർത്ഥ അവസ്ഥകളെ സത്യസന്ധമായും അനുകമ്പയോടെയും നോക്കിക്കാണാൻ ഇത് ക്ഷണിക്കുന്നു എന്ന് കൂട്ടിച്ചേർത്തു. സാമുദായിക ശാക്തീകരണം എന്നത് കേവലം ഒരു പരിപാടിയോ മുദ്രാവാക്യമോ അല്ല; അത് സുവിശേഷത്തിൽ നിന്ന് തന്നെ ഉത്ഭവിക്കുന്ന ഒരു സഭാപരമായ പ്രതിബദ്ധതയാണ്. കൂട്ടായ്മയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, മുറിവേറ്റയിടങ്ങളിൽ അന്തസ്സ് പുനഃസ്ഥാപിക്കാനും, നമ്മുടെ സഭാകുടുംബത്തിലെ ഒരു അംഗവും ഒഴിവാക്കപ്പെട്ടവരോ കേൾക്കപ്പെടാത്തവരോ ആയി തോന്നുന്നില്ലെന്ന് ഉറപ്പാക്കാനും ഇത് നമ്മെ ക്ഷണിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ പിതാവ് ഓർമ്മിപ്പിച്ചു.

നമ്മുടെ സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നത് പാർശ്വവൽക്കരിക്കപ്പെട്ടവരോടും നിശബ്ദരാക്കപ്പെട്ടവരോടും പുറമ്പോക്കുകളിൽ കഴിയുന്നവരോടും നാം എങ്ങനെ കരുണ കാണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ദരിദ്രർ, കുടിയേറ്റക്കാർ, കഷ്ടപ്പെടുന്ന കുടുംബങ്ങൾ, കുടിയൊഴിപ്പിക്കപ്പെട്ട വിശ്വാസികൾ, അനീതിയാൽ മുറിവേറ്റവർ എന്നിവരോടുള്ള നമ്മുടെ കരുതൽ, അജപാലനപരമായ മുൻഗണനകളിലും തീരുമാനങ്ങളിലും പ്രായോഗികമായി പ്രകടമാകുന്ന ഒരു വർഷമായി 2026 മാറണം, മേജർ ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു. 2026 ജനുവരി 7 നു ആരംഭിച്ച സീറോമലബാർ മെത്രാന്മാരുടെ സിനഡ്, ജനുവരി 10 ശനിയാഴ്ച വൈകിട്ട് സമാപിക്കും. ഇന്ത്യക്കകത്തും, വിദേശത്തുമുള്ള 55 മെത്രാന്മാരാണ് സിനഡിൽ സംബന്ധിക്കുന്നത്.

The post ‘സീറോമലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു’. appeared first on Syro-Malabar News.