കാക്കനാട്: സീറോമലബാർസഭയുടെ സമർപ്പിതർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ 2026 മെയ് 25 നു രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം സംഘടിപ്പിച്ചു. സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് മുഖ്യപ്രഭാഷണം നടത്തി. ഓരോ ജൂബിലിയും കടന്നുപോയ വഴികളിൽ ലഭിച്ച ദൈവാനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയാനും, വർദ്ധിത ധൈര്യത്തോടെയും ശക്തിയോടെയും മുന്നോട്ട് പ്രയാണം ചെയ്യാനുമുള്ള അവസരമാണെന്ന് മേജർ ആർച്ചുബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ആത്മീയ രംഗത്തും സാമൂഹിക-ആതുരസേവന മേഖലകളിലും സന്യാസിനികൾ ചെയ്യുന്ന ശുശ്രൂഷകൾ വിലമതിക്കാനാവാത്തതാണെന്ന് മേജർ ആർച്ചുബിഷപ്പ് അനുസ്മരിച്ചു. പ്രതിസന്ധികളിൽ തളരാതെ, പ്രതിഫലേശ്ച കൂടാതെ ശുശ്രൂഷകൾ തുടരാൻ വേറോനിക്കാ പുണ്യവതി ഈശോയ്ക്ക് നൽകിയ ആശ്വാസം മാതൃകയാക്കണമെന്നും പിതാവ് ആഹ്വാനം ചെയ്തു.

മെയ് 25 നു രാവിലെ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വി. കുർബാനയർപ്പണം നടന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് അദ്ധ്യക്ഷത വഹിച്ചു. മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാന്സലർ ഫാ. അബ്രാഹം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്., ഓഫീസ് സെക്രട്ടറി സി. ജെസ്സി മരിയ ഓ.പി. എന്നിവരും ആശംസകളർപ്പിച്ചു സംസാരിച്ചു. വിവിധ സന്ന്യാസിനീ സമൂഹങ്ങളിൽ നിന്നായി നൂറിലധികം സിസ്റ്റേഴ്സ് ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. ഉച്ചഭക്ഷണത്തോടെ ജൂബിലി സംഗമം സമാപിച്ചു.

The post രജതജൂബിലി ആഘോഷിക്കുന്ന സന്ന്യാസിനികളുടെ സംഗമം appeared first on Syro-Malabar News.