കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും സീറോമലബാർ സഭയുടെ കാറ്റെക്കെറ്റിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ പിതാവിനെ അന്താരാഷ്ട്ര കാറ്റെക്കെറ്റിക്കൽ കൗൺസിലിൽ (ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ) അംഗമായി നിയമിച്ചു. പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ അംഗീകാരത്തോടെ സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയമാണ് നിയമനം നടത്തിയിരിക്കുന്നത്. അഞ്ചു വർഷത്തേക്കാണ് നിയമനം.
സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ, ആഗോളസഭയുടെ വിശ്വാസപരിശീലന ദൗത്യത്തിന് ആവശ്യമായ പഠനങ്ങൾ, മാർഗനിർദേശങ്ങൾ, നയപരമായ ശുപാർശകൾ എന്നിവ രൂപപ്പെടുത്തുന്നതിനും, വിശ്വാസപരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സമിതിയാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മെത്രാന്മാരും വൈദികരും മതബോധനരംഗത്തെ വിദഗ്ധരുമാണ് കൗൺസിലിലെ അംഗങ്ങൾ.
2016 ഇൽ കാഞ്ഞിരപ്പള്ളി രൂപതയുടെ സഹായമെത്രാനായും 2020 ഇൽ മെത്രാനായും ചുമതലയേറ്റ മാർ ജോസ് പുളിക്കൽ 2024 മുതലാണ് സീറോമലബാർസഭയുടെ വിശ്വാസപരിശീലന കമ്മീഷൻ ചെയർ മാനായി നിയമിതനായത്. 2026 ഫെബ്രുവരി മാസത്തിൽ മനിലയിൽ സംഘടിപ്പിച്ച ഏഷ്യയിലെ കത്തോലിക്കാ മെത്രാൻസമിതിയുടെ വിശ്വാസപരിശീലന വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിൽ മാർ ജോസ് പുളിക്കൽ പങ്കെടുക്കുകയും സീറോമലബാർസഭയുടെ വിശ്വാസപരിശീലന പ്രവർത്തനങ്ങളും വിശ്വാസപരിശീലന രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിശ്വാസപരിശീലന രംഗത്തെ മാർ ജോസ് പുളിക്കൽ പിതാവിന്റെ മികവുറ്റ നേതൃത്വത്തിനും സംഭവനകൾക്കും ലഭിച്ച അന്തർദേശീയ അംഗീകാരമാണ് ഈ നിയമനം. സാർവത്രികസഭയുടെ മതബോധന ദൗത്യത്തിൽ സീറോമലബാർസഭയുടെ വിശ്വാസപരിശീലന പാരമ്പര്യം കൂടുതൽ ഫലപ്രദമായി പങ്കുവയ്ക്കുന്നതിനുള്ള അവസരമാണ് ഈ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നത്.
The post മാർ ജോസ് പുളിക്കൽ ഇന്റർനാഷണൽ കാറ്റെക്കെറ്റിക്കൽ കൗൺസിൽ അംഗം appeared first on Syro-Malabar News.