ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ മലയോര മേഖല സംബന്ധിച്ച 36 പ്രധാന പ്രതിസന്ധികൾ കണ്ടെത്തി യതിന്റെ അടിസ്ഥാനത്തിൽ വനം – വന്യജീവി, റവന്യൂ, ടൂറിസം, തദ്ദേശ-സ്വയംഭരണം, കൃഷി, പരിസ്ഥിതി, പൊതു വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ദുരന്തനിവാരണം എന്നീ 9 വകുപ്പുകൾ വഴി നടപ്പിലാക്കേണ്ട 25 സുപ്രധാന ശുപാർശകൾ നൽകിയിരിക്കുന്നു. തെക്ക് അമ്പൂരി മുതൽ വടക്ക് ബദിയടുക്ക വരെ നീണ്ടുകിടക്കുന്ന സംസ്ഥാനത്തിന്റെ പശ്ചിമഘട്ടത്തിലെ ജനജീവിതം വന്യജീവി ആക്രമണം, ഭൂനിയമങ്ങൾ , വനം -വന്യജീവി സംരക്ഷണനിയമം, വിവിധ പരിസ്ഥിതിനിയമങ്ങൾ, നിർമ്മാണനിരോധനം, ഉപാധികളോടെ ഉള്ള പട്ടയം തുടങ്ങിയ കാരണങ്ങളാൽ പ്രതിസന്ധിയിൽ ആയിരിക്കുന്നതിന്റെ കൃത്യമായ വിശദീകരണവും പരിഹാരവും റിപ്പോർട്ടിൽ ഉണ്ട്.
വന്യജീവി ആക്രമണംമൂലം വർഷംതോറും ശരാശരി നൂറ് എന്ന നിരക്കിൽ ആളുകൾ കൊല്ലപ്പെടുകയും അതിന്റെ അനേകം ഇരട്ടി ആളുകൾക്ക് മാരകമായി പരിക്കേൽക്കുകയും അനേകകോടി രൂപയ്ക്കുള്ള വിള നാശവും ഗതാഗതം, ടൂറിസം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രവർത്തനങ്ങൾക്ക് തടസ്സങ്ങളും ഉണ്ടാക്കുമ്പോൾ വന്യജീവി ആക്രമണ ലഘൂകരണത്തിന് നിലവിലുള്ള നിയമംപോലും ഉപയോഗിക്കാൻ വനംവകുപ്പോ സർക്കാരോ തയ്യാറാകുന്നില്ല. അനാവശ്യ നിയന്ത്രണങ്ങളും കരിനിയമങ്ങളും ഒഴിവാക്കി പ്രാദേശികമായി തൊഴിൽ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ഭീതി കൂടാതെയുള്ള ജന ജീവിതത്തിനും സാഹചര്യം സൃഷ്ടിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. വനാതിർത്തിയിലെ റവന്യൂ ഭൂമിയിൽ പോലും നിർമാണങ്ങൾ നടത്തുവാനോ തൊഴിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുവാനോ കഴിയാത്ത രീതിയിലുള്ള ഭൂ-റവന്യൂ നിയമങ്ങൾ തിരുത്തുവാനും വനാതിർത്തിക്കു പുറത്ത് വന്യജീവി ഭീതി കൂടാതെ മനുഷ്യന് ജീവിക്കുവാൻ നിയമപരിരക്ഷയോടെ സാഹചര്യമൊരുക്കണമെന്നും ഈ റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ) നിയമത്തിൽ മുൻകാല പ്രാബല്യത്തോടെ 2020 ൽ കൊണ്ടുവന്ന ഭേദഗതികളും EFL ആക്ട് 2003 ഉം പിൻവലിക്കണമെന്നും 1-1-1997- ന് മുൻപുള്ള കുടിയേറ്റ ഭൂമിക്ക് ഉപാധിരഹിത പട്ടയം നൽകണമെന്നും റവന്യൂ, ഫോറസ്റ്റ് സംയുക്ത വെരിഫിക്കേഷൻ നടത്തി വനാതിർത്തി വേർതിരിക്കണമെന്നും വന്യജീവി സങ്കേതങ്ങൾ ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റുമായി കണക്കാക്കിയിരിക്കുന്ന പരിസ്ഥിതി സംവേദക മേഖല (ESZ) ജനവാസ മേഖലയിലേക്കും കൃഷി ഭൂമിയിലേക്കും ഇറക്കി വ്യാപിപ്പിക്കരുതെന്നും ശുപാർശ ചെയ്യുന്നതോടൊപ്പം EFL ആക്ട് 2003 പ്രകാരം 34000 ഏക്കർ കൃഷിയും ഏറ്റെടുത്ത് വനമാക്കിയ നടപടി പുനർ പരിശോധിക്കുകയോ ഏറ്റെടുത്ത ഭൂമിക്ക് ദേശീയ നഷ്ടപരിഹാര നിയമമനുസരിച്ചുള്ള നഷ്ടപരിഹാരങ്ങൾ നൽകുകയോ ചെയ്യണമെന്നും ശുപാർശകൾ നൽകിയിട്ടുണ്ട്.
വന്യജീവി ആക്രമണം തടയുന്നതിന് നിലവിലുള്ള നിയമത്തിലെ സെക്ഷൻ 62 ; 11/b ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയും കൃഷിയിടത്തിലും ജനവാസ മേഖലയിലും കടക്കുന്ന ജീവികളെ തുരത്തുന്നതിനും വംശനാശഭീഷണി നേരിടാത്തവയെ കൊല്ലുന്നതിനും അനുവാദം നൽകുന്നതോടൊപ്പം വന്യജീവികൾ വനത്തിന് പുറത്തു കടക്കാതിരിക്കാൻ ആധുനിക സങ്കേതങ്ങളോടെയുള്ള ഫലപ്രദമായ മാർഗങ്ങൾ അവലംബിക്കണം. കർഷകന് കൃഷിയിടത്തിലെ വിവേചനാവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്ന ഭൂ നിയമങ്ങളും വനം പരിസ്ഥിതി നിയമങ്ങളും ഭേദഗതി ചെയ്ത് കർഷകന്റെ സാമ്പത്തികസ്ഥിതിയും തൊഴിലവസരങ്ങളും ഭാവി വികസനവും ഉറപ്പുവരുത്തണം. വന്യജീവി നഷ്ടപരിഹാര ക്ലെയിംസ് ട്രൈബണൽ രൂപീകരിക്കണം. സംസ്ഥാന സർക്കാർ 1972 ലും 2003ലും 2020 ലും കൊണ്ടുവന്ന കരിനിയമങ്ങൾ പിൻവലിക്കണം.
വന്യജീവികളുടെ എണ്ണം വനത്തിന്റെ വാഹകശേഷിക്ക് അനുസരണമായി നിയന്ത്രിക്കുക, നിർമ്മാണ നിരോധനം ഉൾപ്പെടെയുള്ള നിയമങ്ങൾ പിൻവലിച്ച് കർഷകന് നൽകിയ പട്ടയം ഉപാധിരഹിതമാക്കുക, ജനസാന്ദ്രതയിലെ കുറവ് പരിഗണിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ നിലനിർത്തുകയും മലയോര കലാലയങ്ങളിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കുകയും ടൂറിസത്തിന് പ്രോത്സാഹനം നൽകുകയും അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമായിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കി തൊഴിലിടങ്ങൾ, വ്യവസായങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ സാംസ്കാരിക ആരോഗ്യ വിനോദ സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ശിപാർശകളും കമ്മീഷൻ നൽകിയിട്ടുണ്ട്. വനംവകുപ്പ് തദ്ദേശീയർക്കെതിരെ വ്യാപകമായി കടുത്ത വകുപ്പുകൾ ചേർത്ത് അനാവശ്യ കേസുകൾ എടുക്കുന്നത് തടയുന്നതിന്റെ ഭാഗമായി കോടതി ഉത്തരവുമായി മാത്രമേ വനം കേസുകളുടെ പേരിൽ കർഷകരെ അറസ്റ്റ് ചെയ്യാവൂ എന്നും സ്ഥിരം കുറ്റവാളികൾ അല്ലാത്തവർക്ക് ജാമ്യം ലഭിക്കുവാൻ സാഹചര്യമൊരുക്കണമെന്നും കൃഷിഭൂമിയിൽ കൃഷി ചെയ്യുന്നതിനും വീടുവയ്ക്കുന്നതും കിണർ കുഴിക്കുന്നതും തൊഴുത്ത് കെട്ടുക. ഷെഡ്ഡ് കെട്ടുക, ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും നടത്തുക, തൊഴിൽശാലകൾ കെട്ടുക തുടങ്ങിയവയൊന്നും വനത്തിന്റെ പേരിൽ നിരോധിക്കാൻ പാടില്ലെന്നും ദുരന്ത നിവാരണ നിയമത്തിന്റെ പേരിൽ നിയമപ്രകാരം കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും മതിയായ നഷ്ടപരിഹാരം നൽകാതെ നിഷ്കാസനം ചെയ്യുന്നത് ഒഴിവാക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം മലയോര മേഖലയിലെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക തൊഴിൽ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി പൊതുവായി നൽകിയിട്ടുള്ള ശിപാർശകളും നടപ്പിലാക്കേണ്ടതുണ്ട്.
The post മലയോര മേഖല സംബന്ധിച്ച് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ appeared first on Syro-Malabar News.