ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പൊതുവായ പ്രശ്നങ്ങളെ വിശദമായി അവതരിപ്പിക്കുന്ന ഭാഗമാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൻ്റെ 2-ാം അധ്യായം. ഇവിടെ 59 ഖണ്ഡികകളിലൂടെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. ഇരുന്നൂറിൽപരം വർഷങ്ങളായുള്ള ക്രിസ്തീയ വിദ്യാഭ്യാസ സംഭാവനകൾ കമ്മീഷൻ എടുത്തുപറയുന്നു കൂടാതെ ഈ രംഗത്തെ ബുദ്ധിമുട്ടുകളും വിവരിക്കുന്നു.
പുതിയ നിയമങ്ങളും ആ നിയമങ്ങളുടെ പിൻബലത്തിൽ രൂപപ്പെടുത്തിയ ചട്ടങ്ങളും നിലവിൽ വന്നതിനുശേഷം വിദ്യാലയങ്ങൾ ഉചിതമായ രീതിയിൽ നടത്തിക്കൊണ്ടു പോകാൻ സാധിക്കാത്ത ഒരു സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞിട്ടുണ്ട് എന്ന് കമ്മീഷന് ബോധ്യപ്പെട്ടിരിക്കുന്നു. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം ഒന്നുംതന്നെ നൽകാത്തതും ചില പ്രദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പത്താം ക്ലാസ് കഴിഞ്ഞാൽ ഉപരിപഠനം സാധ്യമല്ലാതെ വരുന്നതും ഏകജാലകം എന്ന അഡ്മിഷൻ രീതി നടപ്പിൽ വന്നതു വഴി ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കുന്നു എന്നതും സംവരണം ലഭ്യമല്ലാത്തതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പല വിദ്യാർത്ഥികളും പിന്തള്ളപ്പെടുന്നു എന്ന യാഥാർത്ഥ്യവും കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു.
ക്രിസ്ത്യാനികൾക്ക് മുസ്ലിം ജനവിഭാഗങ്ങൾക്ക് ലഭിക്കുന്ന തോതിനനുസൃതമായ പ്രാതിനിധ്യം ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ ഇല്ലെന്ന് കമ്മിഷൻ തിരിച്ചറിയുകയും കണക്കുകൾ സഹിതം വ്യക്തമായി എഴുതുകയും ചെയ്തിട്ടുണ്ട്. തീരദേശത്തും മലയോര പ്രദേശങ്ങളിലും ഉള്ള കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കാത്തതും പൊതുപരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രങ്ങൾ ക്രൈസ്തവ ന്യൂനപക്ഷ മേഖലകളിൽ ഇല്ലാത്തതും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആവർത്തന ചെലവിനായും മൂലധന ബാധ്യതയുടെ നിശ്ചിത ശതമാനമായും സർക്കാർ ന്യായമായും നൽകേണ്ട ഗ്രാന്റിന്റെ അഭാവവും ആശങ്കയോടെ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനയുടെ അനുഛേദങ്ങൾ 26 – 30 എടുത്തുപറഞ്ഞുകൊണ്ട് ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു.

പൊതുയോഗ്യതാ പരീക്ഷകൾ പാസാകുന്നതിന് ആവശ്യമായ മാർക്ക് എല്ലാ സമുദായത്തിനും തുല്യമായിരിക്കണം, ഇവയിലെ വിജയനിർണയം ജാതിമത പരിഗണക്കതീതമായാണ് നിശ്ചയിക്കപ്പെടേണ്ടത് കാരണം അത് അറിവിന്റെ അളവ് സൂചികയാണ് എന്ന് ശരിയായി ചൂണ്ടിക്കാണിച്ച കമ്മീഷൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റ് ഉദ്ധരിച്ചുകൊണ്ട് മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ലഭ്യമാകുന്ന ക്ഷേമ പദ്ധതികളിലെ വിവേചനത്തെക്കുറിച്ച് വിശദമായി കമ്മീഷൻ പ്രതിപാദിക്കുന്നു. ഇത് ആശാസ്യമല്ല ജനസംഖ്യാ അടിസ്ഥാനത്തിൽ അവ വിതരണം ചെയ്യേണ്ടതാണ് എന്നും പറയുന്നു. പരിശീലന കേന്ദ്രങ്ങൾ, സ്കോളർഷിപ്പുകൾ, ലോണുകൾ എന്നിവ ക്രൈസ്തവർക്കു കൂടുതൽ ലഭ്യമാക്കണം.
ക്രിസ്ത്യൻ ഹയർസെക്കൻഡറി സ്കൂളുകളിലും കോളേജുകളിലും മാനേജ്മെൻറ് ക്വോട്ടയും കമ്മ്യൂണിറ്റി ക്വോട്ടയും കൂടുതലായി അനുവദിക്കണം. ഇത് ആ സമുദായത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അധികമായി പ്രവേശനം ലഭിക്കുവാൻ അവസരം നൽകും. വിവിധ സ്കോളർഷിപ്പുകളുടെ കുടുംബ വരുമാന പരിധി പുനരാലോചിക്കുകയും പുതിയ രീതിയിൽ നിശ്ചയിക്കുകയും ചെയ്യണം. SC/ST സംവരണത്തിൽ ആരെയും കിട്ടാത്ത സാഹചര്യം ഉള്ളപ്പോൾ SCCC വിഭാഗത്തിൽപ്പെടുന്ന ആളുകളെ പരിഗണിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നത് നടപ്പിലായാൽ പ്രസ്തുത സമൂഹത്തിന് വലിയ ആശ്വാസമായിരിക്കും. സ്പെഷ്യൽ സ്കൂളുകൾ മൊത്തമായി തന്നെ സർക്കാർ ഏറ്റെടുക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.
തൊഴിൽ മേഖലയെ കുറിച്ചും കമ്മീഷൻ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പ്രൊഫഷണൽ വിദ്യാഭ്യാസം ലഭിച്ച ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിന് ആവശ്യമായ വ്യക്തിഗത /ഗ്രൂപ്പ് ലോണുകൾ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന് കീഴിൽ നടപ്പിലാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെടുന്നു. ക്ഷേമപെൻഷനുകൾ, ജീവനക്കാരുടെ നിയമനങ്ങൾ, ക്ഷേമനിധികൾ, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം പോലെയുള്ള കേന്ദ്രസർക്കാരിൻ്റെ നേരിട്ടുള്ള പദ്ധതികൾ ക്രൈസ്തവ മേഖലകളിലും തുല്യ പരിഗണന നൽകുന്നതിലെ വീഴ്ച എന്നിങ്ങനെയുള്ള വിവേചനപരമായ സർക്കാർ നടപടികളെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത് ക്രൈസ്തവ സമൂഹം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുള്ള കമ്മീഷന്റെ ബോധ്യമാണ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സർക്കാർ നിയമഭേദഗതിയിലെ അനൗചിത്യം കമ്മീഷൻ ചൂണ്ടിക്കാണിക്കുകയും നിയമസഭയുടെ പരിഗണനയിൽ വരേണ്ട വിഷയം സർക്കാർ ഉചിതമായി പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യണമെന്ന ശുപാർശയും നൽകുന്നു. സംവരണ വിഭാഗങ്ങൾ ക്കുള്ള ആനുകൂല്യങ്ങൾ നിശ്ചയിക്കുന്ന കമ്മീഷനുകളുടെ പേരുകൾ പോലും ഭേദഗതി ചെയ്യണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.
സംവരണേതര വിഭാഗങ്ങളെ മുന്നോക്ക വിഭാഗങ്ങൾ എന്ന് വിളിക്കുന്നത് യുക്തിരഹിതമാണ് എന്ന് കമ്മീഷൻ സ്ഥാപിക്കുന്നു. ന്യൂനപക്ഷ കമ്മീഷൻ, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, ന്യൂനപക്ഷ ക്ഷേമസമിതികൾ എന്നിവയുടെ ഭരണനിർവഹണത്തിൽ ക്രൈസ്തവർക്ക് ആനുപാതിക പ്രാധിനിധൃം നൽകണമെന്ന് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ചർച്ചകൾക്ക് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കൊപ്പം CHAI പോലുള്ള ക്രൈസ്തവ അസോസിയേഷനുകൾക്ക് അർഹമായ പ്രാധാന്യം നൽകേണ്ടതുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ പ്രാതിനിധൃവും ഉണ്ടാകണം. ഓർഫനേജ് കൺട്രോൾ ബോർഡിൻ്റെ അധ്യക്ഷനായി റൊട്ടേഷനിൽ ക്രൈസ്തവരെയും നിയമിക്കണം. ക്രൈസ്തവ വിശ്വാസം, ആചാരങ്ങൾ എന്നിവയെ അവഹേളിക്കുന്ന ഉള്ളടക്കങ്ങൾ ഉള്ള ചലച്ചിത്ര നിർമ്മാണം, പ്രസിദ്ധീകരണങ്ങൾ എന്നിവയ്ക്കെതിരെ വിശ്വാസികൾ പരാതിപ്പെടുമ്പോൾ സത്വരമായ നടപടികൾ സ്വീകരിക്കുവാൻ സംവിധാനങ്ങൾ ഉണ്ടാകണം. പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുന്ന കേന്ദ്രങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ പോലീസ് സംവിധാനം ജാഗ്രത പുലർത്തേണ്ടതാണ് എന്ന് കമ്മീഷൻ പറയുന്നു. അണിയറയിൽ ഒരുങ്ങുന്ന ചർച്ച് ബിൽ കേരള മാരേജ് രജിസ്ട്രേഷൻ ബിൽ എന്നിവയുടെ യുക്തി ഇല്ലായ്മയെയും അനീതിയെയും കുറിച്ചും കമ്മീഷൻ പ്രതിപാദിക്കുന്നുണ്ട്. ക്രൈസ്തവ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും ഉള്ള പട്ടയാവകാശം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ദൂരീകരിക്കേണ്ടതുണ്ട്.ഭൂമിയുടെ അവകാശത്തെ പറ്റിയുള്ള ബുദ്ധിമുട്ടുകളും, സെമിത്തേരികൾക്ക് അനുവാദം ലഭിക്കുന്നതിനുള്ള പ്രയാസങ്ങളും, ക്രൈസ്തവ കലാരൂപങ്ങളെ സംരക്ഷിക്കുവാനുള്ള നടപടികൾ തുടങ്ങി സർക്കാർ ശ്രദ്ധ നൽകേണ്ട മേഖലകളെ കുറിച്ചെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുള്ള റിപ്പോർട്ട് ആണ് ഇത്.
ഈ ഡബ്ല്യു എസ് മാനദണ്ഡങ്ങൾ പുനർനിർണിക്കേണ്ട ആവശ്യകതയെ കുറിച്ച് വിശദമായി തന്നെ കമ്മീഷൻ വിവരിച്ചിരിക്കുന്നു. ഇ ഡബ്ല്യു എസ് റിസർവേഷൻ വിപുലമാക്കേണ്ട മേഖലകളെക്കുറിച്ചും കമ്മീഷൻ പറയുന്നുണ്ട്. ഇങ്ങനെ സീറോമലബാർ സമുദായ അംഗങ്ങൾ അനുഭവിക്കുന്ന വിവിധങ്ങളായ വിവേചനങ്ങളെക്കുറിച്ചും സമുദായത്തിന് ലഭിക്കേണ്ട നിരവധിയായ ആനുകൂല്യങ്ങളെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്ന കമ്മീഷനെ എത്ര ശ്ലാഘിച്ചാലും മതി വരില്ല. സമുദായ ശക്തികരണത്തിന് ക്ഷേമം ഉറപ്പാക്കേണ്ടതുണ്ട്. കമ്മീഷൻ പറഞ്ഞിരിക്കുന്ന ഓരോ വിഷയവും പ്രത്യേകമായി സമുദായ അംഗങ്ങൾ പഠന വിധേയമാക്കേണ്ടതും എങ്ങനെയാണ് സമുദായം ഈ വിഷയങ്ങളെ ഇനിയുള്ള നാളുകളിൽ കൈകാര്യം ചെയ്യേണ്ടതും എന്ന് ഗഹനമായി ചിന്തിക്കുകയും നയരൂപീകരണം നടത്തുകയും ചെയ്യേണ്ടതുണ്ട്.
The post ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്: വിദ്യാഭ്യാസ, ന്യുനപക്ഷ, സംവരണ വിഷയങ്ങൾ appeared first on Syro-Malabar News.