ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവരെയും, ക്രിസ്തുമസ് ആഘോഷങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളും ഭീഷണികളും തടസ്സപ്പെടുത്തലുകളും വർധിച്ചുവരുന്നുവെന്ന വാർത്തകൾ അതീവ ആശങ്കാജനകമാണ്. ചില തീവ്ര മത-സാമുദായിക സംഘടനകൾ നടത്തുന്ന ഈ അക്രമങ്ങളും അസഹിഷ്ണുതയും ഇന്ത്യയുടെ ബഹുസ്വരമായ സാംസ്കാരത്തിനും, മതനിരപേക്ഷമായ ആത്മാവിനും എതിരെയുള്ള വെല്ലുവിളിയാണ്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നതും ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിരപരാധികളായ വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാജ്യത്തിന് യോജിച്ചതല്ല. ഇന്ത്യയുടെ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യവും വിശ്വാസം അനുഷ്ഠിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നുണ്ടു.

മതത്തിന്റെ പേരിൽ അക്രമം പ്രചരിപ്പിക്കുന്നവർക്കും അസഹിഷ്ണുത വളർത്തുന്നവർക്കുമെതിരേ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. അതോടൊപ്പം, നിയമം കയ്യിലെടുക്കുന്ന എല്ലാ മത -തീവ്രവാദ പ്രവണതകളെയും കർശനമായി നിയന്ത്രിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും ഓർമ്മിപ്പിക്കുന്നു. എല്ലാ പൗരന്മാർക്കും ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുകയും ഭയംകൂടാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യണം. മതപരമായ ആഘോഷങ്ങൾ സമാധാനപരമായി നടത്താൻ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഉള്ള വേർതിരിവില്ലാതെ എല്ലാവര്ക്കും തുല്യമായ അവകാശമുണ്ട്. മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കുന്ന എല്ലാ ശ്രമങ്ങളെയും രാജ്യം ഒരുമിച്ച് ചെറുക്കേണ്ട സമയമാണിത്.

ലോകത്തിനു നന്മമാത്രം നൽകികൊണ്ട് ചരിത്രത്തിൽ അവതരിച്ച ഈശോ മിശിഹായുടെ ജനനത്തിരുനാൾ സമാധാനപൂർവം ആഘോഷിക്കുന്നതിനിടയിൽ വിശ്വാസത്തിനുവേണ്ടി അപമാനിക്കപ്പെടുകയും കൈയ്യേറ്റം ചെയ്യപ്പെടുകയും ചെയ്ത എല്ലാവരോടുമുള്ള ഐക്യ ദാർഢ്യം മേജർ ആർച്ചുബിഷപ്പ് പ്രകടമാക്കി. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും കിരാത വാഴ്ച്ചക്കുമുൻപിൽ സ്നേഹവും സമാധാനവും പങ്കുവയ്ക്കാനുള്ള ആത്മീയമായ ശക്തി എല്ലാവർക്കും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്നും മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.

ന്യായീകരിക്കാനാവാത്തതും ഒരിക്കലും അംഗീകരിക്കാനാവാത്തതുമായ ഈ വിദ്വേഷ പ്രകടനനങ്ങൾക്കുമുന്പിൽ സുവിശേഷ ധീരതയോടെ മത സൗഹാർദം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും മേജർ ആർച്ചുബിഷപ്പ് ആഹ്വാനം ചെയ്തു.

The post ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും ക്രിസ്തുമസ് ആഘോഷങ്ങളോടുള്ള അസഹിഷ്ണുതയും അപലപനീയം: മാർ റാഫേൽ തട്ടിൽ appeared first on Syro-Malabar News.