കണ്ണാടി നോക്കുന്ന സമയമാണ് നോമ്പ്. നാം എന്തായിരിക്കുന്നുവോ അത് കണ്ടെത്താനും തിരിച്ചറിയാനുമുളള കാലം. ആടകളും ആഭരണങ്ങളും അഴിച്ചുവച്ച് സ്‌നാനഘട്ടത്തിലേക്ക് സുതാര്യതയോടെ ഇറങ്ങിച്ചെല്ലാനുള്ള അവസരം. ഉപവാസം, പ്രാര്‍ഥന, ദാനധര്‍മ്മം… നോമ്പനുഷ്ഠാനങ്ങളെ ഇങ്ങനെ പലതരത്തില്‍ നാം ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. അതൊന്നും അതില്‍ത്തന്നെ തെറ്റല്ല. പക്ഷേ അതിനൊപ്പം ഒന്നുകൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. അതാണ് അവനവനെ കണ്ടെത്തുക. സ്വന്തം വീഴ്ചകള്‍, പരിമിതികള്‍, അതോടൊപ്പം സാധ്യതകളും.

ദൈവത്തോടും മനുഷ്യരോടും ഏതൊക്കെയോ തരത്തില്‍ അകന്നുപോയതിന് പ്രായശ്ചിത്തമായി ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധപുന:സ്ഥാപനം നോമ്പിന്റെ അനിവാര്യതയും അനിഷേധ്യതയുമാകുമ്പോഴും ഓരോ നോമ്പ് വേളയിലും നമുക്ക് നമ്മെത്തന്നെ എത്രത്തോളം കണ്ടെത്താനും തിരുത്താനും കഴിയുന്നുണ്ട് എന്നത് അവഗണിക്കാവുന്ന ചോദ്യമല്ല. നാല്പതുരാവും നാല്പതുപകലും ക്രിസ്തു ഉപവസിച്ചുവെന്ന് പാരമ്പര്യം വിശ്വസിക്കുമ്പോള്‍ ക്രിസ്തുവിന് ഒരു തരത്തിലുള്ള ബന്ധത്തകര്‍ച്ചയും ഉണ്ടായിരുന്നില്ല- ദൈവത്തോടോ മനുഷ്യരോടോ- എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. പകരം ആത്മനാ കരുത്താര്‍ജ്ജിക്കാനുള്ള അവസരമായിട്ടാണ് ക്രിസ്തു നാല്പതുദിവസത്തെ ഉപവാസത്തെ കണ്ടത്.

അവിടെ സംഭവിച്ചത് ക്രിസ്തുവിന്റെ ആത്മാവിന്റെ പുതുക്കലായിരുന്നു. ചില പിന്‍വാങ്ങലുകള്‍ ജീവിതവിജയത്തിന്റെ ഭാഗമാണ്. പുതിയൊരു മുന്നേറ്റത്തിനുള്ള തുടക്കം കുറിക്കുന്നതിന് അവനവനെ അറിയുക അത്രമേല്‍പ്രധാനപ്പെട്ടതാണ്. ഏകാന്തതയും ധ്യാനവും മറ്റ് ചിലപ്പോള്‍ തിരസ്‌ക്കരണവും അവഹേളനവും ഒറ്റപ്പെടലും വരെ നമ്മുക്ക് നമ്മെക്കുറിച്ചുള്ള സാധ്യതകള്‍ കണ്ടെത്താനുള്ള അവസരമായി മാറാം. വീഴ്ചകള്‍ തിരിച്ചറിയാനും മനസ്സുവച്ചാല്‍ പരിഹരിക്കാനുമുള്ള വേളയായി മാറാം.

കഴുകന്മാരെക്കുറിച്ച് പറയാറുള്ളതുപോലെ പുതിയ തൂവലുകള്‍ കിളിര്‍ക്കുന്നതിന് വേദനയോടെയാണെങ്കിലും പഴയ തൂവലുകള്‍ കൊത്തിപ്പറിച്ചു കാറ്റില്‍പറത്തിയേ തീരൂ. ഒരു നിറയൗവനം സ്വന്തമാക്കാനായി കുറെക്കാലം നാം പര്‍വതമുകളില്‍ ഒറ്റയ്ക്കായിരിക്കേണ്ടതുമുണ്ട്. നോമ്പുകാലം ആവശ്യപ്പെടുന്നതും അതുതന്നെയാണ്. പക്ഷേ പലപ്പോഴും നോമ്പിന്റെ ഈ ആന്തരികാര്‍ത്ഥം എങ്ങനെയൊക്കെയോ വിസ്മരിക്കപ്പെട്ടുപോകുകയും ബാഹ്യമായ ചില ആചാരങ്ങളില്‍ അതു നിര്‍വചിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത് എന്ന് തിരുവചനം ഓര്‍മ്മിപ്പിക്കുന്നത്. വസ്ത്രം കീറാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ചില പ്രത്യേകഭക്ഷണസാധനങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നുമില്ല. എന്നാല്‍ അതിനപ്പുറത്തേക്കു നീളുന്നതാവണം നോമ്പനുഷ്ഠാനങ്ങള്‍.

ഒരുപക്ഷേ നമുക്ക് മറ്റൊരാള്‍ ചെയ്ത തെറ്റ് ക്ഷമിക്കാന്‍ സാധിച്ചേക്കാം. എന്നാല്‍ അതിലേറെ ദുഷ്‌ക്കരമാണ് സ്വന്തം തെറ്റ് സമ്മതിക്കല്‍. കാലങ്ങളായി നാം ചെയ്തുകൊണ്ടിരിക്കുന്നത് സ്വയം ന്യായീകരിക്കലാണ്. ചിലപ്പോള്‍ ശരികളുണ്ടാവാം, അനാവശ്യമായി എല്ലാ കുറ്റങ്ങളുമേറ്റെടുത്ത് ഒരു രക്തസാക്ഷിപരിവേഷം ചമയല്‍ ആഗ്രഹിക്കുന്നുമുണ്ടാവില്ല. എങ്കിലും സ്വന്തം തെറ്റുകളെ തുറന്നുസമ്മതിക്കാന്‍ മാത്രം തുറവിയുള്ളവരെ അധികമൊന്നും കണ്ടുകിട്ടാനില്ലാത്ത ലോകമാണ് ഇത്.

ജീവിതത്തില്‍ എവിടെയൊക്കെ വീണുപോയിട്ടുള്ള മനുഷ്യരാണ് നാം ഓരോരുത്തരും! ഒരുപക്ഷേ ദൈവത്തിന്റെ അപരിമേയമായ കാരുണ്യംകൊണ്ട് അതൊന്നും വെളിവാകപ്പെട്ടിട്ടില്ല എന്നേയുള്ളൂ. അതുകൊണ്ട് നാം വീഴ്ചയില്ലാത്തവരാകുന്നില്ല. എന്നിട്ടും അതെല്ലാം മറച്ചുവച്ച് വീഴ്ചകള്‍ക്കെല്ലാം മറ്റുള്ളവരെയാണ് നാം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
അവന്‍ കാരണം..
അവള്‍ കാരണം..
അവര്‍ മൂലം.. നമ്മുടെ വിരലുകള്‍ എപ്പോഴും മറ്റുള്ളവരുടെ നേരെ നീളുന്നു. സ്വയം ന്യായീകരണത്തിന്റെ സുഖവും സംതൃപ്തിയും അങ്ങനെ ആവോളം അറിഞ്ഞവരാണ് നാം ഓരോരുത്തരും. വിശുദ്ധിയുടെ കൂടാരം സ്വയം നാം നമുക്കായി പണിയുന്നു. അവിടെയെല്ലാം എനിക്ക് കുറ്റംവിധിക്കാന്‍ പലരുമുണ്ടായിരുന്നു. അവരാണ് എന്റെ വീഴ്ചകള്‍ക്കും പതനത്തിനും കാരണമായതെന്ന് ഞാന്‍ വിധിയെഴുതി. പക്ഷേ വൈകിയാണെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. എന്റെ കൂടി സമ്മതവും എന്റെ തന്നെ ആഗ്രഹവും എന്റെ ഓരോവീഴ്ചകള്‍ക്കും പിന്നിലുണ്ടായിരുന്നു എന്ന്.. ഞാന്‍ വീണതിന് ഞാന്‍ തന്നെയാണ് ഉത്തരവാദിയെന്ന്. ഞാനറിയാതെ എന്റെ ഒരു വീഴ്ചയും -വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും- സംഭവിച്ചിട്ടില്ലെന്ന്. മറ്റൊരാള്‍ക്കു നേരെ ഞാന്‍ വിരല്‍ച്ചൂണ്ടുമ്പോള്‍ അതിലേറെ വിരലുകള്‍ എനിക്കു നേരെ നീളുന്നുണ്ടെന്ന്. അത്തരമൊരു കണ്ടെത്തലിലാണ് എന്റെ പിഴയ്ക്ക് ശക്തിയുണ്ടാകുന്നത്. അതേറ്റവും ആത്മാര്‍ത്ഥമാകുന്നത്. എന്റെ പിഴ..എന്റെ പിഴ എന്റെ വലിയ പിഴ.

അവനവന്റെ വീഴ്ചകള്‍ കണ്ടെത്താനുള്ള അവസരമായി നോമ്പുകാലത്തെ മാറ്റേണ്ടതുണ്ട്. ഇത്തിരിനേരം എല്ലാത്തില്‍ നിന്നും മാറിനില്ക്കുക. ആത്മാവിലേക്കുള്ള മടക്കയാത്രപോലെയുള്ള ഒന്ന്.. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് വിധേയമാകുന്നതുപോലെ ഒരു സ്‌കാനിങ..് സ്വന്തം ജീവിതത്തിന്റെ പിന്നിട്ടുവന്ന വഴികളിലൂടെ ഒരു പ്രയാണം.. അതു നടത്താന്‍ നാം ഇനിയെങ്കിലും തയ്യാറാകണം. എത്രവര്‍ഷമായി ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു..! അതിനിടയില്‍ എനിക്ക് സംഭവിച്ച പാളിച്ചകള്‍.. എന്റെ ദൗര്‍ബല്യങ്ങള്‍… എന്നെ ഒരു വേട്ടനായ് കണക്കെ ഇന്നും പിന്തുടരുന്ന എന്റെ ആസക്തികള്‍… ഞാന്‍ മൂലം മറ്റുള്ളവര്‍ അനുഭവിച്ച കണ്ണീരുകള്‍, എന്റെ വാക്കുകൊണ്ട് മറ്റുള്ളവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടത്, കുറെക്കൂടി സൗമ്യമായി സംസാരിക്കാന്‍ സാധിച്ചിരുന്നതിലൂടെ മറ്റൊരാള്‍ക്ക് നല്കാന്‍ കഴിയുമായിരുന്ന സന്തോഷം.. എന്റെ ഒരു ചെറിയ വാക്കാല്‍ മറ്റുള്ളവരുടെ ജീവിതങ്ങളിന്മേല്‍ കൊളുത്താന്‍ കഴിയുമായിരുന്ന വെളിച്ചം… അവനുനേരെ ചെറുവിരല്‍ മാത്രം അനക്കിയാല്‍ അവന് കിട്ടുമായിരുന്ന നന്മകള്‍… ഇങ്ങനെ എത്രയെത്ര അവസരങ്ങളാണ് നമ്മള്‍ ഓരോരുത്തരും പാഴാക്കിക്കളഞ്ഞത്. അവന്റെ അവകാശം ഞാന്‍ നിഷേധിച്ചപ്പോള്‍ അവന്റെ സമ്പത്ത് ഞാന്‍ മോഷ്ടിക്കുകയായിരുന്നുവെന്നും സനേഹമില്ലാതെ ഞാന്‍ രതിയിലേര്‍പ്പെട്ടപ്പോള്‍ അതൊരു വ്യഭിചാരമായിരുന്നുവെന്നുമുള്ള തിരിച്ചറിവുകളും നമുക്കുണ്ടാവേണ്ടതുണ്ട്.

അവസാനമായി മറ്റൊന്നുകൂടി.. മറ്റൊരാള്‍ നമ്മോട് ചെയ്ത തെറ്റു ക്ഷമിക്കാന്‍ സാധിച്ചേക്കുമെങ്കിലും പലപ്പോഴും നമുക്ക് നമ്മുടെ തെറ്റുകള്‍ നമ്മോട് ക്ഷമിക്കാന്‍ കഴിയാറില്ല. ആദ്യം സൗഖ്യം നല്‌കേണ്ടതു നമുക്കുതന്നെയാണ്. എന്നോ ഒരിക്കല്‍സംഭവിച്ചുപോയ ചില തെറ്റുകളുടെ പേരില്‍ ആത്മഭാരവും ആത്മനിന്ദയുമായി കഴിയുന്ന എത്രയോ പേരുണ്ട് നമുക്കുചുറ്റിനും! നിനക്ക് നിന്നോട് ക്ഷമിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിന്നോട് ആരു ക്ഷമിക്കും? നിനക്ക് ആരോട് ക്ഷമിക്കാനാവും? എന്റെ ബലഹീനതയിലാണ് എനിക്ക് തെറ്റുപറ്റിയതെന്ന് തിരിച്ചറിയുമ്പോള്‍ മാത്രമാണ് നിന്റെ ബലഹീനതകളുടെ പേരില്‍ നീയെന്നോട് ചെയ്ത തെറ്റ് നിന്നോടു ക്ഷമിക്കാന്‍ എനിക്കു കഴിയുകയുള്ളൂ.

നോമ്പെന്ന കണ്ണാടിയുമായി ഇത്തിരി ദൂരേയ്ക്ക് മാറിപോവുക. നിന്റെ ഏകാന്തതയിലും ധ്യാനത്തിലും ആ കണ്ണാടി നോക്കുക. നീയെന്തായിരിക്കുന്നുവോ നിന്നെ അതുപോലെ കാണാന്‍ കഴിയുന്ന കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. നിന്റെ കണ്ണീരാല്‍ കണ്ണാടിയിലെ കാഴ്ചകള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ടാവട്ടെ.!

The post കണ്ണാടി നോക്കുന്ന സമയം: വിനായക് നിര്‍മ്മല്‍ appeared first on Syro-Malabar News.