കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിയിൽ നിർണായക പങ്ക് എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ നിർവഹിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഗുണനിലവാരമുള്ള അദ്ധ്യയനവും ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഉത്തരവാദിത്തം പങ്കുവയ്ക്കുന്നത് ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എയ്‌ഡഡ് മാനേജ്മെന്റുകളാണ്.

എന്നാൽ മാനേജ്‌മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ താത്ക്കാലിക/ദിവസവേതന നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധമായ ഈ നിർദേശം അംഗീകരിക്കാൻ കഴിയില്ല.

കണ്ണൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെതായി 15/7/2026 തീയതിയിൽ പുറത്തുവന്ന സർക്കുലർ പ്രകാരം എയ്‌ഡഡ് സ്‌കൂളുകളിൽ അധ്യാപക, അനധ്യാപക തസ്തികളിലേക്ക് ദിവസവേതന/താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നൽകുന്ന ലിസ്റ്റിൽനിന്നും നടത്തേണ്ടതാണ് എന്നറിയിച്ചിരുക്കുന്നു. ഇതിന് അവലംബമായി സൂചിപ്പിച്ചിരിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 27/06/2026ലെ കത്താണ്. ന്യൂനപക്ഷാവകാശങ്ങളും മാനേജ്മെന്റിന്റെ പ്രവർത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്ന വിധത്തിലാണ് ഈ തീരുമാനം. സർക്കാർ, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അനുബന്ധ നടപടികളും റദാക്കണമെന്നു സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെടുന്നു.

The post എയ്‌ഡഡ് സ്‌കൂൾ നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്താനുള്ള നിർദേശം അംഗീകരിക്കാനാവില്ല : സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ appeared first on Syro-Malabar News.