കോട്ടയം: കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം 2026 ഒക്ടോബർ 2 വെള്ളിയാഴ്ച കോട്ടയം ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്കാ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ നടക്കും. ട്രോയിനയുടെ ടൈറ്റുലർ ബിഷപ്പായും കോട്ടയം അതിരൂപതയുടെ സഹായമെത്രാനായുമാണ് മോൺ. തോമസ് അനിമൂട്ടിൽ നിയമിതനായിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.15ന് നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷയിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് കാർമികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ, തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമ്മികരാകും. കെ.സി.ബി. സി. പ്രസിഡന്റും കോഴിക്കോട് അതിരൂപതാധ്യക്ഷനുമായ ആർച്ചുബിഷപ്പ് വര്ഗീസ് ചക്കാലക്കൽ സന്ദേശം നൽകും. തുടർന്ന് മാർ തോമസ് ആനിമൂട്ടിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയർപ്പണം നടക്കും. തിരുവല്ല മലങ്കര കത്തോലിക്കാ അതിരൂപതാധ്യക്ഷനും സി . ബി. സി. ഐ. വൈസ് പ്രസിഡന്റുമായ ആർച്ചുബിഷപ്പ് തോമസ് മാർ കൂറിലോസ് ആശംസകൾ അർപ്പിച്ചു സംസാരിക്കും.
കോട്ടയം അതിരൂപതയിൽ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുള്ള മോൺ. തോമസ് അനിമൂട്ടിൽ 2025 മുതൽ പ്രോ-പ്രോട്ടോസിചെല്ലൂസായി സേവനം നിർവഹിച്ചുവരികെയാണ് കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായത്.
The post മോൺ. തോമസ് അനിമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്ടോബർ 2ന് appeared first on Syro-Malabar News.