കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സമുദായ ദേശീയ സമ്മേളനം മുംബൈയിൽ വച്ച് ഓഗസ്റ്റ് 1,2 തിയതികളിൽ നടക്കുന്നു.108 വർഷത്തെ സുദീർഘമായ ചരിത്രവും പാരമ്പര്യവുമുള്ള കത്തോലിക്ക കോൺഗ്രസ് “സമുദായ ശക്തീകരണം രാഷ്ട്ര പുരോഗതിക്ക്” എന്ന മുദ്രാവാക്യവുമായി ഇന്ത്യയിലെ എല്ലാ സീറോ മലബാർ രൂപതകളിലും നിന്നുള്ള സഭാ – സമുദായ നേതാക്കളെയും, പ്രതിനിധികളേയും ഒന്നിപ്പിച്ചുകൊണ്ടാണ് ഈ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികൾ,പരിഹാരങ്ങൾ എന്നിവ വിലയിരുത്തി നയരൂപീകരണം,ന്യൂനപക്ഷ അവകാശ സംരക്ഷണം,രാജ്യത്തിന്റെ വളർച്ചക്ക് ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ എന്നിവ മുഖ്യ ചർച്ചാ വിഷയമാകുന്ന കോൺഫറൻസിൽ പ്രമുഖ സഭാ സമുദായ സാമൂഹ്യ നേതാക്കൾ പങ്കെടുത്ത് പ്രതിനിധികളുമായി സംവദിക്കും.കല്യാൺ അതിരൂപതയുടെ ആതിഥേയത്വത്തിൽ നടത്തപ്പെടുന്ന ഈ ദേശീയ സമ്മേളനത്തിൻ്റെ ആദ്യ ദിനമായ ആഗസ്റ്റ് ഒന്നിന് രാവിലെ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ പതാക ഉയർത്തുന്നതാണ്. തുടർന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നാഷണൽ കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.കാർഡിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുര, ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനി,ബിഷപ്പുമാരായ തോമസ് ഇലവനാൽ,ജോസഫ് അരുമച്ചാടത്ത്, ജെയിംസ് പട്ടേരിൽ, തോമസ് പാടിയത്ത്,വിവിധ സാമൂഹ്യ,രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന പ്ലീനറി സെഷനുകൾ,ഓപ്പൺ ഫോറം, വിഷയാധിഷ്ഠിത ചർച്ചകൾ,സംവാദങ്ങൾ,പാനൽ ഡിസ്കഷനുകൾ തുടങ്ങിയവ ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്നതാണ്. ദേശീയ തലത്തിൽ സഭയ്ക്കും , സമൂദായത്തിനും പുതിയ ദിശാബോധം നൽകാൻ പോകുന്ന ദേശീയ സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും , സമ്മേളനത്തിൻ്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചതായും കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ഫാ ഫിലിപ്പ് കവിയിൽ,ഫാ സിറിയക് കുമ്പുകാട്ട്,ഡോ ജോസ്കുട്ടി ഒഴുകയിൽ,അഡ്വ ടോണി പുഞ്ചക്കുന്നേൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ,സജി വർക്കി,രാജീവ് തോമസ്,ജോസ് മാത്യു എന്നിവർ അറിയിച്ചു.
The post കത്തോലിക്ക കോൺഗ്രസ് പ്രഥമ നാഷണൽ കോൺഫറൻസ് മുംബൈയിൽ. appeared first on Syro-Malabar News.