വിലങ്ങാട്: 2024 ജൂലൈ 30-ന് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിലങ്ങാട് പ്രദേശത്തെ ദുരിതബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ താമരശ്ശേരി രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയായ സിഒഡി നടപ്പാക്കിയ പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി നിർമിച്ച 70 വീടുകളുടെ താക്കോൽദാനവും രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്റ് അൽഫോൻസ പള്ളി അങ്കണത്തിൽ നടന്നു.കെസിബിസി പ്രസിഡന്റും കോഴിക്കോട് അതിരൂപത ആർച്ചുബിഷപ്പ് മോസ്റ്റ്. റവ. ഡോ. വർഗീസ് ചക്കാലക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആമുഖപ്രഭാഷണം നടത്തി.
ദുരന്തസമയത്ത് വലിയ വാഗ്ദാനങ്ങൾ നൽകി പിന്നീട് പിൻവാങ്ങിയവർക്കിടയിൽ, നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് സഭ മാതൃകയായെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആർച്ചുബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. സമ്മേളനത്തിൽ വിലങ്ങാട് പുനരധിവാസത്തിന്റെ രണ്ടാം ഘട്ടമായ സേഫ് വിതിൻ: റീകണക്ട് വയനാട് ആൻഡ് വിലങ്ങാട് പദ്ധതിയുടെ ഉൽഘാടനവും നിർവഹിച്ചു. ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ചവർക്കായി കെസിബിസി വിലങ്ങാട്ടിലും വയനാട്ടിലുമായി 100 വീടുകൾ നിർമിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പിന്നീട് അത് വർധിപ്പിച്ചു 150 വീടുകളുടെ പദ്ധതിയായി മാറ്റിയതായും അദ്ദേഹം പറഞ്ഞു. വിലങ്ങാടിനായി കെസിബിസി പ്രഖ്യാപിച്ച 41 വീടുകളും വിവിധ സന്യാസസഭകളുടെയും രൂപതകളുടെയും സംഘടനകളുടെയും സഹായത്തോടെ നിർമ്മിച്ച 29 വീടുകളും ഉൾപ്പെടുത്തി 70 വീടുകൾ പുനരധിവാസത്തിന്റെ ആദ്യഘട്ടത്തിൽ നിർമ്മിച്ചപ്പോൾ, പദ്ധതിയുടെ രണ്ടാംഘട്ടമായി 12 വീടുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. പദ്ധതിക്കായി ഇതുവരെ ഏകദേശം 10.58 കോടി രൂപ ചെലവഴിച്ചു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ നേതൃത്വം കേരള കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേരള സോഷ്യൽ സർവീസ് ഫോറത്തിനായിരുന്നു(കെ. എസ്. എസ്. എഫ്.) താമരശ്ശേരി രൂപതയിൽ ഈ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിക്ക് ആയിരുന്നു. സിഒഡി ഡയറക്ടർ ഫാ.സായി പാറൻകുളങ്ങര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പദ്ധതിയെ പിന്തുണച്ച എല്ലാവർക്കും ഹൃദയപൂർവ്വമായ നന്ദി രേഖപ്പെടുത്തി.

പദ്ധതിയുടെ ഭാഗമായി നിർമിച്ച 70 വീടുകളും 21 മാസങ്ങൾക്കുള്ളിലാണ് പൂർത്തിയാക്കിയത്. എല്ലാ വീടുകളും ഒരേ മാതൃകയിൽ അല്ലാതെ, കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങൾ എന്നിവ പരിഗണിച്ച് വ്യത്യസ്ത രൂപകല്പനകളിൽ കുറഞ്ഞത് 1000 ചതുരസ്ര അടിയിലുള്ള വീടുകളാണ് നിർമിച്ചിരിക്കുന്നത്. കുടുംബങ്ങളുടെ താൽപ്പര്യപ്രകാരം അവർതന്നെ കണ്ടെത്തിയ സ്ഥലങ്ങളിൽ വീടുകൾ നിർമ്മിച്ചതുവഴിയായി “സ്വന്തം വീട്” എന്ന ആത്മബന്ധം നിലനിർത്താനായെന്നും സംഘാടകർ വ്യക്തമാക്കി.
പരിപാടിയുടെ ഭാഗമായി പൂർത്തിയായ വീടുകളുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് 70-താമത്തെ വീടിന്റെ താക്കോൽദാനം മാർ ജോസഫ് പാംപ്ലാനിയും മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലവും ചേർന്ന് നിർവഹിച്ചു. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ സേഫ് വിതിൻ: റീകണക്ട് വയനാട് ആൻഡ് വിലങ്ങാട് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ ഉദ്ഘാടനം മാർ റെമീജിയോസ് ഇഞ്ചനാനിയിലും മേപ്പയ്യൂർ സലഫിയ കോളജ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂരും ചേർന്ന് നിർവഹിച്ചു. ദുരന്തബാധിതർക്കായി മാനസിക പിന്തുണ നൽകുന്ന കൗൺസിലിംഗ് സംഘവും സന്നദ്ധ പ്രവർത്തക സംഘവും രണ്ടാംഘട്ട പദ്ധതിയുടെ പ്രധാന ഘടകങ്ങളായിരിക്കും.
രണ്ടാംഘട്ടത്തിൽ 12 പുതിയ വീടുകളുടെ നിർമാണം, ജീവനോപാധി സാധ്യതകൾ വർധിപ്പിക്കുന്ന പദ്ധതികൾ, പ്രകൃതി ദുരന്തങ്ങളിൽ പ്രവർത്തിക്കാൻ സജ്ജമായ ടാസ്ക് ഫോഴ്സ് രൂപീകരണവും പരിശീലനവും , മാനസിക പിന്തുണയ്ക്കുള്ള കൗൺസിലിംഗ് ടീമിന്റെ ശക്തീകരണം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
സി.ഒ.ഡി പ്രസിഡന്റ് മോൺ. ഏബ്രഹാം വയലിൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, കെസിബിസി ദുരന്തനിവാരണ സമിതി അംഗമായ ഫാ. മൈക്കിൾ വെട്ടിക്കാട്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബോണി അഗസ്റ്റിൻ സി.എം.ഐ., കെസിഎംഎസ് പ്രസിഡന്റും എസ്.ഐ.സി സുപ്പീരിയർ ജനറലുമായ സിസ്റ്റർ ഡോ. ആർദ്ര എസ്.ഐ.സി., അപ്പോസ്തോലിക് കാർമൽ സിസ്റ്റേഴ്സ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജസീന എ.സി., വിലങ്ങാട് ഫൊറോന വികാരിയായ ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, ഓൾ കേരള ലേ ആനിമേറ്റർ ഓഫ് ജീസസ് യൂത്ത് ആയ റെജി ജെ. കരോട്ട്, വാണിമേൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷെബി സെബാസ്റ്റ്യൻ, കെ.എസ്.എസ്.എഫ് ഡയറക്ടറായ ഫാ. ജേക്കബ് മാവുങ്കൽ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംസാരിച്ചു.
രാഷ്ട്രീയ-സാമൂഹിക-മത മേഖലകളിലെ പ്രമുഖർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, വൈദികർ, സന്ന്യസ്തർ, പ്രദേശവാസികൾ തുടങ്ങി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ വൻജനാവലി ചടങ്ങിൽ പങ്കെടുത്തു. മഞ്ഞക്കുന്ന് ഇടവകവികാരി ഫാ. ബോബി പൂവത്തിങ്കൽ, സി ഒ ഡി പ്രൊജക്റ്റ് കോർഡിനേറ്റർ ആൽബിൻ സക്കറിയാസ്, പ്രൊജക്റ്റ് ഓഫീസർ സിദ്ധാർഥ് എസ് നാഥ്,പ്രിൻസ് തോമസ്, ക്രിസ്റ്റീന റോസ് ജോർജ്, ഷാനി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി സമാപന സമ്മേളന പരിപാടികൾ ഏകോപിപ്പിച്ചു.
The post വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ടം 70 വീടുകൾ കൈമാറി appeared first on Syro-Malabar News.