ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതിൽ സീറോമലബാർ സഭയ്ക്ക് വലിയ അഭിമാനമുണ്ട്, കാരണം അത് സീറോമലബാർ സഭയുടെ സംഭാവനയാണ്. ഇങ്ങനെ പറയുന്നതിൽ ഒരു കടുകിടപോലും അതിശയോക്തിയില്ല. ജസ്റ്റിസ് ജെ. ബി. കോശിയുടെ തന്നെ വാക്കുകൾ ഇപ്രകാരമാണ്, “സീറോമലബാർ സഭയാണ് ഇങ്ങനെ ഒരു കമ്മീഷൻ വേണമെന്ന് ആവശ്യപ്പെട്ടതും കൂടുതൽ ഇതിനുവേണ്ടി പരിശ്രമിച്ചതും”. ഇത് അദ്ദേഹം പല വേദികളിൽ നടത്തിയിട്ടുള്ള പ്രസ്‌താവനയാണ്. കൂടാതെ റിപ്പോർട്ടിന്റെ ആരംഭത്തിൽ അദ്ദേഹം “സീറോ മലബാർ സഭ ഉൾപ്പെടെ പല സഭകളും” (1.1) എന്നു നമ്മുടെ മാത്രം പേരെടുത്തു പരാമർശിച്ചിരിക്കുന്നു. ഉപസംഹാരത്തിലും ഈ പരാമർശമുണ്ട്.

2019 ഡിസംബർ 20 ന് ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദർശിച്ച് ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സമർപ്പിച്ചു. ഈ ഹർജിയിലെ ഒന്നാമത്തെ ആവശ്യം കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ ഒരു ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണം എന്നതായിരുന്നു. ഇപ്രകാരം ഒരു നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ നടപടികൾ ഒന്നും സ്വീകരിക്കാതിരുന്ന സാഹചര്യത്തിൽ സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കമ്മീഷൻ കൺവീനർ ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ 2020 ഒക്ടോബർ 27 ന് ബഹു. മുഖ്യമന്ത്രിയെ വീണ്ടും സന്ദർശിക്കുകയും പ്രസ്തുത ജുഡീഷ്യൽ കമ്മീഷനെ ഉടൻതന്നെ നിയമിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. സീറോമലബാർ സഭയുടെ ഭാഗത്തുനിന്ന് സമ്മർദം ശക്തമായതിനെത്തുടർന്ന്, പത്തു ദിവസത്തിനകംതന്നെ, 2020 നവംബർ 05 ന്, കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷനെ നിയമിച്ചു.

ജസ്റ്റിസ് ജെ. ബി. കോശി ചെയർമാനായും ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ്., ശ്രീ. ജേക്കബ് പുന്നൂസ് ഐ.പി.എസ്. എന്നിവർ അംങ്ങളായും നിയമിക്കപ്പെട്ട കമ്മീഷനിൽ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമായ സീറോമലബാർ സഭയിൽനിന്നും പ്രതിനിധി ഇല്ലാതെ വന്നത് വലിയ പോരായ്മയായി വിലയിരുത്തപ്പെട്ടു. തുടർന്ന് സഭയുടെ ആവശ്യം അംഗീകരിച്ച്, കോതമംഗലം രൂപതാംഗമായ റിട്ട. ജഡ്ജ് സി.വി. ഫ്രാൻസിസിനെ കമ്മീഷൻ സെക്രട്ടറിയായി നിയമിച്ചു. സമഗ്രമായ ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ അദ്ദേഹം നിസ്തുലമായ സേവനമാണ് നൽകിയതെന്ന് നമുക്ക് റിപ്പോർട്ടിന്റെ താളുകൾ മറിക്കുമ്പോൾ മനസിലാകും.

2021 ഫെബ്രുവരി 08 നാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ (Terms of Reference) പുറത്തിറക്കിയത്. അന്നു മുതൽ കമ്മീഷന്റെ നടപടികളെക്കുറിച്ച് സമുദായാംഗങ്ങളെ അറിയിക്കാനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു പരമാവധി നിവേദനങ്ങൾ സമർപ്പിക്കാനും സീറോമലബാർ സഭ കഠിനമായി പരിശ്രമിച്ചിരുന്നു. സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷനാണ് ഇതിന്റെ ചുമതല നിർവഹിച്ചത്. ജെ.ബി. കോശി കമ്മീഷന് നാലുലക്ഷത്തി നാൽപത്തയ്യായിരത്തി അത്തൂറിൽപരം (445500) നിവേദനങ്ങളാണ് ലഭിച്ചത്. ഇതിൽ മഹാഭൂരിപക്ഷവും സീറോമലബാർ സഭയിൽ നിന്ന് ലഭിച്ചവയാണ്. ഇരിങ്ങാലക്കുട രൂപതയിൽനിന്ന് ഒരു ജീപ്പു നിറയെ നിവേദനങ്ങൾ കൊണ്ടുവന്നതിന് അന്നു കമ്മീഷൻ ഓഫീസിൽ ഉണ്ടായിരുന്ന ഞാൻ സാക്ഷിയാണ്. അത്രമാത്രം ആവേശവും സഹകരണവുമാണ് സീറോമലബാർ സമുദായാംഗങ്ങളിൽനിന്ന് കമ്മീഷനോട് ഉണ്ടായത്.

നമ്മൾ ഭീമഹർജി പോലെ നിവേദനങ്ങൾ കൊടുക്കുകയായിരുന്നില്ല. ശാസ്ത്രീയ പഠനങ്ങൾ നടത്തി വ്യക്തമായ അപഗ്രഥനങ്ങളാണ് സമർപ്പിച്ചത്. തലശേരി, താമരശേരി, മാനന്തവാടി രൂപതകൾ സമഗ്ര സർവേയും മറ്റു പല രൂപതകളും സാമ്പിൾ സർവേയും നടത്തി. തൃശൂർ അതിരൂപതയുടെ PAROC Institute സഭ മുഴുവനിലും സാമ്പിൾ സർവേ നടത്തി. പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ വൈദികരും അത്മായരുമടങ്ങുന്ന ഒരു വിദഗ്ധസംഘം തൃശൂർ അതിരൂപതാ ആസ്ഥാനത്ത് ദിവസങ്ങളോളം താമസിച്ചാണ് സീറോമലബാർ സഭയുടെ നിവേദനം തയ്യാറാക്കിയത്. റവ. ഫാ. നോബിൾ പാറയ്ക്കൽ, റവ. ഫാ. സബിൻ തൂമുള്ളിൽ, ഡോ. ചാക്കോ കാളാംപറമ്പിൽ, ഡോ. മേരി റജീന, അഡ്വ. ജോജി ചിറയിൽ, അഡ്വ. അലക്സ് എം സ്കറിയ, ശ്രീ. റോണി അഗസ്റ്റിൻ, ശ്രീ. ബിബിൻ കെ. അലക്സ് എന്നിവരും ഞാനുമാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. ഈ നിവേദനത്തിൽ സമുദായംഗങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളും വിവേചനങ്ങളും സമഗ്രമായും ശാസ്ത്രീയമായും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതിലെ ബഹുഭൂരിപക്ഷം വിഷയങ്ങളും അവയുടെ ചാർട്ടുകളും ടേബിളുകളും സഹിതം ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ അതേപോലെ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണ്. ഈ നിവേദനം തയ്യാറാക്കുന്നതിൽ പ്രധാന സഹകാരികളിൽ ഒരാളായിരുന്ന യശ:ശരീരനായ അഡ്വ.അലക്സ് എം. സ്കറിയയ്ക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നു.

ജെ. ബി. കോശി കമ്മീഷൻ ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമേ സിറ്റിംഗുകൾ നടത്തുകയുള്ളൂ എന്നു തീരുമാനിച്ചിരുന്നെങ്കിലും സീറോമലബാർസഭയ്ക്കുവേണ്ടി രണ്ടു സ്പെഷ്യൽ സിറ്റിംഗുകൾ നടത്താൻ തയ്യാറായി. 2021 നവംബർ 22 ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ സിറ്റിംഗ് നടത്തുകയും പബ്ലിക് അഫയേഴ്സ് കമ്മീഷൻ അംഗങ്ങളായ അഭിവന്ദ്യ പിതാക്കൻമാരുടെ സാന്നിധ്യത്തിൽ അന്നത്തെ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽനിന്ന് നിവേദനം ഏറ്റുവാങ്ങുകയും ചെയ്തു.
2023 മെയ് 17 ന് ജസ്റ്റിസ് ജെ. ബി. കോശി ബഹു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറാകാതെ സർക്കാർ ആയിരത്തിൽപരം ദിവസങ്ങൾ അത് പൂഴ്ത്തിവച്ചു. സീറോമലബാർസഭ ഇതിനെതിരെ ശക്തമായി ശബ്ദമുയർത്തി. സഭാ സിനഡുതന്നെ ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെട്ടു, കൂടാതെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ബഹു. മുഖ്യമന്ത്രിക്ക് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി.
2024 ആഗസ്റ്റിൽ പാലായിൽ നടന്ന സഭാ അസംബ്ലിയിൽ പ്രമേയം പാസാക്കി. പബ്ലിക് അഫയേഴ്സ് കമ്മീഷനും വിവിധ രൂപതകളും സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസും എസ്.എം.വൈ.എം.ഉം വിവിധ പ്രസ്ഥാനങ്ങളുമെല്ലാം റിപ്പോർട്ട് പുറത്തുവിടാൻവേണ്ടി നിവേദനങ്ങൾ നൽകുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള സീറോമലബാർ സഭാംഗങ്ങളായ എം. എൽ.എമാരാണ് നിയമസഭയിൽ ഇതിനായി സബ്മിഷനുകൾ അവതരിപ്പിച്ചത്. ഇതിൻ്റെയെല്ലാം ഫലമായി 2026 ഫെബ്രുവരി 24 ന് കൂടിയ മന്ത്രസഭായോഗം റിപ്പോർട്ട് അംഗീകരിക്കുകയും 27 ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും 28 ന് സഭാ പ്രതിനിധികളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി വിശദീകരണങ്ങൾ നൽകുകയും ചെയ്തു. ഈ യോഗത്തിൽ സീറോമലബാർ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

ജെ. ബി. കോശി കമ്മീഷനുവേണ്ടി സീറോമലബാർ സഭ ഇത്രയേറെ കഷ്ടപ്പെട്ടെങ്കിലും സഭയ്ക്കു പ്രയോജനപ്രദമായ ശിപാർശകളിൽ വളരെ കുറച്ചു മാത്രമേ നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടുള്ളൂ. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിക്കാൻ ഒരു ആധികാരിക രേഖ ലഭിച്ചതിൽ സന്തോഷമുണ്ട്. കൂടാതെ ഈ കമ്മീഷന്റെ നിയമനം സഭയ്ക്ക് സ്വയം വിലയിരുത്തലിനും പഠനത്തിനും നിമിത്തമായി. ഇപ്രകാരം കണ്ടെത്തിയ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി സഭ, “സമുദായ ശക്തീകരണവർഷം – 2026” പ്രഖ്യാപിച്ച് ബോധവൽക്കരണവും കർമപദ്ധതികളുമായി മുമ്പോട്ടുപോവുകയാണ്. ഈ വർഷാചരണത്തിൽതന്നെ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത് സമുദായത്തിന്റെ ശക്തമായ മുന്നേറ്റത്തിന് നിദാനമായിത്തീരും എന്നു ഉറച്ചു വിശ്വസിക്കുന്നു.

The post ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: അഭിമാനപൂർവം സീറോമലബാർ സഭ appeared first on Syro-Malabar News.