പരിവർത്തിത ക്രൈസ്തവ ശിപാർശകൾ – പഠനം

കേരളത്തിലെ പരിവർത്തിത ക്രൈസ്തവ വിഭാഗത്തിന്റെ സമൂലമായ ഉന്നമനത്തിനുതകുന്ന മാഗ്നാകാർട്ട എന്നാണ് ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ടിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കാരണം നാളിതുവരെ ഈ സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ കേൾക്കുവാനോ പരിഹാര മാർഗ്ഗങ്ങൾ നടപ്പാക്കാനോ ഒരു സർക്കാരും നടപടികൾ എടുത്തിട്ടില്ല. എന്നാൽ പരിവർത്തിത ക്രൈസ്തവരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ റിപ്പോർട്ടിൽ സവിസ്തരം പ്രതിപാദിച്ചതായും പരിഹാര നിർദ്ദേശങ്ങൾ നിർദ്ദേശിച്ചതായും കാണുന്നു. കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ സെക്ഷൻ സി, രണ്ടാമത്തെ ചോദ്യമായതിനാൽ ഒരു ആദ്ധ്യായമായിട്ടാണ് കമ്മീഷൻ റിപ്പോർട്ടിൽ പരിവർത്തിത ക്രൈസ്‌തവ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

പ്രധാന ശിപാർശകൾ

പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണ നിഷേധിക്കുന്നത് ഒരു മതാധിഷിതവിവേചനമാണെന്ന് ഭരണഘടനാ അനുച്ഛേദം 14,15 ഉദ്ധരിച്ചുകൊണ്ട് കമ്മീഷൻ പ്രസ്താവിക്കുന്നു. പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണ നല്കപ്പെടേണ്ടതാണ്. സംവരണം കേന്ദ്രനിയമങ്ങൾക്കു വിധേയമാണെങ്കിലും പരിവർത്തിത ക്രൈസ്തവരുടെ തൊഴിൽ -ക്ഷേമ-സാമ്പത്തിക കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണം എന്നും കമ്മീഷൻ ശിപാർശ ചെയ്യുന്നു. പരിവർത്തിത ക്രൈസ്തവരുടെ ജനസംഖ്യ സംബന്ധിച്ച് ഒരു കണക്കുകളും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ കൈവശം ഇല്ല എന്ന വസ്തുത കമ്മീഷൻ അംഗീകരിക്കുന്നു. ഇവരുടെ ജനസംഖ്യ കണക്കെടുപ്പ് (കാനേഷ്മാരി) സംസ്‌ഥാനത്തു നടത്തണമെന്ന് കമ്മീഷൻ ശിപാർശ നല്കുന്നു. നിലവിൽ ഈ സമുദായങ്ങൾക്ക് 10-20 ലക്ഷത്തിനിടയിൽ (3%-6%) ഇടയിൽ ജനസംഖ്യയുണ്ടായിരിക്കാമെന്നും കാനേഷ്മാരി നടത്തിയതിന് ശേഷം ക്ഷേമ-സാമ്പത്തിക-സാമൂഹിക പദ്ധതികളിൽ ഇവരുടെ സംവരണവിഹിതത്തിന്റെ തോത് നിശ്ചയിക്കണമെന്നും സംവരണതോത് ജനസംഖ്യ അനുസൃതമായി ഉയർത്തുണമെന്നും കമ്മീഷൻ ശിപാർശ ചെയ്യുന്നു. പിന്നാക്ക സമുദായ കമ്മീഷൻ മാതൃകയിൽ പരിവർത്തിത ക്രൈസ്തവർക്ക് ഒരു പ്രത്യേക കമ്മീഷൻ വേണമെന്ന ശിപാർശ കമ്മീഷൻ നൽകിയിട്ടുണ്ട്. കൂടാതെ പി.എസ് .സി. റോട്ടേഷൻ ചാർട്ടിൽ പരിവർത്തിത ക്രൈസ്തവരുടെ ഊഴം 20 ൽ താഴെ വരുന്ന രീതിയിൽ പുനഃക്രമീകരിക്കുക, സർക്കാർ ജോലികളിൽ ഇവർക്ക് സ്പെഷ്യൽ റിക്രൂട്ടമെന്റ് നടത്തുക, എന്നീ കമ്മീഷൻ ശിപാർശകൾ കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ഈ വിഭാഗത്തിന് നിലവിൽ നൽകുന്ന ചില വിദ്യാഭ്യാസ സംവരണങ്ങളിൽ എസ്.ഐ.യു.സി. വിഭാഗങ്ങളെ ഉൾപെടുത്തിയതായി കാണുന്നു എന്നും ഇത് തിരുത്തണം എന്നും കമ്മീഷൻ ശിപാർശ നടത്തിയിട്ടുണ്ട്.

കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന്റെ ഫണ്ട് വിഹിതം വർധിപ്പിക്കുക, കുറഞ്ഞ പലിശയിൽ ലോൺ നൽകുക, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളുടെ തുക വർദ്ധിപ്പിക്കുക, കുറഞ്ഞ പലിശയിൽ ബിസിനസ് ലോണുകൾ നൽകുക, മേഖല ഓഫീസ് കണ്ണൂരിൽ തുറക്കുക, കോർപ്പറേഷന്റെ 85% ഫണ്ടും പരിവർത്തിത ക്രൈസ്തവർക്ക് മാത്രമായി മാറ്റിവയ്ക്കുക അതോടൊപ്പം വേറൊരു ശിപാർശ വിഭാഗത്തെയും കോർപ്പറേഷന്റെ പദ്ധതികളിൽ ഉൾപെടുത്താൻ പാടില്ല  എന്നീ നിർദ്ദേശങ്ങൾ കമ്മീഷൻ ശിപാർശ കമ്മീഷൻ ചെയ്‌യുന്നു.

കമ്മ്യൂണിറ്റി കോട്ടയിൽ പ്രവേശനം ലഭിച്ച പരിവർത്തിത ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ഇ -ഗ്രാൻഡ് പുനഃസ്ഥാപിക്കണമെന്നും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പരിവർത്തിത ക്രൈസ്തവ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ്, ലപ്സം ഗ്രാന്റ് എന്നിവ നിലവിൽ ലഭിക്കാത്തതിനു കാരണം സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹൈക്കോടതി വിധിക്കു എതിരെ നൽകിയിരിക്കുന്ന അപ്പീലാകയാൽ ഈ അപ്പീൽ പിൻവലിച്ചുകൊണ്ട് വിദ്യാർഥികൾക്കു സ്റ്റൈപ്പന്റ്, ലപ്സം ഗ്രാന്റ് എന്നിവ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടാവണം എന്നും കമ്മീഷൻ ശിപാർശ ചെയ്യുന്നു.

പരിവർത്തിത ക്രൈസ്തവ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നൈപുണ്യ വികസനത്തിനും, പ്രൊഫെഷണൽ കോഴ്‌സുകൾക്കും , പി.എസ്.സി., യു.പി.എസ്.സി. തുടങ്ങി വിവിധ പരീക്ഷകളുടെ പരിശീലനത്തിനും പ്രത്യേക ട്രെയിനിങ് സെന്റർ തുടങ്ങണമെന്നു കമ്മീഷൻ ശിപാർശ ചെയ്യുന്നു.

ലൈഫ് ഭവന പദ്ധതികളിൽ സംവരണം, വീടുവയ്ക്കുക, ഭൂമി വാങ്ങുക, വീട് മെയ്ന്റനൻസ് തുടങ്ങിയ ആവശ്യങ്ങൾക്ക് പട്ടിക ജാതി വിഭാഗങ്ങളെപോലെ സഹായം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പ്രത്യേക ഫണ്ട് പട്ടിക ജാതി വിഭാഗങ്ങൾക്ക് എന്ന പോലെ പരിവർത്തിത ക്രൈസ്തവർക്കും നൽകൽ എന്നീ കാര്യങ്ങളും കമ്മീഷൻ ശിപാർശ ചെയുന്നു. പട്ടിക ജാതി വിഭാഗങ്ങൾക്ക് എന്ന പോലെ പരിവർത്തിത ക്രൈസ്തവർക്ക് പ്രൊമോട്ടർമാരെ നിയമിക്കുക, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കൂട്ടുക, അവർക്ക് പഠനോപകരണങ്ങൾ നൽകുക, മാനേജ്‌മന്റ് കോട്ട സീറ്റുകളിൽ പരിവർത്തിത ക്രൈസ്തവർക്ക് റിസർവേഷൻ നൽകുക എന്നിവയും കമ്മീഷൻ ശിപാർശ ചെയുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ അംഗത്വം പരിവർത്തിത ക്രൈസ്തവർക്കും നൽകണം എന്നും ജസ്റ്റിസ് കുമാരപിള്ള (1956, ഖണ്ഡിക 25) കമ്മീഷൻ റിപ്പോർട്ടിൽ നൽകിയിട്ടുള്ള പരിവർത്തിത ക്രൈസ്തവരുടെ സംബന്ധിച്ച വ്യാഖ്യാനം പുനർനിർവചിക്കണം എന്നീ ശിപാർശകളും കമ്മീഷൻ നൽകുന്നുണ്ട്.

The post ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഒരു വിശകലനം appeared first on Syro-Malabar News.