ദനഹാക്കാലത്താണ് സീറോമലബാർ (പൗരസ്ത്യ സുറിയാനി) പാരമ്പര്യത്തിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിക്കുന്നത്. കാരണം, ആരാധനാക്രമത്തിൽ ലത്തീൻ സഭ വിശുദ്ധരുടെ തിരുനാളുകളെ കേന്ദ്രീകരിക്കുമ്പോൾ (sanctoral cycle) സീറോമലബാർ സഭ ഈശോയുടെ രക്ഷണീയ കർമ്മത്തെ ധ്യാനിക്കുന്ന വിവിധ ആരാധനാക്രമ കാലങ്ങളെ (temporal cycle) ആണ് കേന്ദ്രീകരിക്കുന്നത്. ഈശോയുടെ രക്ഷാകര കർമ്മങ്ങളോട് ബന്ധപ്പെടുത്തി ആണ് സീറോമലബാർ സഭയിൽ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകൾ ആചരിക്കുന്നത്. അതുകൊണ്ട് സീറോമലബാർ സഭ ദനഹാക്കാലത്തെ അവസാനത്തെ വെള്ളിയാഴ്ച്ച സകല മരിച്ചവരുടെയും തിരുനാൾ കൊണ്ടാടുന്നു.

ദനഹാ കാലത്ത് ഈശോ ഈ ലോകത്തിന് വെളിപ്പെട്ടതിനെക്കുറിച് ഉള്ള ധ്യാനങ്ങൾ ആണല്ലോ സഭയുടെ പ്രാർത്ഥനകളിൽ മുഴുവൻ നിഴലിക്കുന്നത്. ദനഹാ എന്ന വാക്കിന്റെ അർത്ഥം തന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകൾ ഈശോയെ ഈ ലോകത്തിന് വെളിപ്പെടുത്തിയ യോഹന്നാൻ മാംദാനയെയും സുവിശേഷകന്മാരെയും രക്തസാക്ഷികളെയും, സഭാ പിതാക്കന്മാരെയും ഓർക്കുന്നദിവസങ്ങളായി സീറോമലബാർ സഭ ആചരിക്കുന്നു. ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച രണ്ടു കാരണങ്ങൾ കൊണ്ട് മരിച്ചവരുടെ തിരുനാൾ ദിനം ആയി ആഘോഷിക്കുന്നു. ഒന്നാമത്തെ കാരണം മരിച്ചവർ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയുടെ ദനഹാ- (വെളിപ്പെടുത്തൽ) ആയി മാറിയവർ ആണ് എന്നതാണ്. രണ്ടാമത്തെ കാരണം ദനഹാകാലത്തെ ഈ അവസാന വെള്ളി കഴിഞ്ഞ് ഉടൻ നോമ്പുകാലം ആരംഭിക്കുന്നു എന്നതാണ്. നോമ്പുകാലത്ത് ഈശോയുടെ പീഡാസഹനവും മരണവും ഒക്കെയാണല്ലോ ധ്യാനവിഷയങ്ങൾ, മരിച്ചവർ തങ്ങളുടെ ജീവിതകാലത്ത് ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേർന്നവർ ആണ്.
മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള ആത്മീയ കൂട്ടായ്മയെ (communion of saints) ഓർമ്മിപ്പിക്കുന്നതാണ് ഈ അനുസ്മരണം. മരിച്ച വിശ്വസികളെ ദൈവത്തിനു ഭരമേല്പിക്കുമ്പോള് നമുക്കു അവരോടുള്ള ഐക്യദാര്‍ഢ്യം നമ്മള് അംഗീകരിക്കുകയും പുണ്യവാന്മാരുടെ ഐക്യം എന്ന വിസ്മയകരമായ രഹസ്യത്തിലൂടെ അവരുടെ രക്ഷയില്‍ നമ്മള് പങ്കുചേരുകയും ചെയ്യുന്നു. ശുദ്ധികരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കാന്‍ വിശ്വസികളുടെ പ്രാര്‍ത്ഥനയ്ക്കും അള്‍ത്താരയിലെ ബലികള്‍ക്കും, ദാനധര്‍മ്മങ്ങള്‍ക്കും മറ്റു ഭക്തകൃത്യങ്ങള്‍ക്കും കഴിയുമെന്നു സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. മരണം മൂലം നമ്മില്‍ നിന്നു വേര്‍പിരിഞ്ഞു പോയ നമ്മുടെ പ്രിയപ്പെട്ടവരെ നമ്മുടെ വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും സ്മരിക്കാം.
The post സകല മരിച്ചവരുടെയും തിരുനാൾ (ദനഹാകാലം അവസാന വെള്ളി ) appeared first on Syro-Malabar News.