ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) സമ്മേളനം ബുധനാഴ്‌ച ബംഗളൂരുവിൽ ആരംഭിച്ചു. ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഹാളിൽ നടക്കുന്ന ഒരാഴ്‌ച നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലായി ഭാരതത്തിലെ 174 കത്തോലിക്കാ രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും. ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാനയെ തുടർന്ന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആര്‍ച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി ഉദ്ഘാടനം ചെയ്തു..
സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു. ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണി സ്വാമി വായിച്ചു.. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ്റെയും പൗരസ്‌ത്യ തിരുസംഘം തലവൻ ക്ലോഡിയോ ഗുജെറോത്തിയുടെയും സന്ദേശങ്ങളും വായിച്ചു.

കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ സെക്രട്ടറി ജ നറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കുട്ടോ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.
ഭാരത മെത്രാൻസംഘത്തിന്റെ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖരായ 16 പേരെ ആദരിക്കും.’വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാദർശനത്തിനു സഭയുടെ സാക്ഷി’ എന്ന വിഷയത്തിലായിരിക്കും സിബിസി ഐ സമ്മേളനത്തിലെ മുഖ്യ ചർച്ചയെന്ന് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ പറഞ്ഞു. പത്തിനു സമാപിക്കുന്ന സിബിസിഐയുടെ 37-ാമത് ജനറൽ ബോഡി യോഗത്തിൽ ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടക്കും.
‘സാക്ഷ്യത്തിൽ ഐക്യപ്പെടുന്നു’ എന്നതാണു സമ്മേളനത്തിൻ്റെ മുദ്രാവാക്യം. രാജ്യത്തെ വിവിധ സമൂഹങ്ങൾക്കിടയിൽ ഐക്യം വളർത്തുന്നതിനും നീതിയും സമാധാനവും ഉറപ്പാക്കുന്നതിനുമാകും ഭാരത കത്തോലിക്ക സഭ ശ്രമിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്‌തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളെയും കുറിച്ചുള്ള ആശങ്കകളും സമ്മേളനം ചർച്ച ചെയ്യും. രാജ്യത്തിൻ്റെ ഐക്യം, ഭരണഘടനാമൂല്യങ്ങൾ എന്നിവയ്ക്കുള്ള സഭയുടെ സാക്ഷ്യത്തെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിൻ്റെ വിജയത്തിനായി പ്രാർഥിക്കാൻ സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു.
The post സിബിസിഐ സമ്മേളനം ബംഗളുരുവിൽ ആരംഭിച്ചു appeared first on Syro-Malabar News.