ഉയിർപ്പു തിരുനാളിന്റെ 40 ആം ദിവസമാണ് സഭ മിശിഹായുടെ സ്വർഗ്ഗാരോഹണതിരുനാൾ ആചരിക്കുന്നത്. ഉയർച്ച അഥവാ കയറ്റം എന്നർത്ഥം വരുന്ന ‘സുലാഖ’ എന്നാണ് പൗരുസ്ത്യ സുറിയാനി ഭാഷയിൽ ഈ തിരുനാൾ അറിയപ്പെടുന്നത്. മനുഷ്യാവതാര സംഭവങ്ങളുടെ പരിസമാപ്തി ആയിട്ടാണ് ക്രൈസ്തവ ദൈവശാസ്ത്രം സ്വർഗ്ഗാരോഹണ തിരുനാളിനെ മനസ്സിലാക്കുന്നത്. സഭാ പിതാവായ വിശുദ്ധ അത്തനേഷ്യസ് ഇങ്ങനെ പറയുന്നു: “സ്വർഗ്ഗാരോഹണത്തിലൂടെ മിശിഹാ മനുഷ്യ പ്രകൃതിയെ സ്വർഗത്തിലേക്ക് ഉയർത്തി, മനുഷ്യാസ്ഥിത്വത്തിന്റെ പരമമായ സാധ്യതയും ലക്ഷ്യവും വെളിപ്പെടുത്തിയിരിക്കുന്നു”. പൗരസ്ത്യ പിതാവ്‍വായ മാർ അപ്രേം ഇങ്ങനെ പാടുന്നു: “നമ്മുടെ ദരിദ്രമായ മനുഷ്യപ്രകൃതിയെ മിശിഹാ സ്വർഗത്തിൽ പ്രതിഷ്ഠിച്ചു. ദൈവം വസ്ത്രം പോലെ മനുഷ്യത്വം ധരിക്കുകയും അതിനെ സ്വർഗത്തിൽ കൊണ്ട് ചെന്ന് ആദരിക്കുകയും ചെയ്തു” .

‘നസ്രത്തിലെ ഈശോ’ എന്ന വിഖ്യാത ഗ്രന്ഥത്തിൽ ബെനഡിക്ട് മാർപാപ്പ സ്വർഗ്ഗാരോഹണത്തെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: “സ്വർഗ്ഗാരോഹണം ഭൂമിശാസ്ത്രപരമായ ഒരു യാത്ര എന്നതിലുപരി ദൈവശാസ്ത്രപരമായ ഒരു സംഭവമായാണ് മനസ്സിലാക്കേണ്ടത്. യേശു ലോകത്തിൽ നിന്നും അകറ്റപ്പെടുകയല്ല മറിച്ച് മനുഷ്യപ്രകൃതി ദൈവത്തിന്റെ നിത്യതയിലേക്ക് പ്രവേശിച്ചു എന്നാണ് ഇത് അർത്ഥമാക്കുന്നതു”. വിശുദ്ധ ആഗസ്തിനോസ് മിശിഹായുടെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അവിടുന്ന് സ്വർഗ്ഗത്തിലേക്ക് കയറിയേറിയപ്പോൾ നമ്മെ വിട്ടു പോയില്ല, നാം ഇപ്പോഴും ഭൂമിയിൽ ആണെങ്കിലും ശിരസ്സായ അവനിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിച്ചു കഴിഞ്ഞു”. “അവൻ ദൃശ്യനായ സ്വർഗ്ഗത്തിലേക്ക് പോയി, എന്നാൽ അദൃശ്യനായി സഭയിൽ എന്നും വസിക്കുന്നു” എന്നാണ് മാർ അപ്രേം പാടുന്നത്.

മൂന്ന് പുതിയ നിയമ ഭാഗങ്ങളാണ് സ്വർഗ്ഗാരോഹണത്തിന്റെ വിവരണങ്ങൾ നമുക്ക് നൽകുന്നത്. മർക്കോസ് 16 : 19 ; ലുക്കാ 24 : 50 -51 ; അപ്പസ്തോല പ്രവർത്തനങ്ങൾ 1 : 9 : 11 . ഈ വിവരണങ്ങൾ ചില ആഴമായ ചിന്തകളും നമുക്ക് നൽകുന്നുണ്ട്. ‘ഒരു മേഘം വന്ന് യേശുവിനെ മറക്കുന്നതായിട്ടാണ്’ അപ്പസ്തോല പ്രവർത്തനം 1 :9 ഇൽ വായിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിലൂടെ നീളം മേഘം ദൈവസാന്നിധ്യത്തിന്റേയും ദൈവമഹത്വത്തെയും അടയാളമായിരുന്നു. പിതാവിന്റെ മഹത്വത്തിലേക്ക് യേശു തിരികെ പ്രവേശിച്ചു എന്നാണ് മേഘം അവനെ മറച്ചു എന്ന വിവരണത്തിന്റെ അർത്ഥം.

മർക്കോസിന്റെ സുവിശേഷം 16 :19 ഇൽ “മിശിഹാ പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എബ്രായ ലേഖനം 10 :12 വായിക്കുന്നു; “പാപങ്ങൾക്കായുള്ള എന്നേക്കുമായുള്ള ഏക ബലി അർപ്പിച്ചു കഴിഞ്ഞു അവൻ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി”. വലതുഭാഗത്തുള്ള മിശിഹായുടെ സ്ഥാനത്തെ പിതാവായ ദൈവത്തിന്റെ അധികാരത്തിലുള്ള പുത്രന്റെ പങ്കാളിത്തത്തെയാണ് വ്യക്തമാക്കുന്നത്. ഉത്ഥാനം ചെയ്ത ഈശോ ശിഷ്യരോട് ഇങ്ങനെ പറയുന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു” (മത്തായി 28 :18 ) വലതുഭാഗത്ത് സ്ഥാനം മിശിഹായുടെ പൗരോഹിത്യ മധ്യസ്ഥതയുടെ പ്രതീകം കൂടിയാണ്. പിതാവിന്റെ സന്നിധിയിൽ അവിടുന്ന് നമുക്കായി മാധ്യസ്ഥ വഹിക്കുന്നു. വിശുദ്ധ തോമസ് അക്വിനാസ് ഈ ചിന്ത മനോഹരമായി ഇങ്ങനെ അവതരിപ്പിക്കുന്നു: “മിശിഹാ സ്വർഗത്തിൽ നമുക്കായി മധ്യസ്ഥത വഹിച്ചത് വാക്കുകൾ കൊണ്ടന്നതിനേക്കാൾ തന്റെ മനുഷ്യപ്രകൃതി പിതാവിന് സമർപ്പിച്ചു കൊണ്ടാണ്. മനുഷ്യന് വേണ്ടി മുറിവുകളേറ്റ് വാങ്ങിയ ശരീരം തുറന്നുകാണിച്ചുകൊണ്ട് പിതാവിന്റെ മുമ്പിൽ അവൻ കരുണ യാചിക്കുന്നു”.

സ്വർഗ്ഗാരോഹണം നമ്മെ ഭരമേൽപ്പിക്കുന്ന ദൗത്യത്തെ കുറിച്ചാണ് അപ്പസ്തോല പ്രവർത്തനം 1 :11 വാക്യത്തിൽ നമ്മൾ വായിക്കുന്നത്; അല്ലയോ ഗലീലിയക്കാരായ മനുഷ്യരെ നിങ്ങൾ എന്തിനാണ് ആകാശത്തേക്ക് നോക്കി നിൽക്കുന്നത് നിങ്ങളിൽ നിന്ന് എടുക്കപ്പെട്ട യേശു
ഈ പോയതുപോലെതന്നെ വീണ്ടും വരും”. മഹത്വത്തിൽ കരേറ്റപ്പെട്ട യേശു മഹത്വപൂർണ്ണനായി ഇറങ്ങി വരും എന്നുള്ള പ്രത്യാശയാണ് സ്വർഗ്ഗാരോഹണ തിരുനാൾ നൽകുന്നത്. അവന്റെ മഹത്വപൂർണ്ണമായ രണ്ടാം വരവിന് മനുഷ്യവംശത്തെ ഒരുക്കുകയാണ് ക്രിസ്തു ശിഷ്യരുടെ ദൗത്യം. ആകാശങ്ങളിലേക്ക് നോക്കിനിൽക്കാനല്ല , ഭൂമിയിൽ അവന്റെ സജീവ സാക്ഷികൾ ആകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യത്വത്തിന്റെ പരമമായ സാധ്യത ദൈവമഹത്വത്തിലുള്ള പങ്കുചേരലാണെന്നും ആ പങ്കുചേരൽ സാധ്യമാകുന്നത് ഈശോമിശിഹായിൽ വിശ്വസിച്ച് അവന്റെ ശരീരമാകുന്ന സഭയോട് ചേരുന്നത് വഴിയാണെന്നും ലോകത്തോട് നിരന്തരം പ്രഘോഷിക്കാനുള്ള ദൗത്യമാണ് നമുക്കുള്ളത്.

കൈകൾ ഉയർത്തി ആശിർവദിച്ചുകൊണ്ടിരിക്കെ അവൻ അവരിൽ നിന്നും മറഞ്ഞു എന്നാണ് ലൂക്കാ സുവിശേഷം വിവരിക്കുന്നത് (ലുക്കാ 24 :51 ). തന്റെ ശിഷ്യരെ ആശിർവദിക്കാൻ ഉയർത്തിയ മിശിഹായുടെ കരങ്ങൾ ഉയർന്നു തന്നെ നിൽക്കുകയാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടായിരത്തിൽപരം വർഷങ്ങൾ ആയിട്ടും മിശിഹായുടെ സഭയ്ക്ക് പീഡനങ്ങളെയും ക്ലേശങ്ങളെയും അതിജീവിച്ചതിന്റെയും ആധിപത്യങ്ങൾക്കോ ഭരണകൂടങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ സുവിശേഷത്തിന് വിലങ്ങുവയ്ക്കാൻ ഇന്നോളം കഴിയാതെ പോയതിന്റെയും കാരണം. മഹത്വപൂർണ്ണമായ അവന്റെ രണ്ടാമത്തെ വരവ് വരെ ആശിർവദിക്കാൻ ഉയർത്തിയ കരങ്ങൾ അങ്ങനെതന്നെ നിൽക്കും എന്നുള്ളതാണ് സ്വർഗ്ഗാരോഹണാതിരുനാൾ നൽകുന്ന പ്രത്യാശയുടെ ഉറപ്പ്. ആ പ്രത്യാശയോടെ നമുക്ക് ഭൂമിയിൽ അവന്റെ സാക്ഷികൾ ആകാം. മനുഷ്യത്വത്തിന്റെ പരമമായ സാധ്യത സ്വർഗ്ഗത്തിൽ ദൈവമഹത്വത്തിൽ പങ്കുചേരുകയാണെന്നുള്ളത് നിരന്തരം ഓർമ്മിക്കാം. സ്വർഗ്ഗാരോഹണാതിരുനാൾ മംഗളങ്ങൾ ഹൃദയപൂർവ്വം ആശംസിക്കുന്നു.

The post സ്വർഗ്ഗാരോഹണതിരുനാൾ appeared first on Syro-Malabar News.