കാക്കനാട്: സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷൻ്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി. നിലവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ റേഡിയോ 90 എഫ് എം വോയിസ് ഓഫ് അമൽ ജ്യോതി എന്ന കമ്മ്യൂണിറ്റി റേഡിയോയിൽ പ്രോഗ്രാം ഡയറക്ടർ ആയി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നു കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്റർനെറ്റ് മിഷന്റെ ചെയർമാൻ മാർ ജോസഫ് പണ്ടാരശ്ശേരി, സഭയുടെ പെർമനന്റ്റ് സിനഡിന്റെ അംഗീകാരത്തോടെയാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. 2026 ജൂലൈ ഒന്നാം തീയതി പുതിയ നിയമനം പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ ആറുവർഷക്കാലം സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കാര്യാലയത്തിൽ ഇന്റർനെറ്റ് മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ശുശ്രൂഷ പൂർത്തിയാക്കിയ ബഹുമാനപ്പെട്ട ഫാ. സെബി കൊളങ്ങര തന്റെ മാതൃരൂപതയായ ഇരിങ്ങാലക്കുടയിലേക്ക് തിരികെ പോവുകയാണ്. 2020 ജൂലൈ ഒന്നു മുതൽ 2026 ജൂലൈ ഒന്നു വരെയുള്ള സേവനകാലയളവിൽ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ ഇന്റർനെറ്റ് മിഷന് പുതിയൊരു ദിശാബോധം നൽകാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേത്യത്വത്തിന് സാധിച്ചിട്ടുണ്ട്.
സീറോമലബാർ മാട്രിമോണി നവീകരിക്കുന്നതിനും, ആധുനിക സാങ്കേതികവിദ്യയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ അതിനെ കൂടുതൽ ഉപഭോക്ത്യ സൗഹൃദമാക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് ആധുനിക രീതിയിൽ പുനഃക്രമീകരിക്കുകയും സഭയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കൃത്യതയോടെ ലഭ്യമാകുന്ന സുപ്രധാനമായ ഒരു ഡിജിറ്റൽ ഇടമായി അതിനെ മാറ്റിയെടുക്കുകയും ചെയ്യുന്നതിന് ഫാ. സെബി കൊളങ്ങര മുൻകൈയെടുത്തു.
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയുടെ പ്രസിദ്ധീകരണമായ ‘സീറോമലബാർവിഷൻ’ കൂടുതൽ വായനായോഗ്യമാക്കുന്നതിലും ആകർഷകമായ ലേഔട്ടിലൂടെയും പംക്തികളിലൂടെയും അതിന്റെ നിലവാരം ഉയർത്തുന്നതിലും മാസികയുടെ മാനേജിങ് എഡിറ്റർ എന്ന നിലയിൽ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നു.
മാത്യരൂപതയിലെ പുതിയ അജപാലന ദൗത്യങ്ങളിലേക്ക് പ്രവേശിക്കുന്ന ഫാ. സെബി കൊളങ്ങരയ്ക്കു മൗണ്ട് സെന്റ് തോമസ് കമ്മ്യൂണിറ്റിയുടെയും പ്രത്യേകിച്ച് സീറോമലബാർ വിഷൻ എഡിറ്റോറിയൽ ബോർഡിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും പ്രാർഥനാപൂർവ്വമായ മംഗളാശംസകളും നേരുന്നു.
The post സ്വാഗതം, നന്ദി. appeared first on Syro-Malabar News.