കാക്കനാട് : സീറോമലബാർസഭയിൽ 2026 മുതൽ ഒക്ടോബർ മാസം മുഴുവൻ ആചരിക്കുന്ന മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു. മാമോദീസ സ്വീകരിച്ച ഓരോരുത്തരും പ്രേഷിതരാണെന്ന ബോധ്യത്തിൽ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭാജീവിതത്തിലും പ്രേഷിതബോധം വളർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 1926-ൽ കത്തോലിക്കാ സഭയിൽ ആരംഭിച്ച ആഗോള മിഷൻ ഞായറിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വർഷമാണ് 2026 എന്ന പ്രത്യേകതയും ഈ വർഷത്തെ മിഷൻ മാസാചരണത്തിനുണ്ട്.
2024-ൽ പാലായിൽ നടന്ന മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരമാണ് ജനുവരിയിൽ ആചരിച്ചുവന്നിരുന്ന മിഷൻ വാരം ഒക്ടോബർ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന മിഷൻ മാസമായി മാറ്റിയത്. ആഗോള കത്തോലിക്കാ സഭയുടെ മിഷൻ, സീറോമലബാർസഭയുടെ മിഷൻ, ഓരോ രൂപതയുടെയും മിഷൻ, ഇടവക, കുടുംബം, വ്യക്തി എന്നിവർ ചെയ്യേണ്ട മിഷൻ പ്രവർത്തങ്ങൾ എന്നിങ്ങനെ നാല് തലങ്ങളെ അടിസ്ഥാനമാക്കിയാണ് 2026 ലെ മിഷൻ മാസാചരണം ക്രമീകരിച്ചിരിക്കുന്നത്. “മിഷനെ അറിയുക, മിഷനറിയാവുക” എന്നതാണ് മിഷൻ മാസാചരണത്തിന്റെ മുദ്രാവാക്യം.
മേജർ ആർച്ചുബിഷപ്പ് തിരിതെളിച്ച് നിർവഹിച്ച ഉദ്ഘാടന ചടങ്ങിന് ശേഷം സീറോമലബാർസഭയുടെ സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മിഷൻ മാസാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവ് മിഷൻ മാസാചരണ പ്രാർത്ഥന നയിച്ചു. സീറോമലബാർ മിഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, സിസ്റ്റർ ലിസ്യു തെരേസ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിന് നേതൃത്വം നൽകി. വിവിധ സന്യാസസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
The post സീറോമലബാർസഭയിൽ മിഷൻ മാസാചരണത്തിന് തുടക്കം. appeared first on Syro-Malabar News.