2024 ജൂലൈ 30-ന് വിലങ്ങാട് മേഖലയിൽ ഉണ്ടായ അതിശക്തമായ ഉരുൾപൊട്ടൽ ഒരു നാടിന്റെ സ്വപ്നങ്ങളെയും ജീവിതസമ്പാദ്യങ്ങളെയും ഒരു നിമിഷം കൊണ്ട് തകർത്തുകളഞ്ഞു. പ്രകൃതിയുടെ അതിവേഗ പ്രഹരത്തിൽ വിലങ്ങാട് പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ടു. ദുരന്തത്തിൽ ഒരാൾ മരണപ്പെടുകയും 18 വീടുകൾ പൂർണ്ണമായും തകർന്നടിയുകയും 80-ഓളം വീടുകൾ ഭാഗികമായി നശിക്കുകയും ചെയ്തു. റോഡുകളും പാലങ്ങളും വൈദ്യുതി ബന്ധവും തകരാറിലായതോടെ നൂറുകണക്കിന് കുടുംബങ്ങൾ പുറംലോകവുമായി ബന്ധമില്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അഭയം തേടേണ്ടിവന്നു. എന്നാൽ മാസങ്ങൾക്കിപ്പുറം അതേ മണ്ണിൽ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ പുനർജീവനത്തിന്റെ പുതിയ അധ്യായം കുറിക്കപ്പെട്ടു.

വിലങ്ങാടിന്റെ പുനരധിവാസ ചുമതല കത്തോലിക്ക സഭ കേരള സോഷ്യൽ സർവീസ് ഫോറത്തിന് ഏല്പിച്ചു. താമരശ്ശേരി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ സി.ഒ.ഡി (Centre for Overall Development) വഴിയാണ് ഫോറം പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ദുരിതബാധിതർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസസ് (CRS), സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ഓഫ് ലിയോൺ എന്നിവരുമായി സഹകരിച്ച് വീട് നഷ്ടപ്പെട്ടവരും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായ 100 കുടുംബങ്ങൾക്ക് വാഷ് കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ ഗുണഭോക്താക്കൾക്ക് 7,000 രൂപ വീതം നേരിട്ടുള്ള സാമ്പത്തിക സഹായം നൽകി അവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ സഹായിച്ചു.

കെ.സി.ബി.സി ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്‌മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ, കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. ആന്റണി ഫെർണാണ്ടസ്, കെ.എസ്.എസ്.എഫ് പ്രതിനിധികൾ എന്നിവർ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലും പുനരധിവാസ പ്രവർത്തനങ്ങൾ നേരിട്ട് സന്ദർശിച്ച് അവലോകനം നടത്തി. ആശ്വാസ പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ, വീട് നഷ്ടപ്പെട്ടവർക്ക് സുരക്ഷിത ഭവനം ഒരുക്കുക എന്ന ദൗത്യത്തോടെ ‘വിലങ്ങാട് പുനരധിവാസ പദ്ധതി’ ആരംഭിച്ചു. കെ.സി.ബി.സി പ്രസിഡന്റും കർദ്ദിനാളുമായ മാർ ബസേലിയോസ് ക്ലീമിസ് ആദ്യ ശിലാസ്ഥാപനം നടത്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു.

കെ.സി.ബി.സി, കാരിത്താസ് ഇന്ത്യ, വിവിധ രൂപതകൾ, സന്യാസ സഭകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ 70 വീടുകളാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ വീടിനും ഏകദേശം 15 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ഇതിൽ 41 വീടുകൾക്ക് 10 ലക്ഷം രൂപ വീതം കെ.സി.ബി.സി നേരിട്ട് നൽകുന്നു. ശേഷിക്കുന്ന തുക സി.ഒ.ഡി വിവിധ സഭാ സ്ഥാപനങ്ങളിലും വ്യക്തികളിലും നിന്ന് സമാഹരിക്കുന്നു.
എറണാകുളം-അങ്കമാലി, ഇരിങ്ങാലക്കുട, ഭദ്രാവതി, ഫരീദാബാദ്, കോഴിക്കോട്, ചിക്കാഗോ, മിസിസാഗ രൂപതകൾ; സി.എൻ.ഇ.ഡബ്ല്യു.എ (CNEWA), സി.എം.ഐ (CMI), അപ്പോസ്തോലിക് കാർമൽ, ഹോളി ക്രോസ്, ബഥനി സിസ്റ്റേഴ്സ്, എം.സി.ബി.എസ് (MCBS), കെ.സി.എം.എസ് (KCMS) തുടങ്ങിയ സന്യാസ സഭകൾ; ദുബായ് സിറോ മലബാർ കമ്മ്യൂണിറ്റി, ഇൻഫാം എന്നിവയും ഈ പുണ്യപ്രവർത്തനത്തിൽ പങ്കാളികളായി.
ഇതിനോടകം 60 വീടുകളുടെ വെഞ്ചിരിപ്പും താക്കോൽദാനവും പൂർത്തിയായി. ശേഷിക്കുന്ന വീടുകളുടെ നിർമ്മാണം 2026 മാർച്ചോടെ സമാപിക്കും. നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രാദേശിക തൊഴിലാളികളെയും സേവനങ്ങളെയും വിനിയോഗിച്ചതിലൂടെ നാട്ടുകാർക്ക് പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെട്ടു. കൂടാതെ നിർമ്മാണ സാമഗ്രികൾ പ്രാദേശികമായി വാങ്ങിയതിലൂടെ ദുരന്തബാധിത മേഖലയിലെ സാമ്പത്തിക സ്ഥിരത നിലനിർത്താനും സി.ഒ.ഡി ശ്രദ്ധ നൽകി.

വിലങ്ങാട് ഇടവക വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കൽ, സി ഒ ഡി ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, ശ്രീ.ആൽബിൻ സഖറിയാസ്, സിദ്ധാർത്ഥ് എസ് നാഥ് എന്നിവർ പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. വീടുകളുടെ വെഞ്ചിരിപ്പ് ചടങ്ങുകളിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ്, ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോസ് കല്ലുവേലിൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഡോ. ഹുസൈൻ മടവൂർ എന്നിവരോടൊപ്പം വിവിധ രൂപതകളിലെ വൈദികരും സന്യാസിനികളും തദ്ദേശ ജനപ്രതിനിധികളും പങ്കെടുത്തു.
ദുരന്തഭൂമിയിൽ നിന്ന് പ്രത്യാശയുടെ പുത്തൻ അധ്യായം തുറന്നുവെച്ച വിലങ്ങാട് പുനരധിവാസം, കരുണയും കൂട്ടായ്മയും ചേർന്നാൽ ദുരന്തങ്ങൾ പോലും പുതുജീവിതമായി മാറാമെന്നതിന് ശക്തമായ സാക്ഷ്യമായി മാറുന്നു.

The post വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തഭൂമിയിൽ നിന്ന് പുനർജന്മത്തിലേക്ക് — കത്തോലിക്ക സഭയുടെ മാതൃകാപരമായ പുനരധിവാസ പ്രവർത്തനം appeared first on Syro-Malabar News.