കാക്കനാട് : രാജ്കോട്ട് രൂപതയുടെ കാലം ചെയ്ത മുൻ ബിഷപ്പ് അഭിവന്ദ്യ മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറിയായിരുന്നെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.
പാലാ രൂപതയിലെ ചെമ്മലമറ്റത്തു ജനിച്ച ഗ്രിഗറി പിതാവ് തന്റെ വിശ്വാസത്തിന്റെ തനിമയും പാരമ്പര്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഒരു മിഷനറി മെത്രാനായിരുന്നുവെന്ന് മേജർ ആർച്ചുബിഷപ്പ് അനുസ്മരിച്ചു. സഭയുടെ അപ്പസ്തോലിക പാരമ്പര്യങ്ങളെ ഹൃദയത്തോട് ചേർത്തുപിടിച്ച അദ്ദേഹം, സീറോമലബാർ പ്രവാസികളുടെ ആത്മീയ ഉന്നമനത്തിനായി അക്ഷീണം പരിശ്രമിച്ചു. സീറോമലബാർ സഭയ്ക്ക് സ്വന്തം പ്രദേശത്തിന് വെളിയിൽ അജപാലന ശുശ്രൂഷാഘടനയും രൂപതകളും രൂപീകരിക്കുന്നതിൽ പരിശുദ്ധ സിംഹാസനത്തിനും സിനഡിനും വലിയ സഹായം നൽകാൻ പിതാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസ്മരിച്ചു.
ശക്തമായ നേതൃപാടവവും, അതുല്യമായ ഭരണനേതൃത്വവും, അഗാധമായ അറിവും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ഗ്രിഗറി പിതാവിന്റേത്. മികച്ചൊരു വാഗ്മിയും എഴുത്തുകാരനുമായിരുന്ന അദ്ദേഹം, സിനഡുകളിലെ സജീവ ഇടപെടലുകളിലൂടെ സിനഡാത്മകതയെ ഏറെ ശക്തിപ്പെടുത്തി. ദളിദ് വികാസ് സൊസൈറ്റി സ്ഥാപിച്ചുകൊണ്ട് ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിനായി പരിശ്രമിക്കുന്നതിലൂടെയും സീറോമലബാർസഭയുടെ ഇന്റർനെറ്റ് മിഷന്റെ പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുന്നതിലൂടെയും ഗ്രിഗറി പിതാവ് സഭയുടെ പ്രേഷിത പ്രവർത്തനരംഗത്തിനു പുതിയ ദിശാബോധം നൽകിയിട്ടുണ്ടെന്നും മേജർ ആർച്ചുബിഷപ്പ് അനുസ്മരിച്ചു.
അഭിവന്ദ്യ ഗ്രിഗറി പിതാവിന്റെ വേർപാടിൽ ദുഃഖിതരായിരിക്കുന്ന രാജ്കോട്ട് രൂപതാംഗങ്ങളെ സഭയുടെ അനുശോചനം അറിയിക്കുന്നതായും അഭിവന്ദ്യ ഗ്രിഗറി പിതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും മേജർ ആർച്ചുബിഷപ്പ് അറിയിച്ചു.
The post മാർ ഗ്രിഗറി കരോട്ടെമ്പ്രേൽ ദീർഘവീക്ഷണമുള്ള മിഷനറി: മാർ റാഫേൽ തട്ടിൽ appeared first on Syro-Malabar News.