റോംo: 2025 ലെ പ്രത്യാശയുടെ ജൂബിലിവർഷത്തിനു സമാപനംകുറിച്ച്, റോമിലെ നാല് പ്രധാന പേപ്പൽ ബസിലിക്കകളിലെ വിശുദ്ധ വാതിലുകൾ അടച്ചുതുടങ്ങി. ഇതിനായുള്ള സമയക്രമം വത്തിക്കാൻ പുറത്തിറക്കി. ജൂബിലി വർഷത്തിൽ 30 ദശലക്ഷം തീർഥാടകർ കടന്നുപോയ, വത്തിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ, 2026 ജനുവരി ആറിന് ലിയോ പാപ്പ അടയ്ക്കുന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിന് പൂർണ്ണ സമാപനമാകും. സാർവത്രിക സഭയിലെ ഈ ജൂബിലി വർഷം നമ്മെ ക്രിസ്തുവിന്റെ പ്രത്യാശയെ സ്വീകരിക്കാനും അതിൽ പുതുക്കപ്പെടാനും ആഹ്വാനം ചെയ്യുന്നു – നിരാശപ്പെടുത്താത്ത ഒരു പ്രത്യാശ. നാം ഒരു പ്രത്യേക തീർത്ഥാടന സമയത്തിലേക്ക് പ്രവേശിക്കുകയാണ്, പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിച്ചതുപോലെ, യേശു ‘നമ്മുടെ തീർത്ഥാടനത്തിന്റെ ലക്ഷ്യസ്ഥാനമാണ്’. അവൻ വഴിയും സഞ്ചരിക്കേണ്ട പാതയുമാണ്.

പ്രത്യാശയുടെ തീർത്ഥാടകർ എന്ന മുഖ്യപ്രമേയവുമായി ആരംഭിച്ച ഈശോയുടെ ജനനത്തിന്റെ 2025 ആം ജൂബിലി വർഷാഘോഷം സമാപ നത്തിലേക്ക് എത്തുന്നു . “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന തിരുവെഴുത്തിലൂടെ 2024 മെയ് മാസം ഒൻപതാം തീയതി സ്വർഗ്ഗാരോഹണ തിരുനാൾ ദിവസമാണ് ഫ്രാൻസിസ് മാർപാപ്പ 2025 ജൂബിലി വർഷം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2024 ലെ ക്രിസ്മസ് ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ തന്നെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധവാതിൽ തീർഥാടകർക്കായി തുറന്നുകൊടുത്തു. ഫ്രാൻസിസ് പാപ്പ തുറന്നതും ലെയോ പാപ്പ അവസാനിപ്പിക്കുന്നതുമായ ജൂബിലി വർഷമായിരുന്നു ഇത്. 1700-ൽ ഇന്നസെന്റ് പന്ത്രണ്ടാമൻ തുറന്ന് ക്ലെമന്റ് പതിനൊന്നാമൻ അടച്ചതിനുശേഷം സമാനമായ ഒന്ന് സംഭവിച്ചിട്ടില്ല.

ഫ്രാൻസിസ് മാർപാപ്പയെ അടക്കം ചെയ്ത, സെന്റ് മേരി മേജർ അഥവാ സാന്താ മരിയ മജോറെയിലെ വിശുദ്ധവാതിൽ ഇന്നലെ അടച്ചതോടെയാണ് ജൂബിലിവർഷത്തിന്റെ ഔദ്യോഗിക സമാപനത്തിന് തുടക്കമായത്. ഇന്നലെ നടന്ന ചടങ്ങുകൾക്ക് കർദ്ദിനാൾ റോളാൻഡാസ് മക്രിക്കാസ് മുഖ്യ കർമികത്വം വഹിച്ചു. ഡിസംബർ 27 ന് രാവിലെ 11 ന് കർദ്ദിനാൾ ബൽദസാരെ റെയ്‌നയുടെ കാർമികത്വത്തിൽ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലെ വിശുദ്ധവാതിൽ അടച്ചു. ഡിസംബർ 28 ന് രാവിലെ 10 ന് കർദ്ദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ സാൻ പൗളോ ബസിലിക്കയുടെ വിശുദ്ധ വാതിൽ അടച്ചു.

ജൂബിലി വർഷത്തിന്റെ സമ്പൂർണ്ണ സമാപനത്തെ സൂചിപ്പിക്കുന്നതിനായി ലെയോ പതിനാലാമൻ മാർപ്പാപ്പ 2026 ജനുവരി ആറിന് രാവിലെ 9.30 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വെങ്കല വാതില്‍ അടയ്ക്കുന്നതോടെ 2025 ജൂബിലി വര്‍ഷത്തിന് സമാപനമാകും . ജൂബിലി വർഷത്തിൽ വിശ്വാസികൾ വിശുദ്ധ വാതിലുകളിലൂടെ കടന്നുപോകുന്നതിലൂടെ പൂർണ്ണ ദണ്ഡവിമോചനം നേടുന്നു എന്നാണ് വിശ്വാസം. 1300-ൽ പോപ്പ് ബോണിഫേസ് എട്ടാമൻ ഒന്നാം ജൂബിലി പ്രഖ്യാപിച്ചതുമുതൽ ഈ പാരമ്പര്യം തുടർന്നുപോരുന്നു. പ്രാദേശിക സഭകളുടെ ജൂബിലി സമാപനം 2025 ഡിസംബർ 28-ന്, വിശുദ്ധ കുടുംബത്തിന്റെ തിരുനാളിൽ നടന്നിരുന്നു. സഭ അസാധാരണ വിശുദ്ധ വീണ്ടെടുപ്പ് വര്‍ഷമായി ആഘോഷിക്കുന്ന 2033-ല്‍ വിശുദ്ധ വാതില്‍ വീണ്ടും തുറക്കും.

The post പ്രത്യാശയുടെ ജൂബിലിവർഷം സമാപിക്കുന്നു appeared first on Syro-Malabar News.