മാനസാന്തരത്തിനുള്ള സവിശേഷ സമയമായ നോമ്പുകാലം തിരുവചനത്തിനു ചെവികൊടുത്തുകൊണ്ടും, ആത്മാവിന്റെ പ്രചോദനങ്ങളെ സ്വീകരിച്ചുകൊണ്ടും ഫലപ്രദമാക്കണമെന്നു ലെയോ മാർ പാപ്പ. മറ്റൊരാളെ ശ്രവിക്കുവാനുള്ള ആഗ്രഹമാണ്, ആ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ കാര്യമെന്നു എടുത്തുപറഞ്ഞ പാപ്പ, വിശുദ്ധ ഗ്രന്ഥവായന ദൈവത്തെ ശ്രവിക്കാനുള്ള സമയമാണെന്നും അതുവഴി ദൈവവുമായി ആത്മ ബന്ധത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും ഓർമ്മിപ്പിച്ചു. യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ, നമ്മെ കടന്നുപോകുന്ന നിരവധി ശബ്ദങ്ങളിൽ, ദൈവത്തിന്റെ സ്വരം തിരിച്ചറിയുവാൻ വചന ശ്രവണം നമ്മെ സഹായിക്കുമെന്നും പാപ്പ പറഞ്ഞു. നോമ്പ് ശ്രവിക്കുവാനുള്ള സമയമാണെങ്കിൽ, ദൈവവചനത്തെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന പ്രവർത്തനമാണ് ഉപവാസമെന്നു പാപ്പാ ഓർമ്മപ്പെടുത്തി. പുരാതനവും പകരം വയ്ക്കാനാവാത്തതുമായ ആത്‌മീയ ചര്യയാണ് ഇതെന്നും നമ്മുടെ ഉപജീവനത്തിന് അത്യന്താപേക്ഷിതമെന്നു നാം കരുതുന്ന കാര്യങ്ങളെക്കുറിച്ചു തിരിച്ചറിവുള്ളവരാകുവാൻ ഇത് നമ്മെ സഹായിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഉപവാസം ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുന്നതു മാത്രമല്ലെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ, അയൽക്കാരനെ ആക്രമിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുകൾ ഉപേക്ഷിക്കുവാനും കുടുംബത്തിൽ സുഹൃത്തുക്കൾക്കിടയിൽ, ജോലിസ്ഥലത്ത് സമൂഹ മാധ്യമങ്ങളിൽ അപവാദങ്ങൾക്കു പകരം വാക്കുകൾ മിതമായി ഉപയോഗിക്കുവാനും കൂട്ടായ്മയിൽ ജീവിക്കുവാനും ദയാപൂർവ്വമായ പെരുമാറ്റം വളർത്തിയെടുക്കുവാനും ഏവരെയും ക്ഷണിച്ചു.

The post നോമ്പുകാലം തിരുവചന ശ്രവണത്തിന്റെ സമയം: ലെയോ മാർ പാപ്പ! appeared first on Syro-Malabar News.