ഏപ്രിൽ മാസം തിരുസഭയെ സംബന്ധിച്ചിടത്തോളം ദൈവവിളികളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പ്രാർത്ഥിക്കാനും പ്രത്യേകം മാറ്റിവെച്ചിട്ടുള്ള ഒരു കാലയളവാണ്. ഈസ്റ്റർ തിരുനാളിന്റെ സന്തോഷം നിറഞ്ഞുനിൽക്കുന്ന ഈ മാസം, ആത്മീയമായ ഒരു പുതിയ ഉണർവിന്റെയും ദൈവഹിതം തിരിച്ചറിയുന്നതിന്റേയും സമയമായി സഭ കാണുന്നു. മിശിഹായുടെ ഉത്ഥാനം നൽകുന്ന പ്രത്യാശയും പുതിയ ജീവനും ദൈവവിളിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രചോദനമാണ്. ക്രിസ്തുവിനോടൊപ്പം മരിക്കാനും അവിടുത്തെ മഹത്വത്തിൽ പങ്കുചേരാനുമുള്ള വിളിയാണ് ഓരോ വിളിക്കപ്പടുന്ന ജീവിതവും. സുവിശേഷത്തിന്റെ സന്തോഷം ലോകത്തോട് പ്രഘോഷിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉത്ഥിതനായ മിശിഹാ നൽകുന്ന കരുത്ത് ഈ മാസത്തെ നമ്മുടെ ധ്യാനവിഷയമാണ്. ഓരോ വിശ്വാസിയും തങ്ങളുടെ മക്കളിലും സഹോദരങ്ങളിലും ദൈവത്തിന്റെ വിളി ഉണ്ടോ എന്ന് വിവേചിച്ചറിയാനും, ആ വിളിയെ ധീരമായി സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും കടപ്പെട്ടിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പപ്പാ യുവജനങ്ങളെ ഓർമ്മിപ്പിക്കുന്നു: “ദൈവവിളിയെക്കുറിച്ച് ചിന്തിക്കാൻ ഭയപ്പെടരുത്. ക്രിസ്തുവിന് നിങ്ങളുടെ ജീവിതത്തിന്റെ വാതിലുകൾ തുറന്നുകൊടുക്കുക. അവിടുത്തെ സ്നേഹത്തിന് നിങ്ങളുടെ ഹൃദയങ്ങളിൽ ഇടം നൽകുക. ക്രിസ്തുവിനെ അനുഗമിക്കുന്നതിലൂടെ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, മറിച്ച് എല്ലാം നേടാനുണ്ട്”.

ദൈവവിളി എന്നത് കേവലം ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പല്ല, മറിച്ച് അനാദിയിലെ ദൈവത്തിന്റെഹൃദയത്തിൽ രൂപംകൊണ്ട സ്നേഹപൂർണ്ണമായ ഒരു ക്ഷണമാണ്. “നീ ഗർഭപാത്രത്തിൽ രൂപപ്പെടുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ ശുദ്ധീകരിച്ചു” (ജെറമിയ 1:5) എന്ന പ്രവാചക വചനം ഓരോ ദൈവവിളിയുടെയും ആഴമേറിയ ബൈബിൾപരമായ അടിസ്ഥാനം നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ദൈവത്തിന്റെ വലിയൊരു ദാനമാണ് ഓരോ വിളിയും. ആ വിളി തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും നാമെല്ലാവരും ദൈവകരങ്ങളിലെ വിശുദ്ധമായ ഉപകരണങ്ങളായി മാറേണ്ടതുണ്ട്. സഭയുടെ നിലനിൽപ്പിന്റെയും പ്രേഷിത ദൗത്യത്തിന്റെയും ഏറ്റവും സുപ്രധാനമായ കണ്ണിയാണ് ദൈവവിളികൾ.

The post ദൈവവിളി: സഭയുടെ ഹൃദയതാളവും പ്രേഷിതദൗത്യത്തിന്റെ ആത്മാവും മേജർ ആർച്ചുബിഷപ്പിന്റെ സന്ദേശം appeared first on Syro-Malabar News.