കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ 23 വരെ തിയതികളിൽ റോമിൽ വച്ച് നടക്കും. പരിശുദ്ധ ലെയോ മാർപാപ്പ ഈ സമ്മേളനത്തിൽ പ്രത്യേകമായി പങ്കെടുക്കുകയും ആശീർവാദം നൽകുകയും ചെയ്യും.സീറോമലബാർസഭയുടെയും,109 വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള കത്തോലിക്ക കോൺഗ്രസിൻ്റേയും ചരിത്രത്തിലെ അവിസ്മരണീയമായ സംഗമമാണ് റോം ഗ്ലോബൽ മീറ്റ്.

ആഗോള തലത്തിൽ സമുദായ ശക്തികരണത്തിൻ്റെ വ്യത്യസ്ഥ മേഖലകൾ, പ്രതിസന്ധികൾ, സാധ്യതകൾ, ഗ്ലോബൽ കണക്ടിവിറ്റി, ബിസിനസ്സ് നെറ്റ്‌വർക്കിംഗ് തുടങ്ങിയവയെ ആസ്പദമാക്കിയുള്ള സെഷനുകൾ, ചർച്ചകൾ, സംവാദങ്ങൾ, നയരൂപീകരണങ്ങൾ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. ഈ സമ്മേളനത്തിൽ മാർപാപ്പയുടെ മഹനീയ സാന്നിധ്യം സീറോ മലബാർ സഭയുടെ മുഴുവൻ ജനതയ്ക്കും ഉള്ള ആശീർവാദവും നൽകുന്നതാണ്.ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ വസിക്കുന്ന സീറോമലബാർ സമുദായ അംഗങ്ങളിലെ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, പൗരസ്ത്യ തിരുസംഘ അദ്യക്ഷന്മാർ, ബിഷപ്പ് ലഗേറ്റ് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ, ആർച്ച് ബിഷപ്പ്മാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, മാർ തോമസ് തറയിൽ, ബിഷപ്പുമാരായ മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോയ് ആലപ്പാട്ട്, മാർ ജോസ് കല്ലുവേലിൽ, മാർ ജോർജ് മഠത്തികണ്ടതിൽ, മാർ പോളി കണ്ണൂകാടൻ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോസഫ് അരുമച്ചാടത്ത് ഉൾപ്പെടെ സഭാ പിതാക്കന്മാരും, സമുദായ നേതാക്കളും മന്ത്രിമാരും ജന പ്രതിനിധികളും മൂന്ന് ദിവസത്തെ കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്.

ഗ്ലോബൽ മീറ്റിന് മുന്നോടിയായി സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിലിന് കൈമാറിയ പതാക 32 രാജ്യങ്ങളിലൂടെ കടന്നു പോകുന്ന പതാക പ്രയാണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങൾ, ക്യാനഡ, യു.എസ്.എ, ആസ്ട്രേലിയ, ഫാർ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾ സഞ്ചരിച്ച് സ്വീകരണങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ചേരുന്നതും, ഒക്ടോബറിൽ ഇന്ത്യയില വിവിധ രൂപതകളിലൂടെ പ്രയാണം ചെയ്ത് ഒക്ടോബർ 18 ന് റോമിലേക്ക് പ്രയാണം നീങ്ങുന്നതും ഒക്ടോബർ 19 ന് റോമിൽ പതാക ഉയർത്തൽ നടത്തപ്പെടുന്നതുമാണ്. തുടർന്ന് നടക്കുന്ന ഗ്ലോബൽ മീറ്റ് ചരിത്ര സംഭവമാക്കുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

The post കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് റോമിൽ: ലെയോ പതിനാലാമൻ മാർപാപ്പ പങ്കെടുക്കും. appeared first on Syro-Malabar News.