ക്രിസ്തുവിന്റെ സുവിശേഷത്തിന് തീക്ഷ്ണതയോടെ സാക്ഷ്യംവഹിച്ച തീക്ഷ്ണമതിയായ മിഷനറിയായിരുന്നു ആർച്ചുബിഷപ്പ് തോമസ് മേനാംപറമ്പിലെന്ന് സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് നിര്യാതനായ ഗുവാഹത്തി അതിരൂപതയുടെ പ്രഥമ ആർച്ചുബിഷപ്പ് തോമസ് മേനാംപറമ്പിലിന്റെ നിര്യാണത്തിൽ നൽകിയ അനുശോചന സന്ദേശത്തിലാണ് മാർ റാഫേൽ തട്ടിൽ പിതാവ് ഇത് പറഞ്ഞത്. ക്രിസ്തു സമാനമായ സ്നേഹത്തോടെ വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സഭാചരിത്രത്തിലെ സുവർണ്ണ ഏടുകളാണന്നു മാർ റാഫേൽ തട്ടിൽ പിതാവ് അനുസ്മരിച്ചു.

സുവിശേഷ പ്രഘോഷണത്തോടൊപ്പം തന്നെ, വിവിധ സംസ്കാരങ്ങളെയും ജനവിഭാഗങ്ങളെയും ചേർത്തുപിടിച്ച ഒരു തികഞ്ഞ മനുഷ്യസ്നേഹിയായും സംഘർഷ ഭൂമികളിൽ സമാധാനത്തിന്റെ ദൂതനായും അദ്ദേഹം ലോകത്തിന് മാതൃക കാട്ടിയെന്നും തന്റെ ലളിതമായ ജീവിതശൈലിയിലൂടെയും ആഴമേറിയ പാണ്ഡിത്യത്തിലൂടെയും സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്നും മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

താൻ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത കർത്താവിന്റെ സന്നിധിയിൽ അഭിവന്ദ്യ മേനംപറമ്പിൽ പിതാവിന് ശാന്തിയും നിത്യസമ്മാനവും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അഭിവന്ദ്യ പിതാവിന്റെ വിയോഗത്തിൽ വേദനിക്കുന്ന ഗുവാഹത്തി അതിരൂപതാംഗങ്ങളുടെയും സലേഷ്യൻ സന്യാസ സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ഹൃദയപൂർവകമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മാർ റാഫേൽ തട്ടിൽ പിതാവ് അറിയിച്ചു.

The post ആർച്ചുബിഷപ്പ് തോമസ് മേനാംപറമ്പിൽ തീക്ഷ്ണമതിയായ മിഷനറി: മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ! appeared first on Syro-Malabar News.