പാലക്കാട്: സീറോമലബാർ സമുദായത്തിന്റെ ശാക്തീകരണവും പ്രതിസന്ധി പരിഹാരവും ലക്ഷ്യമിട്ടുള്ള ‘സമുദായ ശക്തീകരണ വർഷം 2026′ ന്റെ പാലക്കാട് രൂപതാതല’ ഉദ്ഘാടനം ഫെബ്രുവരി 28 ശനിയാഴ്ച മുണ്ടൂർ യുവക്ഷേത്ര കോളേജിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ജെ.ബി. കോശി നിർവ്വഹിച്ചു. സീറോ മലബാർ സഭയുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ പഠിക്കാൻ സർക്കാർ നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം ചടങ്ങിൽ ഓർമ്മിപ്പിച്ചു. മലയോര മേഖലയിലെ ജനങ്ങൾ ഇന്ന് നേരിടുന്നത് മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ജസ്റ്റിസ് ജെ.ബി. കോശി അഭിപ്രായപ്പെട്ടു. മരത്തിൽ ഉണ്ടാകുന്നത് അണ്ണാനും കുരങ്ങും കൊണ്ടുപോകുന്നു, മണ്ണിൽ നട്ടത് കാട്ടുപന്നി നശിപ്പിക്കുന്നു, ഇത് അന്വേഷിക്കാൻ ഇറങ്ങുന്ന മനുഷ്യനെ വന്യമൃഗങ്ങൾ കൊണ്ടുപോകുന്നു എന്നതാണ് ഇന്നത്തെ ദാരുണാവസ്ഥ. ഈ കമ്മീഷൻ റിപ്പോർട്ട് ഇതര സമുദായങ്ങൾക്ക് എതിരല്ലെന്നും മറിച്ച് തീരദേശത്തെയും മലയോരത്തെയും മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയുടെയും വിവിധ സംഘടനകളുടെയും സഹകരണമാണ് കൃത്യമായ റിപ്പോർട്ട് തയ്യാറാക്കാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ അധ്യക്ഷത വഹിച്ച പാലക്കാട് രൂപതാ ബിഷപ് മാർ പീറ്റർ കൊച്ചുപുരക്കൽ, മാറുന്ന സാഹചര്യത്തിൽ സീറോ മലബാർ സമൂഹം ഒരു ആഗോള സമൂഹമായി വളരുകയാണെന്ന് നിരീക്ഷിച്ചു. കേരളത്തിലെ സാമൂഹിക-സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങൾ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുന്നു. നമ്മുടെ സമൂഹം ആരുടെയും ഔദാര്യത്തിന് വേണ്ടി യാചിക്കുന്നവരല്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
രൂപതയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ്മപദ്ധതികളുടെ മാർഗ്ഗരേഖ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ ചടങ്ങിൽ പരിചയപ്പെടുത്തി. തുടർന്ന് ജസ്റ്റിസ് ജെ.ബി. കോശി പ്രവർത്തന മാർഗ്ഗരേഖ പ്രകാശനം ചെയ്തു. ഫാ. അരുൺ കലമറ്റത്തിൽ വിഷയാവതരണം നടത്തി. സമുദായത്തെ ആത്മീയമായും സാമൂഹികമായും ഉയർത്തുന്നതിനായുള്ള വിപുലമായ പരിപാടികളാണ് വരും മാസങ്ങളിൽ രൂപതയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
സമുദായ ശക്തീകരണ ജനറൽ കൺവീനർ അഡ്വ. ബോബി ബാസ്റ്റ്യൻ സ്വാഗതവും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി. സി.ആർ.ഐ പ്രസിഡന്റ് ഫാ. ആന്റണി പുത്തനങ്ങാടി, മാതൃവേദി പ്രസിഡന്റ് സോളി തോമസ്, കെ.സി.വൈ.എം പ്രസിഡന്റ് ജിബിൻ പയസ്, മെൽവിൻ പി. അനിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എബിൻ കണിവയലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പാലക്കാട് രൂപതാ വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ, കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post സമുദായ ശക്തീകരണ വർഷം; പാലക്കാട് രൂപതാതല ഉദ്‌ഘാടനം appeared first on Syro-Malabar News.