യുഗ സ്രഷ്ടാവ്, കേരള നവോത്ഥാന നായകൻ, സഭാസമുദ്ധാരകൻ എന്നിങ്ങനെയുള്ള പേരുകളിൽ പരക്കെ ആദരിക്കപ്പെടുന്ന ചാവറയച്ചൻ ഒരു പ്രകാശഗോപുരമായിരുന്നു. ആധ്യാത്മിക സേവനത്തിനോടൊപ്പം സ്‌കൂളുകളും പ്രസുകളും സ്ഥാപിച്ചു സാമൂഹിക വിപ്ലവം നടത്തിയ വ്യക്തി. അതിലുപരി മികച്ച സാഹിത്യകാരനും. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാരതീയ ഭാഷകൾക്കു പുറമെ സുറിയാനി, ലത്തീൻ, ഇറ്റാലിയൻ, പോർച്ചുഗീസ് എന്നീ ഭാഷകളും അനായാസം കൈകാര്യം ചെയ്തിരുന്ന ബഹുഭാഷാ പണ്ഡിതൻ. മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യമായ അനസ്താസ്യയുടെ രക്ഷസാക്ഷിത്വത്തിന്റെ(1862) കർത്താവ് ,ഇങ്ങനെയെല്ലാം മലയാളിയുടെ നിലവാരമുയർത്താൻ പ്രയത്‌നിച്ച വ്യക്തിത്വമാണ് വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ്.

കുട്ടനാട്ടിലെ കൈനകരിയിൽ 1805 ഫെബ്രുവരി 10-നാണു വിശുദ്ധ ചാവറയച്ചൻ ജനിച്ചത്. ചാവറ കുടുംബത്തിലെ കുര്യാക്കോസും തോട്ടയ്ക്കാട് ചോതിരക്കുന്നേൽ കുടുംബത്തിൽ നിന്നുള്ള മറിയവുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയില്‍ വെച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. മികച്ച വചനപ്രഘോഷകനും ആത്മീയ പാലകനുമായി തിളങ്ങി. തുടർന്ന് പാലയ്ക്കൽ മല്പാനച്ചനോടും പോരൂക്കര തോമാ മല്പാനച്ചനോടും ചേർന്ന് 1831 മെയ്‌ 11-നു സി.എം.ഐ സന്യാസസഭയ്ക്കു മാന്നാനത്തു തുടക്കമിട്ടു. 1855 ഡിസംബർ എട്ടിന് അദ്ദേഹവും മറ്റു പത്തു വൈദികരും സന്യാസവ്രതാനുഷ്ഠാനം നടത്തി.

1846-ൽ മാന്നാനത്ത് ഒരു സംസ്‌കൃതവിദ്യാലയം സ്ഥാപിച്ച് ചാവറയച്ചൻ പുതുചരിത്രം കുറിച്ചു. സവർണരെയും അവർണരെയും ഒരേ ബഞ്ചിലിരുത്തി പഠിപ്പിക്കുവാൻ അദ്ദേഹം തയാറായപ്പോൾ കേരള നവോത്ഥാനത്തിനുള്ള വലിയ ഒരു കാൽവയ്പായി അതു മാറി. അതുവരെ മലയാളിക്ക് ചിന്തിക്കാൻ കഴിയാത്ത സാമൂഹിക വിപ്ലവം. മാന്നാനത്തെന്നപോലെ അദ്ദേഹം കുടമാളൂരും സ്‌കൂൾ സ്ഥാപിച്ചു. സാർവത്രിക വിദ്യാഭ്യാസം എപ്പോഴും ലക്ഷ്യം വച്ചിരുന്ന വിശുദ്ധ ചാവറയച്ചൻ ആ രംഗത്തു വലിയൊരു വിപ്ലവം സൃഷ്ടിച്ചത് 1864-ൽ ‘പള്ളിയോടൊപ്പം ഒരു പള്ളിക്കൂടം’ എന്ന ആശയം മുന്നോട്ട് വച്ചതിലൂടെ ആയിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ആശയമുയർത്തി ചാവറയച്ചൻ തുടങ്ങിയ നവോത്ഥാന മുന്നേറ്റമാണ് ആധുനിക കേരള സൃഷ്ടിയുടെ അടിത്തറ. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്നു അന്ന് ചാവറയച്ചൻ. പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി പൗരസ്ത്യ സുറിയാനി പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്.

കത്തോലിക്കാസഭയുടെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കുന്നതിലും വിട്ടുവീഴ്ച വരുത്തിയില്ല. വിശുദ്ധ ചാവറയച്ചന്റെ സമയോചിതമായ ഇടപെടൽ മൂലമായിരുന്നു റോക്കോസ് മെത്രാൻ ജന്മനാട്ടിലേക്കു തിരികെപ്പോയതും സുറിയാനിക്കത്തോലിക്കരുടെയിടയിലെ പിളർപ്പ് ഒഴിവായതും.

1871 ജനുവരി 3ന് വിശുദ്ധനായ സന്യാസിയുടെ എല്ലാ പരിമളവും അവശേഷിപ്പിച്ചിട്ടാണ് ചാവറയച്ചൻ മരിച്ചത്. ഭൗതീകാവശിഷ്ടങ്ങള്‍ അദ്ദേഹം മരിച്ച സ്ഥലമായ കൂനമ്മാവില്‍ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും അവിടത്തെ സെന്റ്‌. ജോസഫ് ആശ്രമത്തില്‍ സൂക്ഷിക്കുകയും ചെയ്തു. 1936 ഡിസംബർ 21-നായിരുന്നു ചാവറയച്ചന്റെ നാമകരണ നടപടികൾ ആരംഭിക്കാൻ സഭാതലത്തിൽ തീരുമാനം എടുത്തത്. നാമകരണ നടപടികളുടെ ഭാഗമായി 1958 ജനുവരി മൂന്നിനു ചാവറയച്ചനെ ദൈവദാസനായും 1984 ഏപ്രിൽ ഏഴിനു ധന്യനായും 1986 ഫെബ്രുവരി എട്ടിനു വാഴ്‌ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലെത്താൻ അത്ഭുതം സംഭവിക്കണമായിരുന്നു. അതും നടന്നു. ചാവറയച്ചനോടുള്ള മാദ്ധ്യസ്ഥ പ്രാർത്ഥനയുടെ ഫലമായി പാലാ കൊട്ടാരത്തിൽ ജോസിന്റെയും മേരിയുടെയും മകൾ മരിയയുടെ രണ്ടു കോങ്കണ്ണുകളും നേരെയായി എന്നതായിരുന്നു അദ്ഭുതം. തുടർന്ന് 2014 നവംബര്‍ 23ന് ഫ്രാന്‍സിസ്‌ പാപ്പ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ ‘വിശുദ്ധന്‍’ ആയി പ്രഖ്യാപിച്ചു.

സാർഥകമായ, ആ സുകൃത ജീവിതത്തിന്റെ പുനർവായന നമ്മെ ഓർമ്മിപ്പിക്കുന്നത് കർമംകൊണ്ടു ചാവറയച്ചൻ സാക്ഷ്യപ്പെടുത്തിയ സന്ദേശത്തിൽ കുറഞ്ഞൊന്നുമല്ല; “അപരന്, നന്മ ചെയ്യാത്ത ഒരു ദിവസം നിന്റെ ആയുസിന്റെ കണക്കിൽ രേഖപ്പെടുത്തപ്പെടില്ല”

The post യുഗ പ്രഭാവനായ വിശുദ്ധ ചാവറയച്ചൻ appeared first on Syro-Malabar News.