വത്തിക്കാൻ: മെത്രാന്മാർ യേശുവിനോടുകൂടെ ആയിരിക്കാനും നല്ല ഇടയനായ യേശുവിന്റെ ഹൃദയം സ്വന്തമാക്കാനും മിഷനറി ഹൃദയത്തോടെ ശുശ്രൂഷ നിർവഹിക്കാനും വിളിക്കപ്പെട്ടവരാണെന്ന് ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞു. മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്റ്ററി, സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുതായി അഭിഷിക്തരായ മെത്രാന്മാർക്കായി വത്തിക്കാനിൽ സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ പങ്കെടുത്തവരുമായി സെപ്റ്റംബർ 10ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഒരുമിച്ചു പ്രാർത്ഥിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവയ്ക്കുകയും ചെയ്ത പരിശീലനദിവസങ്ങൾ മെത്രാന്മാർ ആരും തങ്ങളുടെ ശുശ്രൂഷയിൽ ഏകരല്ലെന്ന സത്യത്തിന്റെ അനുഭവമായിരുന്നുവെന്ന് പാപ്പാ പറഞ്ഞു. വിശുദ്ധ കുർബാന, ദൈവവചന വായന, പ്രാർത്ഥന എന്നിവയിലൂടെ മെത്രാന്മാർ നിരന്തരം യേശുവിനോടൊപ്പം ആയിരിക്കണം. ഹൃദയം കർത്താവിനോട് അടുത്തിരിക്കുമ്പോഴാണ് ശുശ്രൂഷ കൂടുതൽ ശാന്തവും സ്വതന്ത്രവും ഫലപ്രദവുമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നല്ല ഇടയനായ യേശുവിന്റെ ഹൃദയം സ്വന്തമാക്കി ജനങ്ങളെ സ്നേഹത്തോടെ സേവിക്കണം. മെത്രാന്മാർ ജനങ്ങളുടെ പേരുകളും ജീവിതകഥകളും അറിയുകയും അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരുകയും വീടുകൾ സന്ദർശിക്കുകയും അവരോടൊപ്പം പ്രാർത്ഥിക്കുകയും വേണം. വൈദികരെ പിതാവിന്റെയും സഹോദരന്റെയും സ്നേഹത്തോടെ സ്വീകരിക്കുകയും അവരുടെ വാക്കുകൾ കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്നും പാപ്പാ പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും കാലഘട്ടത്തിൽ മനുഷ്യനെ പരിപാലിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും, സംഭാഷണത്തിന്റെയും സ്നേഹത്തിന്റെയും നാഗരികതയ്ക്കായി മെത്രാന്മാർ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യേകിച്ച് യുവസഭകളിൽ മിഷനറി ഹൃദയത്തോടെ എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലുകയും ഓരോ വ്യക്തിയിലുമുള്ള നന്മ തിരിച്ചറിയുകയും ചെയ്യണമെന്ന് പാപ്പാ ഓർമിപ്പിച്ചു. “ഞാൻ ഒരു മെത്രാനാണ്, നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയാണ്” എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ, മെത്രാന്മാരുടെ ശുശ്രൂഷ സ്നേഹത്തിന്റെ സേവനമായിരിക്കണമെന്ന് ഓർമിപ്പിച്ചു. 2026 സെപ്റ്റംബർ 2 മുതൽ 10 അവരെ തീയതികളിൽ വത്തിക്കാനിൽ നടന്ന പ്രോഗ്രാമിൽ ലോകത്തിലെ വിവിധ അരാജ്യങ്ങളിൽനിന്നുമായി 147 നവ മെത്രാൻമാരാണ് പങ്കെടുത്തത്. സീറോമലബാർസഭയിൽനിന്നും അദിലാബാദ് മെത്രാൻ മാർ ജോസഫ് തച്ചാപറമ്പത്തു, ബെൽത്തങ്ങാടി മെത്രാൻ മാർ ജെയിംസ് പട്ടേരിൽ എന്നിവർ പങ്കെടുത്തു.
The post മെത്രാന്മാർ മിഷനറി ഹൃദയത്തോടെ ശുശ്രൂഷ നിർവഹിക്കണം: പാപ്പാ appeared first on Syro-Malabar News.