‘ദെനഹ’ എന്ന സുറിയാനി പദത്തിന് സൂര്യോദയം അല്ലെങ്കിൽ പ്രഭാതം എന്നർത്ഥമാണ്. യോർദ്ദാൻ നദിയിൽ ഈശോ സ്വീകരിച്ച മാമ്മോദ്ദീസയെ അനുസ്മരിച്ചുകൊണ്ടാണ് ദെനഹ തിരുനാൾ ആചരിക്കുന്നത്. മിശിഹായുടെ മാമ്മോദ്ദീസ സമയത്ത് സ്വർഗ്ഗം തുറന്നു; ദൈവപിതാവ് ഈശോ തന്റെ പ്രിയപുത്രനാണെന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ റൂഹാ പ്രാവിന്റെ രൂപത്തിൽ മിശിഹായുടെമേൽ ആവസിച്ചു. ഈ നിമിഷത്തിൽ പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളും സന്നിഹിതരായിരുന്നു. ലോകം കാത്തിരുന്നിരുന്ന ‘മഹാപ്രകാശം’ വന്നെത്തിയതായുള്ള വെളിപ്പെടുത്തലായിരുന്നു ഇത്.
യേശുവിന്റെ മാമ്മോദ്ദീസ തിരുനാൾ പാശ്ചാത്യ ക്രൈസ്ത ലോകത്തു സാധാരണയായി എപ്പിഫനി (Epiphany) എന്ന പേരിലും, പൗരസ്ത്യ ക്രൈസ്തവർക്കിടയിൽ തീയോഫനി (Theophany – ദൈവം വെളിപ്പെട്ടു) എന്ന പേരിലും അറിയപ്പെടുന്നു. ഈ രണ്ട് പദങ്ങൾക്കും ഈശോ മിശിഹായുടെ ദൈവീകത വെളിപ്പെടുന്നു എന്ന അർത്ഥമാണുള്ളത്. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ ഈ ദിവസം ‘ദെനഹ’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജനുവരി 6-ന് ആചരിക്കുന്ന ദെനഹ തിരുനാൾ പൗരസ്ത്യ സഭകളുടെ ആരാധനാ ക്രമത്തിൽ അതുല്യവും സുപ്രധാനവുമായ സ്ഥാനമാണ് വഹിക്കുന്നത്. ക്രിസ്തുമതത്തിന്റെ പ്രാരംഭകാലത്ത്, മിശിഹായുടെ ജനനം, ജ്ഞാനികളുടെ സന്ദർശനം, കർത്താവിന്റെ മാമ്മോദ്ദീസ എന്നിവയെല്ലാം ഒരുമിച്ച് ജനുവരി 6-ന് തന്നെ ആഘോഷിച്ചിരിന്നു. പിന്നീട്, ക്രിസ്തുമസ് ഡിസംബർ 25-ന് ആചരിക്കപ്പെടണമെന്ന് നിശ്ചയിക്കപ്പെട്ടതോടെ, ജനനതിരുനാൾ ‘ദനഹാ തിരുനാളിൽ’ നിന്നു പന്ത്രണ്ടു ദിവസത്തെ ഇടവേളയോടെ വേർതിരിക്കപ്പെട്ടു. 567-ലെ ടൂര്‍സിലെ സമ്മേളനത്തില്‍ വെച്ച് ക്രിസ്തുമസ് ഡിസംബര്‍ 25-നും, എപ്പിഫനി ജനുവരി 6-നും വെവ്വേറെ കൊണ്ടാടുവാന്‍ തീരുമാനിച്ചു, ഈ ദിവസങ്ങള്‍ക്കിടയിലുള്ള 12 ദിവസത്തെ കാലാവധിയെ ‘ക്രിസ്തുമസ്സ് കാലം’ എന്ന് വിളിക്കുകയും ചെയ്തു.
ദെനഹാ തിരുനാളിന്റെ ആന്തരീകാർത്ഥങ്ങൾ:
a) ഈശോ ദൈവപുത്രനായി വെളിപ്പെടുത്തപ്പെട്ടു (യോഹ. 1:34). ഈശോ ഈ ദിവസത്തിൽ ദൈവപുത്രനായി മാറിയതല്ല. പരിശുദ്ധാത്മാവ് എന്നും അവനിൽ വസിച്ചിരുന്നു. ഈ ദിവസത്തിൽ അവൻ സർവ്വർക്കും ദൈവപുത്രനായി വെളിപ്പെടുകയാണ് ചെയ്തത്. പിതാവും പരിശുദ്ധാത്മാവും ചേർന്നാണ് അവനെ ദൈവപുത്രനായി വെളിപ്പെടുത്തിയത്.
b) പരിശുദ്ധ ത്രിത്വത്തിന്റെ മഹാരഹസ്യം ആദ്യമായി വ്യക്തമായി വെളിപ്പെട്ടു; അതിനു മുൻപ് പല സൂചനകൾ ഉണ്ടായിരുന്നെങ്കിലും. ശരീരധാരിയായ പുത്രൻ സ്നാനം സ്വീകരിക്കുന്നു; പിതാവ് ശബ്ദമായി സംസാരിക്കുന്നു; പരിശുദ്ധാത്മാവ് പ്രാവായി ഇറങ്ങിവരുന്നു.
c) സ്വർഗ്ഗം തുറക്കപ്പെട്ടതിലൂടെ, പാപം മൂലം ദൈവത്തിൽ നിന്ന് അകന്നുപോയ സൃഷ്ടിയെയും സൃഷ്ടികർത്താവിനെയും മിശിഹാ മുഖാന്തിരം, പരിശുദ്ധാത്മാവിന്റെ സാക്ഷ്യത്തോടെ, ഐക്യപ്പെടുത്തൽ നടന്നു. ദൈവത്തിൽ നിന്ന് വേർപെട്ടിരുന്ന ലോകത്തിനായി അവൻ സ്വർഗ്ഗം തുറന്നു.
d) യേശുവിന്റെ സ്നാനം പിതാവാൽ പരിശുദ്ധാത്മാവിലൂടെ ലഭിച്ച അഭിഷേകമായിരുന്നു. പരിശുദ്ധാത്മാവിന്റെ പ്രതീകമായ എണ്ണയാൽ അഭിഷേകം ചെയ്യുന്നതിനുപകരം, അവൻ പരിശുദ്ധാത്മാവിനാൽ തന്നെ അഭിഷിക്തനായി. പ്രവാചകൻ, പുരോഹിതൻ, രാജാവ് എന്നീ ദൗത്യങ്ങൾ നിറവേറ്റാൻ അവിടുന്ന് വന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു (സങ്കീ. 45:7–8; യശ. 61:1).
e) യേശുവിനെ ഇസ്രായേലിന് വെളിപ്പെടുത്തുന്ന സമയമായിരുന്നു അവിടുത്തെ സ്നാനം (യോഹ. 1:31).
f) അവൻ സകല നീതിയും നിറവേറ്റി എന്നതിന്റെ വെളിപ്പെടുത്തൽ (മത്താ. 3:15). ഹീബ്രുവിലും ഗ്രീക്കിലും ‘നീതിമാൻ’ എന്ന വാക്കിന് “ദൈവം ആവശ്യപ്പെടുന്നതു ചെയ്യുക; ദൈവത്തിന്റെ വെളിപ്പെടുത്തിയ ഇച്ഛയ്ക്കു പ്രതികരിക്കുക” എന്ന അർത്ഥമാണുള്ളത്. ദൈവത്തിന്റെ എല്ലാ നീതിപൂർണ്ണമായ ആവശ്യങ്ങളും ക്രിസ്തുവിൽ പൂർണ്ണമായി നിറവേറ്റപ്പെട്ടു. ദൈവജനത്തെ രക്ഷിക്കുന്ന ദൈവത്തിന്റെ നീതീകരിക്കുന്ന പ്രവർത്തനത്തിൽ യേശു പങ്കുചേരുകയാണ്.
g) യേശുവിന്റെ സ്നാനം, അവന്റെ ഭൂമിയിലെ വീണ്ടെടുപ്പ് ശുശ്രൂഷയുടെ ഔപചാരിക തുടക്കം അടയാളപ്പെടുത്തുന്നു.
h) ഇത് യേശുവിനെ ബലിവസ്തുവായി വെളിപ്പെടുത്തപ്പെട്ട സംഭവവുമായിരുന്നു. യാഗങ്ങൾ അർപ്പിക്കുന്നതിന് മുമ്പ് അവ കഴുകേണ്ടതുണ്ടെന്നത് യഹൂദനിയമമായിരുന്നു. യേശുക്രിസ്തു യോർദ്ദാൻ നദിയിൽ കഴുകപ്പെടുകയും, സ്വയം യാഗമായി സമർപ്പിക്കുകയും ചെയ്തു.
കർത്താവായ ഈശോ യോർദ്ദാൻ നദിയിലെ വെള്ളത്തിലേക്ക് കാലെടുത്ത നിമിഷം, ഇരുട്ട് അകന്നുപോയി, വെള്ളത്തിന്മേൽ പ്രകാശം പരന്നു. അങ്ങനെ, ലോകത്തിന്റെ പ്രകാശമായ നമ്മുടെ കർത്താവ്, എല്ലാ തരത്തിലുള്ള അന്ധകാരവും നീക്കുന്നതിനായി ലോകത്തിലേക്ക് അവതരിച്ചതിന്റെ ദെനഹയായി മാറി അവിടുന്ന് സ്വീകരിച്ച സ്നാനം.
The post നമ്മുടെ കർത്താവിന്റെ ദെനഹ (Denaha of Our Lord) appeared first on Syro-Malabar News.