ഉത്സവപ്പറമ്പിൽ മഴവിൽ നിറങ്ങളിൽ ഉയർന്നു പറക്കുന്ന ബലൂണുകൾ… കാറ്റിനൊപ്പം നൃത്തം ചെയ്യുന്ന അവയെ കൗതുകത്തോടെ നോക്കിനിൽക്കുകയാണ് ഒരു കൊച്ചു ബാലൻ. ബലൂൺ വിൽക്കുന്നയാളുടെ കൈകളിലെ പല വർണ്ണങ്ങളിലുള്ള ശേഖരത്തിലേക്ക് നോക്കി അവൻ നിഷ്കളങ്കമായി ചോദിച്ചു: “അങ്കിൾ, ഈ കറുത്ത ബലൂണും പറക്കുമോ?” ആ ചോദ്യം കേട്ട് അയാൾ തന്റെ ഭാണ്ഡത്തിൽ നിന്നും ഒരു കറുത്ത ബലൂൺ എടുത്ത്, അതിൽ ഹൈഡ്രജൻ നിറച്ച് മുകളിലോട്ട് പറത്തി വിട്ടു. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുന്ന ആ ബലൂണിന്റെ ചരട് കുട്ടിയുടെ കുഞ്ഞി കൈകളിൽ ഏല്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “എന്റെ കുഞ്ഞേ, ബലൂണിന്റെ നിറമോ വലിപ്പമോ അത് നിർമ്മിച്ച ബ്രാൻഡോ ഒന്നുമല്ല അതിനെ പറത്തുന്നത്; മറിച്ച് അതിനുള്ളിൽ നിറച്ചിരിക്കുന്ന ഹൈഡ്രജൻ വാതകമാണ്.”
മനുഷ്യജീവിതവും ഇതിന് സമാനമാണ്. ഒരാളെ ഉന്നതങ്ങളിലേക്ക് ഉയർത്തുന്നത് അയാളുടെ രൂപമോ മഹിമയോ സ്ഥാനമാനങ്ങളോ ഒന്നുമല്ല; മറിച്ച് അവനിൽ കുടികൊള്ളുന്ന ദൈവീക ചൈതന്യമാണ്. ഈ ദൈവീക സൗന്ദര്യമാണ് മനുഷ്യമനസ്സിലെ തിരഞ്ഞെടുപ്പുകൾക്ക് സർഗ്ഗാത്മകതയുടെയും സുകൃതങ്ങളുടെയും ഊർജ്ജം പകരുന്നത്.

എന്താണ് ദൈവവിളി?
തന്റെ അസ്തിത്വത്തിന്റെ പൂർണ്ണത പ്രാപിക്കാനായി ജീവിതസാഹചര്യങ്ങളുടെയും ദൈവീക ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ, പൂർണ്ണ സ്വാതന്ത്ര്യത്തോടും വ്യക്തമായ അറിവോടും കൂടെ ഒരാൾ തിരഞ്ഞെടുക്കുന്ന ജീവിതാവസ്ഥയാണ് ദൈവവിളി. ഇത് കേവലം ഒരു തൊഴിലോ ജീവിതരീതിയോ അല്ല, മറിച്ച് ദൈവത്തോടും മനുഷ്യരോടുമുള്ള ഉത്തരവാദിത്തപരമായ പ്രതികരണമാണ്. നമ്മുടെ വ്യക്തിപരമായ പദ്ധതികൾ ദൈവത്തിൽ അർപ്പിച്ചുകൊണ്ട്, അവിടുത്തെ പദ്ധതി ഹൃദയത്തിൽ സ്വന്തമാക്കി നമ്മിൽ നിന്നും ദൈവത്തിലേക്ക് നടത്തുന്ന ഒരു യാത്രയാണിത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പപ്പാ പറയുന്നതുപോലെ: “ദൈവവിളി എന്നത് സ്നേഹത്തിന്റെ ഒരു രഹസ്യമാണ്. ഇത് ദൈവത്തിന്റെ തിരഞ്ഞെടുപ്പും അതിനോടുള്ള മനുഷ്യന്റെ സ്നേഹപൂർവ്വമായ പ്രതികരണവുമാണ്.”

ദൈവവിളിയുടെ വിവിധ ഭാവങ്ങൾ
പൗരോഹിത്യം, സന്യാസം, കുടുംബജീവിതം, ഏകസ്ഥ ജീവിതം എന്നിങ്ങനെ വ്യത്യസ്ത പാതകളിലൂടെ ദൈവവിളി പ്രകടമാകുന്നു. എല്ലാ വിളികളും ഒരുപോലെ വിശുദ്ധവും മഹത്വവുമുള്ളതാണ്.

പൗരോഹിത്യം: ദൈവത്തിനും മനുഷ്യർക്കും ഇടയിൽ പാലമായി നിലകൊള്ളുന്ന സമർപ്പണം.

സന്യാസം: സുവിശേഷ മൂല്യങ്ങൾക്കനുസരിച്ച് ജീവിച്ച് യേശുവിന്റെ വിശ്വസ്ത ശിഷ്യനായിരിക്കാനുള്ള വിളി.

കുടുംബജീവിതം: ദൈവത്തിന്റെ സൃഷ്ടികർമ്മത്തിലുള്ള പങ്കാളിത്തവും സഭയുടെ അടിസ്ഥാനശിലയുമാണത്.

ഏകസ്ഥ ജീവിതം: നിസ്വാർത്ഥ സേവനത്തിനായി ദൈവത്തിന് പൂർണ്ണമായി സമർപ്പിക്കപ്പെട്ട അവസ്ഥ.

ഒരു പുരോഹിതൻ ജനത്തിനു വേണ്ടി നിലകൊള്ളുമ്പോഴും, ഒരു സന്യാസിനി സമൂഹത്തിന്റെ വേദനകളിൽ പങ്കുചേരുമ്പോഴും, ഒരു കുടുംബം സ്നേഹത്തിൽ പുലരുമ്പോഴുമാണ് ദൈവവിളി സജീവമാകുന്നത്.

മാറുന്ന ലോകവും വെല്ലുവിളികളും
ശാസ്ത്രവും സാങ്കേതികവിദ്യയും വച്ചുനീട്ടുന്ന പറുദീസയ്ക്ക് പിന്നാലെ മനുഷ്യൻ നെട്ടോട്ടമോടുന്ന ഈ കാലത്ത് ആത്മീയ കാഴ്ചപ്പാടുകൾ മാറിക്കൊണ്ടിരിക്കുന്നു. ഭൗതികതയും സ്വാർത്ഥതയും അസ്തിത്വത്തെ പിടിച്ചുകുലുക്കുമ്പോൾ, വിജയത്തിന്റെ അളവുകോൽ പണത്തിലും പദവിയിലും മാത്രമായി ഒതുങ്ങുന്നു. ഇതിനിടയിൽ മാതൃകാപരമായ ജീവിതങ്ങൾ അന്യമാകുമ്പോൾ, ദൈവം ആഗ്രഹിക്കുന്ന രീതിയിൽ മുൻപോട്ടു പോകാനുള്ള ആത്മധൈര്യം യുവജനങ്ങളിൽ കുറയുന്നു. ഇവിടെയാണ് ദൈവത്തിന്റെ സ്വരം കേൾക്കാൻ അവർക്ക് മാർഗ്ഗനിർദ്ദേശം നൽകേണ്ടതിന്റെ അനിവാര്യത ഏറുന്നത്.
ബഹളങ്ങൾക്കിടയിലെ നിശബ്ദത: ആധുനിക ലോകത്തെ ഡിജിറ്റൽ ലോകത്തിന്റെ തിരക്കുകളും അനാവശ്യമായ ശബ്ദകോലാഹലങ്ങളും മനുഷ്യന്റെ ആത്മീയശ്രവണശേഷിയെ തളർത്തുന്നു; അതിനാൽ, ഈ ബഹളങ്ങൾക്കിടയിൽ ദൈവത്തിന്റെ മൃദുവായ സ്വരം തിരിച്ചറിയാൻ പ്രത്യേകമായ ആത്മീയ പരിശീലനം ഇവർക്ക് ആവശ്യമാണ്.
മൂല്യച്യുതിക്കെതിരെയുള്ള പ്രതിരോധം: ഉപഭോഗസംസ്കാരവും ലൗകികതയും വിജയത്തിന്റെ അളവുകോലായി മാറുന്ന ഇക്കാലത്ത്, ശരിയായ നന്മയുടെ പാത ഏതെന്ന് തിരിച്ചറിയാൻ യുവജനങ്ങൾക്ക് കൃത്യമായ ആത്മീയ ബോധ്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
ആത്മധൈര്യം പകരുക: തങ്ങളുടെ ഇഷ്ടങ്ങളെ ദൈവഹിതത്തിന് മുന്നിൽ സമർപ്പിച്ച് സാഹസികമായ ഒരു ജീവിതശൈലി (പൗരോഹിത്യം അല്ലെങ്കിൽ സന്യാസം) തിരഞ്ഞെടുക്കാൻ ഇന്നത്തെ തലമുറയ്ക്ക് വലിയ ആത്മധൈര്യം ആവശ്യമാണ്; ഈ ധൈര്യം പകരാൻ മുതിർന്നവരുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് സാധിക്കും.
ദിശാബോധം നൽകൽ: ഡിജിറ്റൽ ലോകത്തെ ഏകാന്തതയിലും ലക്ഷ്യബോധമില്ലാത്ത ഓട്ടത്തിനിടയിലും തങ്ങളുടെ അസ്തിത്വത്തിന്റെ പൂർണ്ണത കണ്ടെത്താൻ ദൈവവിളി സഹായിക്കുമെന്ന ബോധ്യം അവർക്ക് നൽകുന്നത് വഴി വഴിതെറ്റാത്ത ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും.

കുടുംബം: വിശ്വാസത്തിന്റെ പരിശീലനക്കളരി
സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകം കുടുംബമാണ്. ‘ഗാർഹിക സഭ’ എന്നറിയപ്പെടുന്ന കുടുംബമാണ് ഒരു വ്യക്തിയുടെ വിശ്വാസരൂപീകരണത്തിന്റെ കളരി. സ്നേഹബന്ധങ്ങളും സംസ്കാരവും ഉടലെടുക്കുന്ന ഇവിടെ നിന്നാണ് പൗരോഹിത്യ-സന്യാസ വിളികൾക്കുള്ള പശ്ചാത്തലം ഒരുങ്ങുന്നത്. ക്രിസ്തീയ മൂല്യങ്ങളും സുകൃതങ്ങളും വേരുറയ്ക്കുന്ന കുടുംബമാണ് പൗരോഹിത്യ-സന്യാസ ജീവിതങ്ങളുടെ അടിസ്ഥാനം. എന്നാൽ ഇന്നത്തെ അണു കുടുംബ സംസ്കാരം, ദ്രവ്യാസക്തി, സുഖലോലുപത, ‘ഡിജിറ്റൽ ഏകാന്തത’, ജോലിയുടെ അടിമത്തം എന്നിവ ദൈവവിളിയുടെ വിത്തുകളെ നശിപ്പിക്കുന്നു. ലാളിത്യവും സേവനവും ലക്ഷ്യമിട്ടുള്ള ആത്മീയ പാതകൾ പലർക്കും അനാകർഷകമായി തോന്നുന്നു. സുഖലോലുപതയിൽ വളരുന്ന തലമുറയ്ക്ക് ക്രിസ്തുവിനെ അനുഗമിക്കാൻ ആവശ്യമായ ത്യാഗമനോഭാവവും സ്വയം പരിത്യാഗവും വളർത്തിയെടുക്കാൻ കഴിയാത്ത സാഹചര്യം ഇന്നുണ്ട്. ലൈംഗികതയെക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളും ലഹരിയോടുള്ള ആസക്തിയും മനുഷ്യബുദ്ധിയെ ഡിജിറ്റൽ ലോകത്തിന് പണയം വെക്കാൻ പ്രേരിപ്പിക്കുന്നു.

ആദർശധീരരായ യുവജനങ്ങളുടെ ആവശ്യകത
സ്വന്തം ഇഷ്ടങ്ങളെയും താല്പര്യങ്ങളെയും മാറ്റിനിർത്തി, ബ്രഹ്മചര്യം വ്രതമാക്കി ലാളിത്യത്തോടെ യേശുവിനെ അനുഗമിക്കുക എന്നത് ഇന്നത്തെ തലമുറയ്ക്ക് അനാകർഷകമായി തോന്നാം. എങ്കിലും, ഈ ലോകത്തെ ദൈവത്തിലേക്ക് നയിക്കാൻ വിശുദ്ധരായ പുരോഹിതരും സന്യാസികളും തിരുസഭയ്ക്ക് അത്യാവശ്യമാണ്. ഫ്രാൻസിസ് പാപ്പ പറയുന്നു: “എവിടെ സമർപ്പിതരുണ്ടോ അവിടെ ആനന്ദമുണ്ട്. ലോകത്തെ ഉണർത്താൻ കഴിവുള്ള പ്രവാചകരാകാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.” “അവിവാഹിതൻ കർത്താവിനെ എങ്ങനെ സംപ്രീതനാക്കാം എന്ന് ചിന്തിക്കുന്നു… വിവാഹിതൻ ലൗകിക കാര്യങ്ങളിൽ താല്പരനാകുന്നു” (1 കൊറി 7:28-35) എന്ന വചനം ഓർമ്മിപ്പിക്കുന്നത് പോലെ, വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ശുശ്രൂഷ ചെയ്യാൻ യുവതി- യുവാക്കൾ മുന്നോട്ട് വരേണ്ടതുണ്ട്.

ദൈവവിളി ആനന്ദത്തിന്റെ സാക്ഷ്യമാണ്” എന്ന ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ, സമർപ്പിത ജീവിതം എന്നത് കേവലം നിയമങ്ങളുടെ പാലനമല്ല, മറിച്ച് ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിൽ നിന്നുണ്ടാകുന്ന ആഴമായ സന്തോഷത്തിന്റെ പ്രകടനമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. തനിക്ക് ലഭിക്കാവുന്ന ലൗകിക സുഖസൗകര്യങ്ങൾ ഉപേക്ഷിക്കുമ്പോഴും ദൈവവിളി സ്വീകരിച്ചവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി, ലോകം നൽകുന്നതിനേക്കാൾ വലിയൊരു നിധി താൻ കണ്ടെത്തി എന്നതിന്റെ തെളിവാണ്. ഈ ആനന്ദം സ്വാർത്ഥമായ ഒന്നല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ പങ്കുചേരുമ്പോഴും പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് തണലാകുമ്പോഴും പകർന്നുനൽകപ്പെടുന്ന സ്വർഗ്ഗീയമായ അനുഭൂതിയാണ്. സുവിശേഷ മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തി തന്റെ ജീവിതത്തിലൂടെ ലോകത്തിന് നൽകുന്ന ഏറ്റവും വലിയ സന്ദേശം, ദൈവഹിതത്തിന് കീഴടങ്ങുന്നതിലാണ് മനുഷ്യന്റെ യഥാർത്ഥ സംതൃപ്തിയും ആനന്ദവും കുടികൊള്ളുന്നത് എന്നതാണ്. തന്റെ അസ്തിത്വം ദൈവസ്നേഹത്തിൽ സുരക്ഷിതമാണെന്ന ബോധ്യം നൽകുന്ന ഈ സന്തോഷമാണ് ഓരോ ദൈവവിളിയെയും ലോകത്തിന് മുൻപിൽ ആകർഷകമായ ഒരു സാക്ഷ്യമാക്കി മാറ്റുന്നത്.

ഉപസംഹാരം:
വൈദിക-സന്യാസ വിളികൾ കുറയുന്നത് ലോകം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. അതുകൊണ്ട് പൗരോഹിത്യ-സന്യാസ ജീവിതങ്ങളോടുള്ള ആദരവ് നമ്മുടെ കുടുംബങ്ങളിൽ വളർത്തണം. സാഹസികമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന യുവഹൃദയങ്ങളെ നാം പ്രോത്സാഹിപ്പിക്കണം. നസ്രായന്റെ കരുണാർദ്രമായ ഭാവത്തിന്റെ അടയാളങ്ങളാകാൻ അനേകം യുവജനങ്ങൾ സഭയിൽ സജ്ജമാകട്ടെ. “സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങൾ ചെയ്യുന്നതിനും പരസ്പരപ്രോത്സാഹനമേകാൻ നമുക്ക് പര്യാലോചിക്കാം” (ഹെബ്ര 10:24)

The post ദൈവവിളി: അസ്തിത്വത്തിലേക്കുള്ള അനന്തയാത്ര appeared first on Syro-Malabar News.