ആനന്ദിച്ചാഹ്ലാദിക്കുവിന്‍’ എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ സഭാംഗങ്ങളുടെ ആന്തരിക പരിശുദ്ധികൊണ്ട് സുന്ദരമായി തീരുന്ന തിരുസഭയെ കുറിച്ച് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പഠിപ്പിക്കുന്നുണ്ടു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടായിരുന്നിട്ടും വിശുദ്ധര്‍ക്ക് ജന്മം നല്കാതെ വന്ധ്യയായിരുന്ന കേരള സഭയെകുറിച്ച് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആകുലപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട്, കേരള സഭ വിശുദ്ധസൂങ്ങളുടെ ആരാമമായി മാറുന്ന അത്ഭുത കാഴ്ചയാണ് നാം കാണുന്നത്. തിരുസഭയ്ക്ക് അഴകും അലങ്കാരവുമായി അനേകം വിശുദ്ധരെ പ്രദാനം ചെയ്യുവാന്‍ സീറോമലബാർ സഭയക്ക് ദൈവകൃപ ലഭിച്ചു. ഭാരത സഭാരാമത്തിലെ പ്രോജ്വലതാരകങ്ങളായ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിന്റെ ഏറ്റവുമടുത്തപടിയായി ഇപ്പോഴിതാ ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനും ധന്യ (venerable) പദവിയിലേക്കുയർത്തപ്പെട്ടിരിക്കുന്നു.

കത്തോലിക്കാ സഭയിൽ ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്, പ്രാദേശിക അന്വേഷണം, വത്തിക്കാൻ അവലോകനം, സ്ഥിരീകരിച്ച അത്ഭുതങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി ഘട്ടങ്ങളുള്ള ഒരു പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഈ പ്രക്രിയയിൽ ദൈവദാസൻ (Servant of God) എന്ന നിലയിൽ ആരംഭിച്ച്, തുടർന്ന് ധന്യൻ (Venerable), സ്ഥിരീകരിച്ച ഒരു അത്ഭുതത്തിന്റെ അടിസ്ഥാനത്തിൽ വാഴ്ത്തപ്പെട്ടവൻ (Beatified), സ്ഥിരീകരിച്ച രണ്ടാമത്തെ അത്ഭുതത്തോടെ വിശുദ്ധൻ (Saint) എന്ന നിലയിലാണ് നാമകരണ നടപടികൾ പുരോഗമിക്കുന്നത്. ഇതിൽ രണ്ടാമത്തെ പടിയായ ധന്യൻ പദവിയിലേക്കാണ് മോൺ. ജോസഫ് പഞ്ഞിക്കാരനച്ചൻ ഉയർത്തപ്പെട്ടിരിക്കുന്നതു.

1888 സെപ്റ്റംബർ 10 – ന് ചേർത്തലയിൽ ഉഴുവ ഗ്രാമത്തിലാണ് മോൺ. ജോസഫ് പഞ്ഞിക്കാരൻ ജനിച്ചത്. സുറിയാനി കത്തോലിക്കാരുടെയിടയിൽ നിന്ന് ആദ്യമായി MA പാസ്സായ അദ്ദേഹം പ്രേഷിതപ്രവർത്തനത്തിനുള്ള ആഗ്രഹവുമായി സെമിനാരിയിൽ ചേരുകയും, 1918 ഡിസംബർ 21 ന് വൈദികനായി അഭിഷിക്തനാക്കപ്പെടുകയും ചെയ്തു. ഇന്നത്തെ എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രോഗികളും, അവശരും ആലംബഹീനരുമായ ആളുകളുടെ മദ്ധ്യേ അദ്ദേഹം തൻ്റെ പ്രവർത്തനം കേന്ദ്രീകരിച്ചു. കേരളത്തിലെ ആദ്യ കത്തോലിക്ക ആശുപത്രിയായ ധർമ്മഗിരിക്ക് ജന്മം നൽകുകയും, രോഗി ശുശ്രൂഷയിലൂടെയു ള്ള സുവിശേഷ വൽക്കരണം ലക്ഷ്യം വച്ചുകൊണ്ട് രോഗിപരിചരണം വഴിയായി വേദനിക്കുന്ന മനുഷ്യരാശിയെ ആശ്വസിപ്പിക്കാൻ ജീവിതം സമർപ്പിച്ചവരുടെ സന്യാസസമൂഹമായ മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (MSJ) എന്ന സന്യാസിനി സമൂഹത്തിന് രൂപം നൽകുകയും ചെയ്തയാളാണ് മോൺ. ജോസഫ് പഞ്ഞിക്കാരനച്ചൻ. “ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത്, (Mt. 25, 40) എന്നതായിരുന്നു പഞ്ഞിക്കാരനച്ചനെ നയിച്ച ദൈവവചനം.

കേരള കത്തോലിക്ക സഭയിൽ അറിയപ്പെടുന്ന ചരിത്രപണ്ഡിതൻ, പത്രപ്രവർത്തകൻ, ആതുരസേവകൻ എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ച പഞ്ഞിക്കാരനച്ചൻ 1949 നവംബർ 4 -ന് നിര്യാതനായി. 61 വർഷം മാത്രം ജീവിച്ച് രണ്ട് പുരുഷായുസുകൊണ്ട് ചെയ്തുതീർക്കാവുന്ന കാര്യങ്ങൾ നിർവ്വഹിച്ച പുണ്ണ്യശ്ലോകനായ ജോസഫ് പഞ്ഞിക്കാരനച്ചന്റെ കല്ലറയിൽ അന്നുമുതൽ ജാതിമതഭേദമെന്ന്യേ ആളുകൾ വന്ന് പ്രാർത്ഥിച്ചിരുന്നു. കുലീനമായ കുടുംബ പശ്ചാത്തലവും നേടിയ ഉന്നത ബിരുദങ്ങളും നിസാരമായി പരിഗണിച്ച് സുവിശേഷവേലയ്ക്കായി ഇറങ്ങിത്തിരിച്ച വ്യക്തിയാണ് മോൺ. ജോസഫ് പഞ്ഞിക്കാരൻ. ആത്മരക്ഷയക്കുവേണ്ടിയുള്ള പ്രവർത്തന നിരതമായ കാഴ്ചപ്പാടുകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

2010 ലാണ് മോൺ. ജോസഫ് പഞ്ഞിക്കാരനച്ചനെ വിശുദ്ധപദവിയിലേക്കുയർത്തുന്നതിനുള്ള നാമകരണ നടപടികൾ ആരംഭിച്ചത്. 2025 ഡിസംബർ 18 -ന് ലെയോ പതിന്നാലാമൻ മാർപാപ്പാ മറ്റ്‌ രണ്ട് പേരോടൊപ്പം ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരൻ്റെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ചു അദ്ദേഹത്തെ ധന്യൻ (venerable) ആയി പ്രഖ്യാപിച്ചു. ക്രിസ്തുവില്‍ നിന്നും സ്‌നേഹോര്‍ജം സ്വീകരിച്ചുകൊണ്ട് അനേകം മനുഷ്യാത്മാക്കളെ ക്രിസ്തുസമാനമാക്കിയ യുഗപ്രഭാവനായ അദ്ദേഹത്തിന്റെ പുണ്യ വഴികള്‍ നമുക്കു മാതൃകയാക്കാം.

The post ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചന്‍ ധന്യപദവിയിൽ appeared first on Syro-Malabar News.