ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിൽ  കുട്ടനാടുമായി ബന്ധപ്പെട്ട് നല്കിയ പ്രധാന നിർദ്ദേശങ്ങൾ കുട്ടനാട്ടിലെ ക്രിസ്ത്യൻ ന്യുനപക്ഷങ്ങൾക്ക് വേണ്ടി മാത്രമല്ല, ഇവിടെ താമസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും സുസ്ഥിതിക്കും ക്ഷേമത്തിനും വേണ്ടിയുള്ളതാണ് എന്ന പ്രത്യേകത എടുത്ത് പറയേണ്ടതാണ്. കേരളത്തിന്റെ   നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട് ഇന്ന് കഷ്ടപ്പാടുകളുടെ തടവറയിലാണ്. ഇതിന് താത്കാലിക പരിഹാര മാർഗങ്ങളേക്കാൾ  സ്ഥിരമായ പരിഹാരമാർഗങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന് കമ്മീഷൻ വിലയിരുത്തുന്നു. കുട്ടനാടിൻ്റെ ഭൂപ്രകൃതി, കൃഷികൾ, വിനോദസഞ്ചാരം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, പാരമ്പര്യം, സംസ്‌കാരം തുടങ്ങി ഈ പ്രദേശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ എല്ലാം ഈ കമ്മിഷൻ വളരെ കൃതൃതയോടെ മനസിലാക്കി തയ്യാറാക്കിയിരിക്കുന്ന ഒരു റിപ്പോർട്ട് ആണ് ഇത്. കുട്ടനാടിന്റെ പ്രകൃതിയും, അതിന്റെ ഭൗതിക പ്രത്യേകതകളും നിലനിർത്തുന്നതിനും ഇവിടെ ജീവിതം സാധ്യമാക്കുന്നതിനുമുള്ള നാല്പത്തിമൂന്നോളം നിർദ്ദേശങ്ങളാണ് കമ്മീഷൻ ഈ റിപ്പോർട്ടിൽ മുന്നോട്ട് വച്ചിരിക്കുന്നത്.

     പരമ്പരാഗതമായി പുഞ്ചകൃഷിയും കന്നുകാലി വളർത്തലും മത്സൃബന്ധനവും താറാവ് വളർത്തലും തെങ്ങുകൃഷിയും ചേർന്ന ഭൂജല വിനിയോഗമാണ് കുട്ടനാട് പ്രദേശത്തെ പ്രധാന ജീവനോപാധികൾ. അതിനാൽ കാർഷിക തീവ്രത വർദ്ധിപ്പിക്കുന്ന സംയോജിത കൃഷി ക്രമങ്ങൾക്ക് ആണ് കൂടുതൽ പ്രസക്തി. ഇതിനനുയോജ്യമായ വിധത്തിൽ കുട്ടനാടിനെ ഒരു പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് ഭൂവിനിയോഗവുമായി ബന്ധപ്പെട്ടു നിയമനിർമ്മാണങ്ങൾ ഉണ്ടാവണം എന്ന് നിർദ്ദേശിക്കുന്നു.

പാർപ്പിടം

  കുട്ടനാടിന് അനുയോജ്യമായ പാർപ്പിട പദ്ധതികൾ നടപ്പിലാക്കണം. ജനസാന്ദ്രതയേറിയ ഒരു സ്ഥലമായ കുട്ടനാട്ടിൽ കൂടുതൽ ഭവന നിർമ്മാണ സൗകര്യങ്ങൾ ഉണ്ടാകണം.  2015  ജനുവരി  ഒന്നിന് മുൻപ് മുതൽ കൈവശത്തിലിരിക്കുന്ന  കരഭൂമി ഗൃഹനിർമ്മാണത്തിന് ഉപകരിക്കാവുന്ന വിധത്തിൽ ബി.ടി.ആർ. രജിസ്‌റ്ററിൽ മാറ്റം വരുത്തണം. കുട്ടനാട്ടിൽ ലൈഫ് പദ്ധതിയിലെ വീടിന്റെ നിർമ്മാണച്ചിലവിന്റെ പരിധി വർദ്ധിപ്പിച്ച് നല്കണം. 2001 ന് മുമ്പ് സ്ഥാപിച്ച ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വീടുകൾക്കും പട്ടയം നല്കണം.

വെള്ളം

മലവെള്ളം തടഞ്ഞ് നിർത്താൻ നെതർലാന്റീനെ മാതൃകയാക്കി സ്ഥിര പരിഹാര മാർഗങ്ങൾ ഉണ്ടാക്കണം. ബ്ലോക്കുകളായി തിരിച്ച് ഉയരമുള്ള ബണ്ടുകളും ഷട്ടറുകളും സ്ഥാപിക്കണം. എല്ലാവർക്കും നല്ല കുടിവെള്ളം ലഭിക്കുന്നതിനുള്ള പദ്ധതികളും ഉണ്ടാവണം. റെയിൻ ഹാർവസ്റ്റിംഗ് പദ്ധതികളും വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റുകളും സ്ഥാപിക്കണം.   നദികളും തോടുകളും വൃത്തിയാക്കി മാലിന്യങ്ങളും എക്കലും നീക്കി നീരൊഴുക്ക് സുഗമമാക്കണം,  വെള്ളപ്പൊക്ക കാലത്ത് ശകതിയേറിയ പമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യണം. തോട്ടപ്പള്ളി സ്പിൽവേയിൽ ശക്തമായ ഡിവാട്ടറിംഗ് പമ്പുകൾ സ്ഥാപിച്ച് കടലിലേക്ക് വെള്ളം പമ്പ് ചെയ്യണം.

നദി ജലം ഒഴുക്കി കളയുന്നതിന് പകരം ശേഖരിച്ച് ശുദ്ധികരിച്ച് വരൾച്ചാ കാലത്ത് ഉപയോഗിക്കാൻ തക്ക പദ്ധതികൾ രൂപീകരിക്കണം.കായൽ സംരക്ഷണത്തിനും തണ്ണീർത്തട സംരക്ഷണത്തിനും പ്രത്യേക അതോറിറ്റി ഉണ്ടാവുകയും പായൽ കുളവാഴ നിർമ്മാർജ്ജനത്തിന് ഫലപ്രദമായ സംവിധാനം സാധ്യവുകയും വേണം എന്നും നിർദ്ദേശിച്ചിരിക്കുന്നു.

നെൽകൃഷിയും മറ്റ് കൃഷികളും

  കുട്ടനാടൻ കർഷകർക്കായി പ്രത്യേക വിള ഇൻഷ്വറൻസും പ്രത്യേക കടാശ്വാസ കമ്മീഷനും സ്ഥാപിക്കുകയും സർക്കാർ നിയന്ത്രണത്തിലുളള ധനകാര്യ സ്ഥാപനശാഖകൾ ആരംഭിക്കുകയും വേണം. പ്രധാൻ മന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടനാടിന് പ്രത്യേക ഇൻഫ്രാസ്ട്രക്ച്ചർ  ഡവലപ്മെൻ്റ് പ്ലാൻ നടപ്പിലാക്കണം. സ്വാദിഷ്ടവും ഗുണമേന്മയേറിയതുമായ കുട്ടനാടൻ പുഞ്ച അരിക്ക് പ്രത്യേക ട്രേഡ് മാർക്ക് നല്കി ഉത്തരവ് പുറപ്പെടുവിക്കണം. താങ്ങുവില നിശ്ചയിക്കുമ്പോൾ ഉത്പാദന ചിലവിലുള്ള വർദ്ധനവ് കണക്കിലെടുക്കണം, ചുമട്ടുകൂലിയിലെ മിനിമം വേജസ് വർദ്ധനവ്, കീടനാശിനികളുടേയും,വളങ്ങളുടേയും വില വർദ്ധനവ് കൂടി കണക്കിലെടുത്ത് കുട്ടനാട്ടുകാർക്ക് ഒരു ചെറിയ ലാഭവും കൂടി കിട്ടുന്ന വിധം എല്ലാ കാര്യങ്ങളും പരിഗണിച്ച് നെല്ലിന്റേയും നാളികേരത്തിന്റേയും താങ്ങുവില നിശ്ചയിക്കണം. ഉൽപ്പന്നങ്ങൾ സംഭരിക്കുമ്പോൾ തന്നെ വില നല്കണം. കൊയ്ത്ത് കഴിഞ്ഞാലുടൻ നെല്ല് സംഭരിക്കണം. കൊയ്യാറാകുമ്പോൾ ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലമുള്ള കൃഷി നാശത്തിന് മതിയായ നഷ്ട പരിഹാരം നല്കുകയും കാർഷിക കടങ്ങൾ മുഴുവൻ എഴുതി തള്ളുകയും വേണം. ആധുനിക റൈസ്മിൽ സ്ഥാപിക്കണം. പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കാൻ പ്രോത്സാഹനം നല്കണം. കീടനിരിക്ഷണത്തിന് പ്രത്യേക സംവിധാനം കൊണ്ടുവരണം., ഉത്പാദനം വർദ്ധിപ്പിക്കണം. മൃഗ – പക്ഷി സംരക്ഷണത്തിനായി പ്രത്യേക പദ്ധതികൾ ആരംഭിക്കുകയും ഇവയെ പല കാരണങ്ങൾ കൊണ്ടും കൂട്ടത്തോടെ നശിപ്പിക്കുമ്പോൾ ആവശ്യമായ നഷ്ടപരിഹാരം നല്കണം എന്നും പ്രത്യേകം നിഷ്കർഷിക്കുന്നു.

ഇ.ഡബ്യു.എസ്. 

സംവരണരഹിത വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടനാട്ടിലെ കർഷകർക്ക് ഇ.ഡബ്യു.എസ്.  ആനുകൂല്യങ്ങൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിരാകരിക്കുന്നു. തുടർച്ചയായ വെള്ളപ്പൊക്കം കൃഷിനാശം, മുതലായ അവശതകൾ അനുഭവിക്കുന്ന  കുട്ടനാട്ടിലെ കർഷകരുടെ പ്രധാനപ്പെട്ട കൃഷി സ്ഥലം നെൽപ്പാടങ്ങളാണ്. നെൽകൃഷി തൊഴിലായി ചെയ്യണമെങ്കിൽ ഒരു കർഷകന് കുറഞ്ഞത് അഞ്ച് ഏക്കർ സ്ഥലം എങ്കിലും ആവശ്യമാണ്. എന്നാൽ കാര്യമായ വരുമാനം ഒന്നുമില്ലാത്ത കുട്ടനാട്ടിൽ നെൽകർഷകന് രണ്ടര ഏക്കർ സ്ഥലം ഉണ്ടെന്നു പറഞ്ഞ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു. ഇതിന് മാറ്റം വരണം.ഇതിനാവശ്യമായ നിർദ്ദേശങ്ങൾ റവന്യം ഉദ്യോഗസ്ഥർക്ക് സർക്കാർ നല്കേണ്ടതാണ്.
കുട്ടനാട്ടിലെ പ്രത്യേക സ്ഥിതി പരിഗണിച്ച് ഫീസ് ഇളവ്, സൗജന്യ ഹോസ്റ്റൽ സൗകര്യം, യാത്രാ സൗജന്യം എന്നിവ അനുവദിക്കുന്നതോടൊപ്പം കായിക വിനോദ കോംപ്ലക്സുകൾ സ്ഥാപിക്കണം. തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ ആരംഭിക്കുകയും , സൗജന്യ കോച്ചിംഗ് സെൻ്ററുകൾ ആരംഭിക്കുകയും വേണം എന്ന് കമ്മീഷൻ നിർദ്ദേശിക്കുന്നു.

വിനോദ സഞ്ചാരം.

    വിനോദ സഞ്ചാര വികസനത്തിനായി 100 വർഷത്തിലധികം പഴക്കമുള്ള തറവാടുകൾ സംരക്ഷിക്കുന്നതിന് ഗ്രാൻ്റ് അനുവദിക്കുക, കുട്ടനാട്ടിലെ പ്രസിദ്ധമായ ആരാധനാലയങ്ങൾ ബന്ധിപ്പിച്ച് ഒരു പൈതൃക റിലീജിയസ് ടൂറിസം സർക്യൂട്ട് ആരംഭിക്കുക, വിനോദ സഞ്ചാര വികസനത്തോടൊപ്പം കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിക്കുക, ചങ്ങനാശേരി – ആലപ്പുഴ വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കുകയും കുട്ടനാട്ടിലെ ജലപാതകൾ വികസിപ്പിച്ച് ജലടൂറിസം പദ്ധതികൾ നടപ്പിലാക്കുകയും വേണം എന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
   
ആരോഗ്യമേഖല

സ്ഥിരമായി ആശുപത്രികളിൽ എത്തിച്ചേരാൻ സ്പീഡ് മ്പോട്ട് ആoബുലൻസ് സൗകര്യം ഏർപ്പെടുത്തണം, ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണം, മാലിന്യപ്രശ്നങ്ങൾ മൂലവും അശാസ്ത്രീയ കൃഷി രീതികൾ മൂലവും വെള്ളവും മണ്ണും വിഷലിപ്തമാകുന്നതിനാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു. ഈ മേഖലയിൽ മാതൃ ശിശു പരിചരണത്തിനും പരിപാലനത്തിനുമുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം. കൂടാതെ കുട്ടനാട്ടിലെ അമിത രോഗാതുരതയെ കുറിച്ച് ഒരു എപ്പിഡമോളജിക്കൽ സർവ്വേയും ക്രോണിക്ക് വിഷബാധയെ കുറിച്ച് പഠനവും നടത്തി പരിഹാരം നിർദ്ദേശിക്കണം എന്നും കുട്ടനാട്ടിലെ ക്യാൻസർ രോഗികൾക്ക് പ്രത്യേക സഹായ പദ്ധതികൾ ആരംഭിക്കണം, മികച്ച ആശുപത്രികൾ നിർമ്മിക്കണം എന്നും ശുപാർശയിലുണ്ട്.

റാംസർ സൈറ്റിൽ ഉൾപ്പെട്ട സ്ഥലമാണ് കുട്ടനാട്. ഇതിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന പ്രോജക്ടുകൾ കണ്ടെത്തുകയും നേടിയെടുക്കുകയും വേണം. കുട്ടനാട്ടിൽ ഐ. സി. ചാക്കോയുടെ പേരിൽ പരിസ്ഥിതി ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രം ആരംഭിക്കണം എന്ന് തുടങ്ങി കുട്ടനാടിനെ നിലനിർത്താനും മെച്ചപ്പെടുത്താനും ഉതകുന്ന നിർദ്ദേശങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ഈ നിർദ്ദേശങ്ങൾ കാലതാമസം കൂടാതെ നടപ്പിലാക്കിയാൽ കുട്ടനാട് എന്ന സുന്ദര ഭൂമി വരാനിരിക്കുന്ന തലമുറകൾക്ക്കൂടി ജീവിക്കാനും ആസ്വദിക്കാനും തക്കതരത്തിൽ ഇവിടെ നിലനിർത്താനാവും എന്ന ബോധ്യപ്പെടുത്തൽ കൂടിയാണ് ഈ റിപ്പോർട്ട്.

The post ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടും കുട്ടനാടും appeared first on Syro-Malabar News.