സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 മുതൽ 10 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് നടന്നു. നമ്മുടെ കർത്താവിന്റെ അനന്തമായ കരുണയുടെയും അനുഗ്രഹത്തിന്റെയും ആത്മീയാനുഭവം പകർന്നു നൽകിയ ജൂബിലി വർഷം നാം പൂർത്തിയാക്കിയിരിക്കുകയാണല്ലോ. പ്രത്യാശയുടെ തീർത്ഥാടകർ എന്ന ആപ്തവാക്യമുയർത്തി ആചരിച്ച ഈ കൃപാവർഷത്തിൽ നാം പ്രാപിച്ച ആത്മീയ നവീകരണത്തിനും ദൈവാനുഭവങ്ങൾക്കും നമുക്ക് ഒന്നുചേർന്ന് ദൈവത്തിന് നന്ദി അർപ്പിക്കാം. ജൂബിലി വർഷാചരണത്തിലൂടെ ആർജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും നിലനിർത്താനും, മിശിഹായുടെ സ്നേഹത്തിന്റെ സാക്ഷികളായി ജീവിക്കാനും നാം തുടർന്നും പരിശ്രമിക്കേണ്ടതുണ്ട്.

ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മുഴങ്ങേണ്ട ക്രിസ്തുമസ് കാലം, നിർഭാഗ്യവശാൽ നമ്മുടെ മാതൃരാജ്യമായ ഭാരതത്തിലെ ചില ഭാഗങ്ങളിൽ ഭീതിയുടെയും അശാന്തിയുടെയും ദിനങ്ങളായി മാറി. ഭരണ ഘടന നൽകുന്ന അവകാശങ്ങൾപോലും നിഷേധിച്ചു ക്രൈസ്തവ ദൈവാലയങ്ങൾക്കും പ്രാർത്ഥനാ കൂട്ടായ്മകൾക്കും നേരെ നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം വേദനാജനകമാണ്. നമ്മുടെ സ്നേഹത്തിന്റെ പ്രവൃത്തികളെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിന്റെ സംസ്കാരം വളരാൻ അനുവദിക്കുന്നതു നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തന്നെ ദുർബലമാക്കുന്നു. കുരിശിലെ ബലിയിലൂടെ എല്ലാവരെയും തന്നിലേക്ക് ആകർഷിച്ച മിശിഹായുടെ സ്നേഹത്തിന്റെ ശക്തിയാണ് നമ്മുടെ വിദ്യാഭ്യാസ കാരുണ്യപ്രവർത്തനങ്ങളിൽ പ്രകടമാകുന്നത്. എതിർപ്പുകളും പീഡനങ്ങളുമുണ്ടാകുമ്പോഴും, ധൈര്യപൂർവം സുവിശേഷത്തിന്റെ സന്തോഷം ജീവിക്കുന്ന എല്ലാ സഭാമക്കളെയും സഭ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുന്നു. “നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില്‍ നീ ലജ്ജിക്കരുത്. ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്‍റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക” (2 തിമോത്തേയോസ് 1:8).എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ നമുക്ക് പ്രചോദനമാകട്ടെ.
ശക്തീകരണത്തിലൂടെ മുന്നോട്ട്
സമുദായ ശക്തീകരണവർഷത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ടായിരുന്നു ജനുവരി ആറാം തീയതി സിനഡ് ആരംഭിച്ചത്. സഭയുടെ വളർച്ചയും നിലനിൽപ്പും അതിന്റെ ഓരോ അംഗത്തിന്റെയും ആത്മീയവും സാമൂഹികവുമായ ഉന്നമനത്തിൽ അധിഷ്ഠിതമാണ്. സീറോമലബാർ സഭ പ്രഖ്യാപിച്ച സമുദായ ശക്തീകരണവർഷം കേവലം ഒരു ആചരണമല്ല, മറിച്ച് നമ്മുടെ സമുദായാംഗങ്ങളെ തങ്ങളുടെ ദൗത്യങ്ങളെപ്പറ്റി അവബോധമുള്ളവരാക്കാനും അതിനായി അവരെ ബലപ്പെടുത്താനും അങ്ങനെ പൊതുജീവിതത്തിൻ്റെ എല്ലാ മേഖലകളെയും മിശിഹായുടെ പ്രബോധനത്താൽ ശുദ്ധീകരിക്കാനുമുള്ള പരിശ്രമത്തിൻ്റെ തീവ്രയത്നത്തിൻ്റെ ഭാഗമാണ്. സഭാംഗങ്ങൾ, പ്രത്യേകിച്ച്, കുടുംബങ്ങളും ഇടവകകളും വിശ്വാസത്തിലും തനിമയിലും സ്വയംപര്യാപ്തതയിലും അവബോധമുള്ളവരായി നിലനിന്നാൽ മാത്രമേ പൊതുസമൂഹത്തോടുള്ള നമ്മുടെ സുവിശേഷ ദൗത്യം നിറവേറ്റാൻ നാം പ്രാപ്തരാകുകയുള്ളു. അത് സഭയ്ക്ക് മാത്രമല്ല, പൊതു സമൂഹത്തിന് തന്നെ ഊർജമായി മാറുന്നു. “ക്രിസ്ത്യാനിക്ക് ശത്രുക്കളില്ല, സഹോദരീ സഹോദരന്മാർ മാത്രം, പരസ്പരം മനസിലാകാത്തപ്പോഴും അവർ സഹോദരങ്ങളായി തുടരുന്നു” എന്ന ലെയോ പതിനാലാമൻ പാപ്പയുടെ വാക്കുകൾ, നാം ലക്‌ഷ്യം വയ്ക്കുന്നതു വിശ്വ സഹോദര്യമാണ് എന്ന യാഥാർഥ്യത്തിനു അടിവരയിടുന്നതാണ്.
ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ ധീരമായി നേരിടാൻ യുവജനങ്ങളെയും കുടുംബങ്ങളെയും പ്രാപ്തരാക്കുക എന്നത് ഈ വർഷാചരണത്തിന്റെ പ്രധാന ലക്ഷ്യമാണ്. പൊതുഇടങ്ങളിൽ നമ്മുടെ സാന്നിധ്യത്തെ ദുർബലപ്പെടുത്തുന്ന ജനസംഖ്യാശോഷണം നമ്മുടെ കുടുംബങ്ങളിൽ ചർച്ചാ വിഷയമാകണം. സീറോമലബാർ സഭാംഗങ്ങൾ പൊതുഭരണ രംഗത്തേക്കും, രാഷ്ട്രീയത്തിലേക്കും, സജീവമായി കടന്നുവരേണ്ടതു പൗരധർമ്മത്തിന്റെ ഭാഗമാണ്. പൗരന്മാരുടെ നിതാന്ത ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ നിലനില്പ് എന്ന ചൊല്ല് നമുക്ക് മറക്കാതിരിക്കാം. നമ്മുടെ സമുദായഗംങ്ങളുടെ ഇടയിൽ സംഭവിക്കുന്ന, വിദേശ രാജ്യങ്ങളിലേക്കുള്ള വീണ്ടുവിചാരമില്ലാത്ത കുടിയേറ്റം, ചിലരെയെങ്കിലും വലിയ കടബാധ്യതകളിലേക്കും വിശ്വാസ-ശോഷണത്തിലേക്കും നയിക്കുന്നുണ്ട്. തൊഴിൽ തേടുന്നവർ മാത്രമാകാതെ തൊഴിൽ സൃഷ്ടിക്കുന്നവരും തൊഴിൽ ദാതാക്കളും ആകാനുള്ള നമ്മുടെ സാധ്യത നാം മനസിലാക്കണം. കൃഷി ലാഭകരമല്ല എന്നു പറയുമ്പോഴും, ശാസ്ത്രീയമായി കൃഷി ചെയ്തു അനേകം പേർക്ക് തൊഴിൽ കൊടുക്കാൻ കഴിയും എന്നതിന് നമ്മുടെ ചില രൂപതകളിൽ അഭിനന്ദനാർഹമായ മാതൃകകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വർത്തമാന കാലത്തു നമ്മുടെ മുൻപിലുള്ള പ്രതിസന്ധികളെ മറികടക്കാൻ സമുദായ ശക്തീകരണവർഷത്തിലെ കർമ്മപദ്ധതികളെ ഗൗരവമായി ഏറ്റെടുക്കാൻ എല്ലാവരെയും ഞാൻ ആഹ്വനം ചെയ്യുന്നു.
ഗൾഫ് മേഖലയ്ക്ക് അപ്പോസ്തോലിക് വിസിറ്റർ
അറേബ്യൻ ഗൾഫ് മേഖലയിലെ സീറോമലബാർ സഭാവിശ്വാസികൾക്ക് ഫലപ്രദമായ അജപാലന ശുശ്രൂഷ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾക്കായി വളരെ നാളുകളായി നാം പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിശുദ്ധ സിംഹാസനം ഗൾഫ് നാടുകളിലെ സീറോമലബാർ സഭാംഗങ്ങൾക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചതുവഴി സഭയുടെ വളർച്ചയിൽ നിർണ്ണായകമായൊരു ചുവടുവയ്പ്പാണ് സംഭവിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ സീറോമലബാർ വിശ്വാസികൾക്കു ആവശ്യമായ അജപാലന സംവിധാനങ്ങൾ അനുവദിക്കുന്നതിന് മുന്നോടിയായി അവിടങ്ങളിലുള്ള നമ്മുടെ വിശ്വാസിസമൂഹങ്ങളുമായും നിലവിലുള്ള അജപാലന സംവിധാനങ്ങളുമായും സംവദിച്ച് ഒരു വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കി പരിശുദ്ധ സിംഹാസനത്തിന് സമർപ്പിക്കുക എന്നതാണ് അപ്പസ്തോലിക് വിസിറ്ററുടെ പ്രഥമ ദൗത്യം. പരിമിതികൾക്കു നടുവിലും, മാതൃസഭയുടെ ആരാധനാക്രമ പാരമ്പര്യത്തിൽ നിലനിൽക്കാൻ ത്യാഗപൂർവം പരിശ്രമിച്ച എല്ലാവരെയും നന്ദിയോടെ ഓർമ്മിക്കുന്നതിനൊപ്പം, അപ്പോസ്തോലിക് വിസിറ്ററായി നിയമിതനായ ബഹു. ജോളി വടക്കനച്ചന് എല്ലാ പിന്തുണയും നൽകണമെന്ന് ഗൾഫ് നാടുകളിലെ എല്ലാ സീറോമലബാർ സഭാമക്കളോട് ഞാൻ ആഹ്വാനം ചെയ്യുന്നു.
അനുരഞ്ജനത്തിലൂടെ ഐക്യത്തിലേക്ക്
ഐക്യമുള്ള സമുദായത്തിന് കാലത്തിന്റെ ഗതിമാറ്റാൻ കഴിയുമെന്നും, ആരാധനാക്രമത്തിലെ ഐക്യം, വിശ്വാസികൾക്കിടയിലുള്ള ആഴമേറിയ സാഹോദര്യത്തിന്റെ പ്രകാശനമാണ് എന്നുമുള്ള ബോധ്യത്തിൽനിന്നാണ് വി. കർബാന അർപ്പണരീതിയിൽ ഏകീകരണം നടപ്പിലാക്കാൻ സിനഡ് തീരുമാനിച്ചത്. എന്നാൽ നാം ലക്‌ഷ്യംവച്ച ഐക്യം പൂർണ്ണമായും യാഥാർഥ്യമായിട്ടില്ല എന്നത് ദുഃഖകരമാണ്. ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണം നടപ്പിലാക്കണം എന്ന സഭയുടെ തീരുമാനം, എറണാകുളം-അങ്കമാലി അതിരൂപതയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളെ സിനഡ് അനുഭാവപൂർവം പരിഗണിക്കുന്നു. പരിശുദ്ധ സിംഹാസനം അംഗീകരിച്ച ഏകീകൃത വിശുദ്ധ കുർബാനയർപ്പണത്തെ സംബന്ധിച്ചുള്ള സിനഡിന്റെ തീരുമാനം മാറ്റമില്ലാതെ തുടരുന്നതാണ്. ഏകീകൃത കുർബാന അർപ്പണത്തിനുവേണ്ടി ആഗ്രഹിക്കുകയും നിലപാടെടുക്കുകയും നടപ്പിലാക്കുകയും ചെയ്തവരെ സഭ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ ഘട്ടം ഘട്ടമായി ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാനുള്ള തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും, ക്രൈസ്തവ അരൂപിക്കു ചേരാത്ത പ്രതിഷേധങ്ങളുടെ മാർഗം വെടിഞ്ഞു, അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
വൈദിക പരിശീലനത്തിന്റെ കാലോചിതനവീകരണം
മാറുന്ന സാഹചര്യങ്ങളിൽ സഭയുടെ ദൗത്യം കൂടുതൽ ഫലപ്രദമാക്കുന്നതിനായി വൈദിക പരിശീലനം കാലോചിതമായി നവീകരിക്കേണ്ടത് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ മെത്രാൻ സിനഡ് വിലയിരുത്തി. സുവിശേഷ പ്രഘോഷണത്തിൽ തീക്ഷ്ണത ജ്വലിപ്പിക്കുന്ന വൈദികപരിശീലനം കാലത്തിന്റെ അനിവാര്യതയാണ്. ആത്മീയവും ദൈവശാസ്ത്രപരവുമായ അറിവിനോടൊപ്പം, വൈദികാർഥികൾ മാനസികമായ പക്വതയും സാമൂഹിക പ്രതിബദ്ധതയും ആധുനിക സാങ്കേതികവിദ്യകളിൽ നൈപുണ്യവും ഉള്ളവരായി വളരേണ്ടതുണ്ട്. വൈദിക പരിശീലനത്തെ കുറിച്ച് സിനഡിൻ്റെ നേതൃത്വത്തിൽ ശാസ്ത്രീയമായ ഗവേഷണങ്ങളും പഠനങ്ങളും വർഷങ്ങളായി നടന്നുവരികയായിരുന്നു. അവയുടെ വെളിച്ചത്തിൽ നവീകരിച്ച പരിശീലന പദ്ധതിക്ക് സിനഡ് വിശദമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം അന്തിമരൂപം നൽകിയിട്ടുണ്ട്. ഇവ നടപ്പിൽ വരുത്തുന്നതിന്റെ ആദ്യഘട്ടമായി മൈനർ സെമിനാരി പരിശീലനകാലഘട്ടത്തിൽ കാതലായ ചില നവീകരണങ്ങൾക്ക് സിനഡ് അംഗീകാരം നൽകുകയും ഈ രംഗത്തുള്ള എല്ലാവരുടെയും പങ്കാളിത്തത്തോടെ അത് നടപ്പിലാക്കാൻ വൈദികർക്കായുള്ള സിനഡൽ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അജപാലനത്തിലും സുവിശേഷവത്കരണത്തിലും മുന്നോട്ട്
കേരളത്തിന് പുറത്ത് പുതിയ അതിരൂപതകളും വിവിധ രാജ്യങ്ങളിൽ അജപാലന സംവിധാനങ്ങളുമായി സീറോമലബാർ സഭ വളർച്ചയുടെ പടവുകൾ കയറുമ്പോൾ, ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വവും വർധിക്കുകയാണ്. സഭയുടെ പൈതൃകവും ആത്മീയതയും മുറുകെപ്പിടിച്ചുകൊണ്ട് തന്നെ, വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ളവരുമായി സംവാദത്തിൽ ഏർപ്പെടാനും മിശിഹായുടെ സ്നേഹം സാർവത്രികമായി പ്രഘോഷിക്കാനും നാം കടപ്പെട്ടവരാണ്. ഈയൊരു ദൗത്യം ഏറ്റെടുക്കാൻ പ്രാപ്തരായ കൂടുതൽ മിഷനറിമാരെ വാർത്തെടുക്കാനും, തങ്ങളുടെ വിശ്വാസത്തെക്കുറിച്ചും, സഭയെക്കുറിച്ചും അഭിമാനബോധമുള്ളവരായി സഭാസന്താനങ്ങളെ വളർത്തിയെടുക്കാനും സഹായകമാകുന്ന ഒരു അജപാലന പദ്ധതി- ജീവൻ ജ്യോതി സീറോമലബാർ മിഷനറി മൂവ്മെന്റ്- നാം ആരംഭിക്കുകയാണ്. സുവിശേഷവത്കരണം നമ്മയുടെ പ്രഥമ ദൗത്യമാകയാൽ, കൂടുതൽ വൈദിക- സമർപ്പിത ദൈവവിളികളെ പ്രോത്സാഹിപ്പിക്കുവാൻ കുടുംബങ്ങൾ പ്രത്യേക താല്പര്യം കാണിക്കേണ്ടതുണ്ട്.
ജൂബിലി വർഷം സമാപിച്ചെങ്കിലും, അത് നമ്മുടെ ഹൃദയങ്ങളിൽ വിതച്ച പ്രത്യാശയുടെയും കാരുണ്യത്തിന്റെയും വിത്തുകളെ നമുക്ക് പരിപോഷിപ്പിക്കാം. ‘ജൂബിലി വർഷം സമാപിക്കുമ്പോളും, പ്രത്യാശയുടെ തീർത്ഥാടനം തുടരുകയാണെന്ന’ ലിയോ പതിനാലാമൻ മാർ പാപ്പയുടെ വാക്കുകൾ നമ്മെ ശക്തിപ്പെടുത്തട്ടെ.
The post കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർ appeared first on Syro-Malabar News.