Leena Elizabeth George:–

 

“ഭാഷണമില്ല, വാക്കുകളില്ല,ശബ്‌ദംപോലും കേള്‍ക്കാനില്ല.”(സങ്കീര്‍ത്തനങ്ങള്‍ 19 : 3). 

ഈ വചനത്തിനെ കുറിച്ച് ധ്യാനിച്ചപ്പോൾ ഞാൻ യൗസേപ്പിതാവിനെ കുറിച്ച് ഓർത്തു. 

വളരെ നിശബ്ദനായ മനുഷ്യൻ. ആ മനുഷ്യൻ ആവശ്യമില്ലാതെ സംസാരിച്ചതായി ഞാൻ കേട്ടിട്ടില്ല. 

ജീവിച്ചിരുന്നപ്പോൾ ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വേണ്ടി എന്തെങ്കിലും അത്ഭുതം പ്രവർത്തിച്ചതായി ഞാൻ കണ്ടിട്ടില്ല. 

ഒരു സാധാരണ മനുഷ്യൻ. അധ്വാനിയായ മനുഷ്യൻ. 

പരിശുദ്ധ അമ്മയുടെ സംരക്ഷകനായി വിളിക്കപ്പെട്ട നാൾ മുതൽ ഓരോ ദിവസവും പരിശുദ്ധ അമ്മയ്ക്ക് വേണ്ടി അധ്വാനിച്ച മനുഷ്യൻ.

അമ്മയുടെ മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.

ഓരോ ദിവസവും സാധാരണ മനുഷ്യന്റെ സംഘർഷങ്ങളിലൂടെ സാധാരണ രീതിയിൽ  കടന്നു പോകുമ്പോഴും ദൈവത്തിന്റെ പരിപാലനയുടെ കീഴിൽ അദ്ദേഹം മന:സാന്നിധ്യം കൈവിടാതെ നിന്നു.

പരിശുദ്ധ അമ്മയെ നോക്കുന്നതിനുവേണ്ടി അദ്ദേഹം പണക്കാരൻ ആകണമെന്നോ ഏതെങ്കിലും രീതിയിൽ ജീവിതം മെച്ചപ്പെടണമെന്നോ ആഗ്രഹിച്ചില്ല.

പകരം യൗസേപ്പിതാവ് ആയിരുന്ന ജീവിത സാഹചര്യങ്ങളിലേയ്ക്ക് പരിശുദ്ധ അമ്മയെ സ്വീകരിച്ചു.

തനിക്കു ആവുന്നത് പോലെ ആ വീട് ഒരുക്കി. ഭക്ഷണ സാധനങ്ങൾ വാങ്ങി.

ഇടയ്ക്ക് പരിശുദ്ധ അമ്മ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടപ്പോൾ ദു:ഖിതനായെങ്കിലും വേറാരോടും അത് പറയാതെ പിതാവായ ദൈവത്തോട് മാത്രം രാത്രിയുടെ യാമങ്ങളിൽ കണ്ണുനീരോടെ ദുഃഖങ്ങൾ പങ്കുവച്ചു.

സങ്കടത്തോടെ ഉറങ്ങിയ അദ്ദേഹത്തിന്റെ ഉള്ളിൽ ഉത്തരങ്ങൾ സ്വപ്നങ്ങളായി വിരിഞ്ഞിറങ്ങി.

പതിന്മടങ്ങു ബഹുമാനത്തോടെ പരിശുദ്ധ അമ്മയെ അദ്ദേഹം പരിചരിച്ചു.

നിശബ്ദതയ്ക്ക് ഒരായിരം അർത്ഥമുണ്ടെന്നും അത് വാചാലമാണെന്നും അന്നു യൗസേപ്പിതാവിന് അറിയുമായിരുന്നോ?

എന്നാൽ യൗസേപ്പിതാവിന്റെ നിശബ്ദമായ സാമീപ്യം ഉണ്ണിയായി പിറക്കാൻ പോകുന്ന ദൈവവചനത്തിന് അത്യാവശ്യം ആയിരുന്നു.

ഈശോയുടെ പരസ്യജീവിതത്തിനു സമയമാകും മുൻപേ  യൗസേപ്പിതാവ് നിശബ്ദത ഭേദിച്ചു എല്ലാവരോടും ഈശോയെ പറ്റി പറഞ്ഞു നടന്നിരുന്നു എങ്കിൽ ദൈവികമായ രക്ഷകര പദ്ധതികൾ ഒന്നും നടപ്പിലാക്കപ്പെടുമായിരുന്നില്ല.

അന്നു ഒത്തിരി കുഞ്ഞിപൈതങ്ങൾ കൊല്ലപ്പെടുമായിരുന്നില്ല….

പകരം ഉണ്ണി ഈശോയ്ക്ക് ആപത്തു വന്നേനെ.

യൗസേപ്പിതാവ് ദൈവത്തിനു വേണ്ടി മടുപ്പറിയാതെ ജോലി ചെയ്യുന്ന ആളായിരുന്നു.അത് കൊണ്ട് തന്നെ അദ്ദേഹം ചെയ്യുന്ന ഓരോ പ്രവൃത്തിയും ദൈവത്തിനു പ്രീതികരമായിരുന്നു.

ലോകത്തിൽ ജീവിച്ചിരുന്ന സമയത്ത് തനിക്കു വേണ്ടി മാത്രമായി യൗസേപ്പിതാവ് ഒന്നും ചെയ്തില്ല.

താൻ ചെയ്യുന്ന കാര്യങ്ങൾക്ക് മാതൃക ആക്കുവാനായി വേറൊരു ജീവിതത്തിലേയ്ക്കും അദ്ദേഹം നോക്കിയില്ല.

പകരം തന്റെ കൂടെ വസിക്കുന്ന രക്ഷകനായ ദൈവത്തെ നോക്കി. രക്ഷകന്റെ അമ്മയെ നോക്കി.

അവർക്കു സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം അദ്ദേഹം ചെയ്തു.

തനിക്കറിയാവുന്ന കാര്യങ്ങൾ അറിയാവുന്ന വിധത്തിൽ ഏറ്റവും നന്നായി പരാതിയില്ലാതെ ചെയ്തു.

കാരണം തന്റെ വിളി, താൻ ഈ ലോകത്തിൽ ആരാണ്, തിരുകുടുംബത്തിൽ ആരാണ് എന്നുള്ള തിരിച്ചറിവ്, ആ വിളിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ,കടമകൾ ഒക്കെ യൗസേപ്പിതാവിന് ബോധ്യമുണ്ടായിരുന്നു.

ഇതൊക്കെ ചിന്തിച്ചിരുന്നപ്പോഴാണ് എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞ കാര്യം ഞാൻ ഓർത്തത്.

എല്ലാം കമ്പ്യൂട്ടർവത്കരിക്കപ്പെട്ട  ഈ ലോകത്തു ഒരു മാതിരി എല്ലാ ആളുകൾക്കും അടിസ്ഥാന കാര്യങ്ങൾ അറിയാം..

അവരുടെ ഡ്യൂട്ടി സ്ഥലത്തും അങ്ങനെ തന്നെയായിരുന്നു.

എന്നാൽ കുറെ നാളുകൾക്കു ശേഷം ഒഴിഞ്ഞു കിടന്ന ഒരു സ്ഥാനത്തേയ്ക്ക് ഇൻചാർജ് ആയി വളരെ ശാന്തയായ ഒരു പെൺകുട്ടി കടന്നു വന്നു.

അത്രയും നാളും ആ സ്ഥാനം തത്കാലികമായി വഹിച്ചിരുന്ന ആൾ എല്ലാ കാര്യങ്ങളും പ്രത്യേകിച്ച് ഡ്യൂട്ടിയുടെ ലിസ്റ്റും മറ്റ്‌ കാര്യങ്ങളും ഒക്കെ അനായാസമായി ടൈപ്പ് ചെയ്തു ഇടുമായിരുന്നു.

എന്നാൽ പുതിയ ഇൻചാർജ് തന്റേതായ രീതിയിൽ ഡ്യൂട്ടിലിസ്റ്റ്, മറ്റു പ്രധാന കാര്യങ്ങൾ ഒക്കെ കൈ കൊണ്ട് എഴുതി തയ്യാറാക്കി എല്ലാവർക്കും നൽകി.

ഒരു കുഴപ്പവും കൂടാതെ സുഗമമായി  അവരുടെ ഡ്യൂട്ടി സ്ഥലത്തു എല്ലാം ഭംഗിയായി നടന്നു.

ആവശ്യത്തിന് മാത്രം സംസാരിക്കുന്ന, തന്റെ ജോലി സമയത്ത് ഒട്ടും സമയം കളയാതെ പരമാവധി ജോലി ചെയ്യുന്ന, തന്റെ പൊസിഷൻ എന്താണ് കടമ എന്താണ് എന്നൊക്കെ നന്നായി ബോധ്യമുണ്ടായിരുന്ന ആ വ്യക്തിയെ കുറിച്ച് “യൗസേപ്പിതാവിന്റെ മകൾ ” എന്നാണ് സുഹൃത്ത്‌ വിശേഷിപ്പിച്ചത്.

ആ വ്യക്തിയെ കുറിച്ച് കേട്ടപ്പോൾ പിന്നെയും ആ വചനം എനിക്കോർമ്മ വന്നു.

“ഭാഷണമില്ല, വാക്കുകളില്ല,ശബ്‌ദംപോലും കേള്‍ക്കാനില്ല.”

(സങ്കീര്‍ത്തനങ്ങള്‍ 19 : 3)

ചിലർ അങ്ങനെയാണ്….

യൗസേപ്പിതാവിനെ പോലെ നിശബ്ദതയുടെ മഹാകൃപ ലഭിച്ചവർ.

അവർ വസിക്കുന്ന വീട്ടിലെ കുടുംബത്തിലെ അംഗങ്ങൾ അവരെ തിരിച്ചറിയില്ല. ചുറ്റുമുള്ള ബന്ധുക്കൾ തിരിച്ചറിയില്ല, ജീവിക്കുന്ന സമയത്ത് ലോകം തിരിച്ചറിയില്ല..

എന്നാൽ കാലത്തിന്റെ പൂർണത വരുമ്പോൾ, ദൈവത്തിന്റെ കരത്തിന്റെ കീഴിൽ ജീവിത കാലം മുഴുവനും താഴ്മയോടെ നിന്ന അവരെ തക്ക സമയത്ത് ദൈവം ഉയർത്തും.

ഈ വചനത്തെ കുറിച്ച് ധ്യാനിച്ചപ്പോൾ ബഹളമയമായ അനുദിനജീവിതത്തിൽ ഉള്ളിലേയ്ക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെ പറ്റി ഞാനോർത്തു.

ഇരുപത്തിനാലു മണിക്കൂറുള്ളതിൽ ഉറങ്ങുന്ന സമയമൊഴികെ ബാക്കി സമയം പല വിധമായ ലോകകാര്യങ്ങളിൽ മുഴുകി നടക്കുമ്പോൾ കുറച്ചു നേരമെങ്കിലും നിശബ്ദതയിൽ ഉള്ളിൽ ഉയരുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുവാൻ നേരം കണ്ടെത്തുവാൻ എനിക്ക് പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു.

അത് പോലെ ദൈവരാജ്യത്തിന് വേണ്ടിഎനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന ചിന്ത എന്നിൽ ഉയരുമ്പോൾ വേറെ ആരെയുമായി എന്നെത്തന്നെ താരതമ്യപ്പെടുത്താതെ എനിക്ക് പറ്റുന്നതൊക്കെയും എന്റേതായ കൊച്ച് വഴികളിലൂടെ ചെയ്യുന്നത് ഈശോയ്ക്ക് ഒത്തിരി പ്രിയങ്കരമാണെന്നും അതിനു ദൈവസന്നിധിയിൽ വിലയുണ്ടെന്നും അതിലൂടെ എന്നിലൂടെ ഈ ലോകത്തിൽ ദൈവം ഒരുക്കിയിരിക്കുന്ന പദ്ധതികൾപൂവണിയുമെന്നും എനിക്ക് മനസിലായി.

അന്നു യൗസേപ്പിതാവ് ദൈവപുത്രന് വേണ്ടിയും രക്ഷകന്റെ അമ്മയ്ക്ക് വേണ്ടിയും ഒഴുക്കിയ വിയർപ്പിന്റെ ഒരു തുള്ളി പോലും ദൈവം കാണാതെ ഇരുന്നില്ല. എല്ലാത്തിനും കണക്കുണ്ടായിരുന്നു.

അത് പോലെ ഇന്ന് നമ്മൾ പരിമിതമായ സാഹചര്യങ്ങളിൽ, ഉള്ളിൽ നിന്നെക്കൊണ്ടു എന്തിനു കൊള്ളാം, നിന്നെക്കൊണ്ടു ഇതിനു ഉറപ്പായും പറ്റില്ല എന്നൊക്കെ നിരന്തരം മന്ത്രിക്കുന്ന പിശാചിന്റെ സ്വരത്തെ ഒക്കെ അവഗണിച്ചു കൊണ്ട് കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ ദൈവരാജ്യത്തിന് വേണ്ടി ചെയ്യുമ്പോൾ ആ ബുദ്ധിമുട്ടുകൾക്ക് ഈശോയുടെ മുൻപിൽ വിലയുണ്ട്.

ചിലർക്ക് നിസാരമായ കാര്യങ്ങൾ മറ്റുള്ളവർക്ക് അങ്ങേയറ്റം ബുദ്ധിമുട്ടേറിയത് ആയിരിക്കും.

ഒരു നിസാര കാര്യം ചെയ്യുന്നതിന് പോലും സാഹചര്യങ്ങൾ മൂലം വളരെയധികം കഷ്‌ടപ്പെടേണ്ടി വരും.

കണ്ണുനീർ ഒഴുക്കേണ്ടി വരും.

ഉറക്കമില്ലാതെ ക്ഷീണിതമായ ശരീരത്തോടും മനസോടും കൂടെ കഠിനമായി അധ്വാനിക്കേണ്ടി വരും.

നമ്മളിൽ പലരും ഈശോയോടുള്ള സ്നേഹത്താൽ പ്രേരിതരായി സ്വന്തം കുടുംബവും ജീവിതവും സുഖസൗകര്യങ്ങളും  ഒക്കെ വിട്ടു ദൂരെയുള്ള സ്ഥലങ്ങളിൽ പോയി മിഷനറിമാരായി സുവിശേഷം പ്രസംഗിക്കുന്നില്ല.

നമ്മുടെ ഒക്കെ പ്രവർത്തന മണ്ഡലം പരിമിതമാണ്.

നമ്മുടെ ഒക്കെ കഴിവിനുപരിയായി ഒന്നും ചെയ്യാൻ ദൈവപിതാവ് ആവശ്യപ്പെടുന്നില്ല.

എന്നാൽ തിരുക്കുടുംബത്തിലേയ്ക്ക് നോക്കിക്കഴിഞ്ഞാൽ യൗസേപ്പിതാവിനെ പോലെ പരിശുദ്ധ അമ്മയും നിശബ്ദയായിരുന്നു.

പരിശുദ്ധ അമ്മ  ഈശോയെ ഉദരത്തിൽ വഹിച്ചു, വളർത്തി. ഒരു സാധാരണ അമ്മയെപ്പോലെ.

കുടുംബനാഥൻ ആയ യൗസേപ്പിതാവിനെ അനുസരിച്ചു.

തിരുക്കുടുംബത്തിന്റെ മുഴുവൻ തുണികൾ കഴുകി. വീട് വൃത്തിയാക്കി, ആഹാരം പാകം ചെയ്തു. പ്രാർത്ഥിച്ചു. ഈശോയോടൊപ്പം സ്നേഹപൂർവ്വം നടന്നു.

പരിശുദ്ധ അമ്മയും യൗസേപ്പിതാവും ഉണ്ണി ഈശോയോടൊപ്പം അവരെ അത്ഭുതകരമായി സംരക്ഷിച്ച ദൈവപരിപാലനയെ ഓർത്തു അനുദിനം ദൈവത്തെ മഹത്വപ്പെടുത്തിയിരുന്നു.

നമ്മളും എന്താണ് വേണ്ടത്.?

ആയിരിക്കുന്ന അവസ്ഥയിൽ ഈശോയ്ക്ക് പൂർണമായും സമർപ്പിക്കുക.

നമ്മളുടെ പരിമിതികൾ, കഴിവുകൾ,കുറവുകൾ, സാഹചര്യങ്ങൾ ഒന്നും പ്രശ്നമല്ല.

ജീവിതത്തിലെ സാധാരണ കാര്യങ്ങൾ ഈശോയോടുള്ള സ്നേഹത്തെ പ്രതി ചെയ്യുമ്പോൾ അസാധാരണമായി മാറും. ഫലം പുറപ്പെടുവിക്കുന്നത് ആകും.

ചിലപ്പോൾ എല്ലാ ദിവസവും ഇങ്ങനെയൊന്നും പറ്റിയെന്നു വരില്ല.

പ്രാർത്ഥനജീവിതത്തിൽ ഏറ്റക്കുറച്ചിലുകൾ കണ്ടെന്നു വരാം.

മരുഭൂമി അനുഭവത്തിലൂടെ കടന്നു പോയെന്നു വരാം.

ഒറ്റപ്പെട്ടു എന്ന് വരാം.

മരണഭയത്തിലൂടെ കടന്നു പോയെന്നു വരാം.

രോഗങ്ങളാൽ വിഷമിച്ചു എന്ന് വരാം.

സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായെന്നു വരാം.

ഒരാൾക്ക് പോലും ഈ ലോകത്തിൽ നമ്മളെകൊണ്ട് ആവശ്യമില്ല എന്ന് തോന്നാം.

ചെയ്യുന്ന കാര്യങ്ങൾ നിസാരമെന്നു തോന്നാം.

എന്നാൽ നമ്മളെ വിഷമിപ്പിച്ചു ഭയപ്പെടുത്തി സ്വർഗം എന്ന ലക്ഷ്യത്തിൽ നിന്നും വ്യതിചലിപ്പിക്കേണ്ടത് പിശാചിന്റെ മാത്രം ആവശ്യം ആണ്.

നമ്മളെ കുറിച്ച് ശുഭമായ ഒരു പദ്ധതി ദൈവപിതാവ് ഒരുക്കിയിരിക്കുന്നതിനാൽ ഭയം വേണ്ട.

ദൈവപരിപാലനയാൽ പരിശുദ്ധാത്മാവ് നമ്മളെ നയിച്ചു കൊള്ളും.

തിരുക്കുടുംബവും ഈ ബുദ്ധിമുട്ടുകളിലൂടെയൊക്കെ കടന്നു പോയിരുന്നു. എന്നാൽ ഒരിക്കലും ഭയപ്പെടാതെ അവർ അവസാനം വരെ ഈശോയുടെ കൂടെ വിശ്വസ്തതയോടെ നിന്നു.

ഞാനും നിങ്ങളും ഒക്കെ ആരാണ്.

ഈശോയുടെ കുടുംബം….

തിരുക്കുടുംബം.

നമ്മൾ കടന്നു പോകുന്ന ലോക ജീവിതത്തിൽ ചിലസാഹചര്യങ്ങളിൽ കണ്ടുമുട്ടുന്ന മനുഷ്യരിലൂടെ ചിലപ്പോൾ നമ്മൾ ഈശോയുടെ അപ്പനാകും, അമ്മയാകും, സഹോദരങ്ങളാകും, കൂട്ടുകാരാകും, മക്കളാകും….

എന്നാലും എല്ലാം നമ്മൾ ചെയ്തു കൊടുക്കുന്നത് ഈശോയ്ക്ക് തന്നെ.

ലോകത്തിൽ നിന്നും അകന്നു വീട്ടിലെ ഏകാന്തതയിൽ ഒതുങ്ങികഴിയുന്ന വീട്ടമ്മ ആ വീട്ടിലെ ആൾക്കാർക്ക് വേണ്ടി ഒരു നന്ദിയും പ്രതീക്ഷിക്കാതെ രുചികരമായ വിഭവങ്ങൾ വച്ചു വിളമ്പുമ്പോഴും എല്ലാ കാര്യങ്ങളും പരാതിയില്ലാതെ സ്നേഹപൂർവ്വം ചെയ്യുമ്പോഴും ആ അമ്മ തിരിച്ചറിയുന്നില്ലെങ്കിലും അത് ഈശോയ്ക്കാണ് ചെയ്യുന്നത്.

കൊച്ച് കുട്ടികൾ ഓടിച്ചെന്നു സ്നേഹപൂർവ്വം അപ്പനെയും അമ്മയെയും വല്യപ്പനെയും വല്യമ്മയെയും ഒക്കെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുമ്പോൾ അവർ തിരിച്ചറിയുന്നില്ലെങ്കിലും അവർ ഈശോയെ ആണ് സ്നേഹിക്കുന്നത്.

പഠിക്കാൻ ഒത്തിരി ബുദ്ധിമുട്ടുന്ന ഒരു കുട്ടിയ്ക്ക് ഒരു ടീച്ചർ ഒന്ന് കൂടി പറഞ്ഞു കൊടുക്കുമ്പോൾ ആ ടീച്ചർ മനസിലാക്കുന്നില്ലെങ്കിലും അത് ഈശോയ്ക്ക് വേണ്ടിയാണ് ചെയ്തു കൊടുക്കുന്നത്.

പരസ്പരം ചെയ്യുന്ന കൊച്ച് സ്നേഹ പ്രവൃത്തികൾക്ക് അറിയാതെ പോലും ഇത്രയും വിലയുള്ളപ്പോൾ ഈശോയ്ക്ക് വേണ്ടി മനഃപൂർവം ചെയ്യുന്ന കാര്യങ്ങൾക്കു സ്നേഹത്തിന്റെ പ്രവൃത്തികൾക്ക് മറ്റുള്ളവരോടു കാണിക്കുന്ന കരുണയ്ക്ക്, ഈശോയുടെ നാമത്തിൽ നിരുപാധികം കൊടുക്കുന്ന ക്ഷമയ്ക്ക്, ഈശോയ്ക്ക് വേണ്ടി പരാതിയില്ലാതെ സഹിക്കുന്ന വേദനകൾക്ക് സഹനത്തിന് ഒക്കെയുള്ള പ്രതിഫലം വിലതീരാത്തതാണ്.

തങ്ങൾക്ക് വേണ്ടി ഒന്നും ചോദിക്കാതെ മറ്റുള്ളവർക്ക് വേണ്ടി മാധ്യസ്ഥ പ്രാർത്ഥന നടത്തുന്നവർ ഈശോ ചെയ്തത് പോലെ അല്ലെ ചെയ്യുന്നത്.

ഈ ലോകത്തിൽ നമ്മൾ ചെയ്യുന്ന ഒന്നും കാണപ്പെടാതെ പോകുന്നില്ല. ഒന്നും കേൾക്കപ്പെടാതെ പോകുന്നില്ല. ഒന്നും ശ്രദ്ധിക്കപ്പെടാതെയും പോകുന്നില്ല.

എല്ലാത്തിന്റെയും രേഖ ദൈവപിതാവിന്റെ മുൻപിൽ ഉണ്ട്.

നമുക്ക് ഇപ്പോൾ ഉള്ള കഴിവുകൾ സർവശക്തിയോടും കൂടെ ഉപയോഗിച്ച് ഇല്ലാത്തതിനെ ഓർത്തു വിഷമിച്ചിരിക്കാതെ ദൈവരാജ്യത്തിനായി പ്രവർത്തിക്കാം. പ്രാർത്ഥിക്കാം,സ്വപ്നം കാണാം.അപ്പോൾ കൂടുതൽ കൃപകൾ വേണ്ടത് പോലെ നമ്മളിൽ കൂട്ടിച്ചേർക്കപ്പെടും. കാരണം ഒരു ചെറിയ കുഞ്ഞ് അപ്പന്റെ കൂടെ ഒരു വഴിയ്ക്കു പോകുമ്പോൾ അതിന്റെ നിസാരമായ ആവശ്യങ്ങൾ പോലും അപ്പൻ നിറവേറ്റിക്കൊടുക്കുന്നത് പോലെ സ്വർഗത്തിലേയ്ക്ക് ഉള്ള ഈ യാത്രയിൽ നമ്മുടെ പിതാവായ ദൈവം നമ്മുടെ വലതു കൈ പിടിച്ചിട്ടുണ്ട്.

ആമേൻ