ഓൺലൈൻ  ആയി സംപ്രേക്ഷണം ചെയ്യുന്ന   വി. കുർബാനയിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ പോയി വി.കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണല്ലോ ഓൺലൈൻ കുർബാന ഒരു ബദൽ സംവിധാനമായി ഏർപ്പെടുത്തിയിരിക്കുന്നത്. ദേവാലയത്തിൽ അർപ്പിക്കുന്ന വി.കുർബാനയിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കുന്ന കൗദാശികമായ ഫലങ്ങൾ ലഭിക്കുന്നില്ലെങ്കിലും ഈ  പ്രേത്യേക സാഹചര്യത്തിൽ  ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനുള്ള അനുവാദം സഭാധികാരികൾ നൽകിയുട്ടുണ്ട്. ഓൺലൈൻ വി.കുർബാനയിൽ ഫലപ്രദമായി പങ്കെടുക്കുന്നതിന് ഭവനത്തെ ദേവാലയമായി മാറ്റണം. അതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

  1. ഓൺലൈൻ കുർബാനയിൽ പങ്കെടുക്കുന്നതിന് വീട്ടിൽ കുടുംബപ്രാർത്ഥനയ്ക്കായി കൂടുന്ന സ്ഥലമായിരിക്കും ഉചിതം. അവിടെ വിരിയിട്ട ഒരു മേശയിൽ കുരിശും, തിരികളും, വി.ഗ്രന്ഥവും വയ്‌ക്കേണ്ടതാണ്. അതിനടുത്താണ് ഓൺലൈൻ ട്രാൻസ്മിഷൻ സ്വീകരിക്കുന്ന ഉപകരണം (ഫോൺ, കമ്പ്യൂട്ടർ, ടി. വി.) വയ്ക്കേണ്ടത്.
  2. വി. കുർബാനയിൽ പങ്കെടുക്കുന്നവർ ദേവാലയത്തിൽ എന്നതുപോലെ വസ്ത്രം ധരിക്കുന്നത് ഉചിതമായിരിക്കും.
  3. ഓൺലൈൻ വി. കുർബാനയിൽ പങ്കെടുക്കുന്ന സമയത്ത് മറ്റു ജോലികൾ ചെയ്യുന്നതും ഫോൺ ഉപയോഗിക്കുന്നതും പൂർണമായും മാറ്റി വയ്ക്കണം.
  4. സംപ്രേക്ഷണം ചെയ്യുന്ന വി. കുർബാനയോടൊപ്പം പ്രാർത്ഥനകൾ ചൊല്ലുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്യേണ്ടതാണ്.
  5. വി. കുർബാനയിൽ പങ്കെടുക്കുമ്പോൾ, ദേവാലയത്തിലെന്നതുപോലെ എഴുന്നേറ്റു നിൽക്കുകയും, മുട്ടുകുത്തുകയും, ഇരിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.
  6. വി. കുർബാന സ്വീകരണ സമയത്ത് അരൂപിയിലുള്ള വി.കുർബാന സ്വീകരണത്തിനായി താഴെ കൊടുത്തിരിക്കുന്ന പ്രാർത്ഥന ചെല്ലുന്നത് ഉചിതമായിരിക്കും.

       അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണ പ്രാർത്ഥന

ഓ! എൻ്റെ ഈശോയെ, അങ്ങ് വി.കുർബാനയിൽ സത്യമായി എഴുന്നള്ളിയിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളെയുംകാൾ ഞാൻ അങ്ങയെ സ്നേഹിക്കുകയും, എൻ്റെ ആത്മാവിൽ അങ്ങയെ സ്വീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കുവാൻ ഇപ്പോൾ എനിക്ക് സാധ്യമല്ലാത്തതിനാൽ അരൂപിയിൽ എൻ്റെ ഹൃദയത്തിലേക്ക് അങ്ങ് എഴുന്നള്ളി വരണമേ………………………… അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുകയും, എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കലും അങ്ങയിൽ നിന്ന് അകലുവാൻ എന്നെ അനുവദിക്കരുതേ.           ആമ്മേൻ.

 

സീറോ മലബാർ ലിറ്റർജി കമ്മിഷൻ,   മൗണ്ട് സെൻറ് തോമസ്,    കാക്കനാട്.                   21-03-2020

LATEST NEWS
VIEW ALL NEWS