Leena Elizabeth George:–       

“സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ്‌ എനിക്കുള്ളത്‌? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല. എന്റെ ശരീരവും മനസും ക്‌ഷീണിച്ചു പോയേക്കാം; എന്നാല്‍, ദൈവമാണ്‌ എന്റെ ബലം; അവിടുന്നാണ്‌ എന്നേക്കുമുള്ള എന്റെ ഓഹരി.”

(സങ്കീര്‍ത്തനങ്ങള്‍ 73 : 25-26)

ഓരോ ചെറിയ കുഞ്ഞും ഒരു അമ്മയ്ക്കുള്ള വലിയ സമ്മാനമാണ്. അമ്മയുടെ ഉദരത്തിൽ ഉരുവായി എന്നറിയുന്ന നിമിഷം മുതൽ ആ കുഞ്ഞ് അമ്മയ്ക്ക് യഥാർത്ഥത്തിൽ ഉള്ള ഒരു ശിശു തന്നെയാണ്. പൂർണവളർച്ചയെത്തിയ ഒരു ശിശുവിനെ പോലെ തന്നെ.

വൈദ്യ ശാസ്ത്രത്തിനു ഒരു ചെറിയ ഭ്രൂണം ആയിരിക്കാം. എന്നാൽ അമ്മ മനസിന്‌ അങ്ങനെയല്ല. ഉള്ളിന്റെ അഗാധതകളിൽ സ്നേഹത്തിന്റെ ചൂടേറ്റ് വളരുന്ന വേറൊരു കുഞ്ഞു മനുഷ്യജീവൻ.

ആദ്യനിമിഷം മുതലേ അമ്മമാർക്ക് കുഞ്ഞിന്റെ സാങ്കല്പിക രൂപം മനസ്സിൽ കാണാൻ പറ്റും.

വയറിൽ കൈ വച്ചു കുഞ്ഞിനെ കുറിച്ച് ഓർക്കും തോറും ഉള്ളം സ്നേഹം കൊണ്ട് നിറയും.

ശരിക്കും  ഗർഭിണിയായ സ്ത്രീയുടെ ഹൃദയത്തിലാണ് കുഞ്ഞിന്റെ സ്ഥാനം. ഗർഭപാത്രത്തിലല്ല. ഹൃദയത്തിലെ ഓരോ വികാരവും കുഞ്ഞിലേയ്ക്ക് പകരുന്നു. കുഞ്ഞിന്റെ ഹൃദയത്തിലെ വികാരങ്ങൾ അമ്മയിലേയ്ക്കും പകരുന്നു. ആരും ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം.

ഓരോ ഗർഭിണിയും ഓരോ യോദ്ധാവാണ്. തന്നെ ഏല്പിച്ചിരിക്കുന്ന ഈ കുഞ്ഞിനെ സംരക്ഷിക്കുവാനായി ജീവൻ കൊടുക്കാനും അവൾ തയ്യാറാകും..

എന്നാൽ ഓരോ ഗർഭ കാലവും തികഞ്ഞ വെല്ലുവിളികൾ നിറഞ്ഞതാണ്. മറ്റാരുടെ ജീവിതം കൊണ്ടും താരതമ്യം ചെയ്യാൻ പറ്റാത്ത വിധത്തിലുള്ള വെല്ലുവിളികൾ.

ചില സമയങ്ങളിൽ ആർക്കും മനസിലാകില്ല. ചിലപ്പോൾ കുറ്റപ്പെടുത്തലുകൾ കിട്ടും.അമ്മയുടെ കണ്ണ് ആരുമറിയാതെ നിറയുമ്പോൾ ഉള്ളിലെ ഇരുട്ടിൽ ശരിക്കും രൂപം പ്രാപിച്ചിട്ടില്ലാത്ത രണ്ടു കുഞ്ഞു കണ്ണുകളും നിറയുന്നത് മനുഷ്യരാരും കാണില്ല.

ഓരോ ഗർഭകാലവും തികച്ചും വ്യത്യസ്തങ്ങളാണ്.ആദ്യത്തെ ഒന്ന് രണ്ടു മാസങ്ങളിൽ എന്ത് മാത്രം സൂക്ഷിക്കാമോ അത്രയും നല്ലത് എന്ന് എല്ലാവരും പറയും. എന്നാൽ അനുദിന ജീവിതത്തിലെ തിരക്കുകളും ഉത്തരവാദിത്വങ്ങളും മൂലം  എന്ത് ചെയ്യും?

ഏതു ദുരിത കാലത്തും വൈഷമ്യങ്ങൾക്കിടയിലും വേദനകളുടെ നടുവിലും ഗർഭിണിയുടെ ഉള്ളിൽ നിറയുന്ന നനുനനുത്ത ഒരു ആനന്ദമുണ്ട്. ഒറ്റയ്ക്കല്ല എന്നൊരു feeling, എവിടെപ്പോയാലും കൂട്ടായി ഒരു കുഞ്ഞു സുഹൃത്ത്‌ ഉള്ളിലുണ്ട് എന്നൊരു സാന്ത്വനം.

വാക്കുകൾ ഒന്നും പുറത്തു വന്നില്ലെങ്കിലും ചിന്തകൾ കൊണ്ട് അമ്മയും കുഞ്ഞും പരസ്പരം സംസാരിക്കുന്ന സമയം.

കുഞ്ഞിനായി അമ്മ ഒരു കുഞ്ഞുരുള ചോറ് കൂടുതൽ കഴിയ്ക്കുമ്പോൾ കുഞ്ഞു മുഖം വിടരുന്നത് അമ്മയെ കാണൂ..

ഗർഭാവസ്ഥയിലെ എല്ലാ കാര്യങ്ങളും ഒരു പ്രയാസവും ഇല്ലാതെ മുന്നോട്ടു പോയാൽ കുഴപ്പമില്ല. എന്നാൽ എന്ത് മാത്രം സങ്കീർണതകളും മാറ്റങ്ങളും ആണ് ഒരു സ്ത്രീയുടെ ശരീരത്തിൽ നടക്കുന്നത്.

ഒരു ബുദ്ധിമുട്ടോ പ്രയാസമോ ആ സമയത്ത് ഉണ്ടാകുമ്പോഴേ നമ്മൾ അത് തിരിച്ചറിയുകയുള്ളൂ.

ഒരു ചെറിയ കുഞ്ഞു ഉള്ളിൽ ഉണ്ടെന്ന് ഒരിക്കൽ ഞാനുമറിഞ്ഞു.

ഒരു കുഞ്ഞു വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ മറ്റുള്ള കുഞ്ഞുങ്ങൾ കുഞ്ഞു വാവയ്ക്കു ഓമന പേരുമിട്ടു. “Tinkle Toes.

 ജീവിതത്തിൽ വളരെയധികം പ്രയാസങ്ങൾ ഉള്ള കാലം .

പഴയ ജോലി വിട്ടു വേറൊരു സ്ഥലത്തു ജോലിയ്ക്കു പ്രവേശിക്കാറായ സമയമായിരുന്നു. നിവൃത്തി ഇല്ലാതെ കുറെ യാത്ര ചെയ്യേണ്ടി വന്നു. എന്നാൽ നേരത്തേ യാതൊരു കുഴപ്പവുമില്ലാതിരുന്നതിനാൽ അതിലൊന്നും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

എന്നാലും ഉള്ളിൽ ഒരു പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥത വരുന്നുണ്ടായിരുന്നു. കാരണം ട്രെയിനിൽ യാത്ര ചെയ്തപ്പോൾ പതിവില്ലാതെ ഉണ്ടായ കുലുക്കവും ജോലി സ്ഥലത്തെ അധ്വാനവും ഒക്കെ മനസ്സിൽ വരുന്നുണ്ടായിരുന്നു. അമ്മേ സൂക്ഷിക്കണം കേട്ടോ എന്ന് “Tinkle  Toes “ഉള്ളിലിരുന്നു ഓർമിപ്പിച്ചു. ഉള്ളിൽ നൊമ്പരമുണർന്നെങ്കിലും സാരമില്ല കുഞ്ഞേ, കുഴപ്പമില്ല ഇതൊക്കെ അമ്മ എന്നും ചെയ്യുന്ന കാര്യങ്ങളല്ലേ എന്ന് ഞാൻ അതിനെ ധൈര്യപ്പെടുത്തി.

ജീവിതത്തിലെ തിരക്കും കാര്യങ്ങളുമായി മുന്നോട്ട് പോകേണ്ടി വന്നു . വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനു സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടായതിനാൽ അയാൾക്ക്‌ അത് പെട്ടെന്ന് വിൽക്കണം എന്നുള്ള സ്ഥിതി വന്നു. വേറെ വാടക വീട് കിട്ടിയതുമില്ല. പുതിയ സ്ഥലത്തേയ്ക്ക് പോകും മുൻപായി കുറച്ചു നാൾ നാട്ടിൽ പോകാം എന്ന് തീരുമാനമായി.

എന്നാൽ വീട്ടിലെ സാധനങ്ങൾ മാറ്റണമായിരുന്നു, വീട് വൃത്തിയാക്കണമായിരുന്നു. പഴയ ജോലി സ്ഥലത്തെ അവസാന ദിവസത്തെ ഡ്യൂട്ടിയ്ക്ക് പോകണമായിരുന്നു.നാട്ടിൽ പോകാനുള്ള പെട്ടികൾ അടുക്കണമായിരുന്നു, മറ്റു കുഞ്ഞുങ്ങളെ ഒരുക്കണമായിരുന്നു.  ഒരു സ്ഥലം വിട്ടു പോകുമ്പോൾ വീട്ടിലുള്ള എല്ലാവരും ഒന്നിച്ചു നിന്നു കാര്യങ്ങൾ ചെയ്താലും ഒരു ജോലിയും തീരില്ല. അപ്പോൾ ഉണ്ടാകുന്ന Stress അത് പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്.

നീണ്ട യാത്ര കഴിഞ്ഞു എയർപോർട്ടിൽ എത്തി ഒന്നിരുന്നപ്പോൾ നല്ല ക്ഷീണം തോന്നി.

രണ്ടു ഫ്ലൈറ്റ് മാറേണ്ടിയിരുന്നു. അബുദാബിയിൽ നിന്നും ഇന്ത്യയിലേയ്ക്കുള്ള ഫ്ലൈറ്റിൽ ഇരിക്കുന്ന സമയത്ത് വലിയ അസ്വസ്ഥത   അനുഭവപ്പെടാൻ തുടങ്ങി. മരണകരമായ ഒരു ഭീതി, ഒരു ആകുലത എന്നെ മൂടാൻ തുടങ്ങി.ഞാനും കുഞ്ഞും ഈ ഭൂമിയിൽ വച്ചു എന്നേക്കുമായി വേർപിരിയാൻ പോകുന്നു എന്ന് ഉള്ളിൽ തോന്നിത്തുടങ്ങി.

കാരണം ഭൂമിയിൽ നിന്നും വളരെയധികം ഉയരത്തിലെ ആകാശത്തിൽ സ്വർഗത്തോട് ഞാൻ ഏറ്റവും ചേർന്നിരുന്ന സമയത്ത് എനിക്ക് ബ്ലീഡിങ് തുടങ്ങി.

ഒന്ന് രണ്ടു വയസുള്ള കുഞ്ഞുങ്ങളെ മാറോട് ചേർക്കാം. ഉമ്മ കൊടുക്കാം. ഇത്തിരി മുലപ്പാല് കൊടുക്കാം.

എന്നാൽ ഗർഭപാത്രത്തിൽ ദൈവത്തിന്റെ കാരുണ്യം കൊണ്ട് മാത്രം ഏതാനും മാംസപേശികളാൽ ഞാനുമായി  ചേർത്തു വയ്ക്കപ്പെട്ട വെറും രണ്ടു മാസമായ ഒരു കുഞ്ഞിനെ എങ്ങനെ ആശ്വസിപ്പിക്കും. എനിക്ക് അന്നതറിയില്ലായിരുന്നു.

അത് മരിക്കാൻ പോവുകയാണെന്ന് എനിക്ക് തോന്നി. എന്നാലും ഞാൻ  ആകാശത്തു എന്ത് ചെയ്യാൻ..

പെട്ടെന്ന് ഒരുപായം തോന്നി. പരിശുദ്ധ അമ്മയെ വിളിക്കാം. അമ്മ ഈശോയോട് പറഞ്ഞു എല്ലാം ശരിയാക്കിത്തരും എന്നെനിക്കു തോന്നി.

അമ്മയോട് ഞാൻ എന്റെ കുഞ്ഞിന്റെ ജീവന് വേണ്ടി യാചിക്കുവാൻ തുടങ്ങി. പുറമെ ശബ്ദമൊന്നും വന്നില്ല എങ്കിലും ഹൃദയം ഉറക്കെ കരയുന്നുണ്ടായിരുന്നു.എന്റെ ജീവിതപങ്കാളിയും മറ്റു കുഞ്ഞുങ്ങളും എന്റെ അവസ്ഥ കണ്ടു വിഷമിക്കുന്നുണ്ടായിരുന്നു.

ആ സമയങ്ങളിൽ പരിശുദ്ധ അമ്മ മൗനം പാലിച്ചു നിന്നു. കാൽവരി കുരിശിൽ ഈശോ മരിക്കുന്നതു കണ്ടു ഒന്നും മിണ്ടാതെയും അതിനെ ഒരു വാക്ക് കൊണ്ട് പോലും എതിർക്കാതെയും അന്നു നിന്നത് പോലെ തന്നെ..

ഒരു പക്ഷെ അന്നത്തെ രംഗങ്ങൾ അമ്മയും ഓർത്തു കാണും.

കുഞ്ഞ് മരണത്തിലേയ്ക്ക് പോകും എന്ന് ഒരമ്മയ്ക്ക് മനസിലാകുന്ന നിമിഷങ്ങൾ…

നിസ്സഹായമായ സമയങ്ങൾ..

അത് അതിലൂടെ കടന്നു പോകുന്നവർക്കേ അറിയൂ…

പരിശുദ്ധ അമ്മയ്ക്ക് അത് നന്നായി അറിയാമായിരുന്നു.

കടന്നു പോയ അവസ്ഥകൾ വാക്ക് കൊണ്ട് വിവരിക്കാൻ വിഷമമാണ്.   നാട്ടിലെ എയർപോർട്ടിൽ എത്തിയ ഉടനെ ഞാൻ എയർഹോസ്റ്റസിനോട് വിവരം പറഞ്ഞു.Wheel chair ൽ ഇരുത്തി എയർപോർട്ട് ആംബുലൻസിൽ അടുത്തുള്ള ഹോസ്പിറ്റലിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു.

Bleeding കൂടിയും കുറഞ്ഞുമിരുന്നു. ഒരു തരം മരച്ചു പോയ അവസ്ഥ. സ്കാൻ ചെയ്തു. ബെഡ് റസ്റ്റ്‌ പറഞ്ഞു. ബ്ലീഡിങ് നിൽക്കാൻ മരുന്നു തന്നു. അത്രയും നേരത്തേ ക്ഷീണം കൊണ്ട് ഞാനുറങ്ങിപ്പോയി കുറച്ചു നേരം.

മുറിയിലേയ്ക്ക് മാറ്റി. നന്നായി റസ്റ്റ്‌ എടുക്കാൻ പറഞ്ഞു.

എന്നാലും ഉള്ളിൽ ഇരുന്നു കുഞ്ഞു പറഞ്ഞു…

അമ്മേ ഇനി കുറച്ചു നേരം കൂടി മാത്രമേ ഉള്ളൂ കേട്ടോ.

പോകല്ലേ… എന്നുള്ള ഒരു തരം ആർത്തനാദം എന്റെ തൊണ്ടയിൽ നിശബ്ദമായി മുഴങ്ങി. 

ഹൃദയത്തിൽ നിന്നും ഒരു ഭാഗം പറിഞ്ഞു പോകുന്നത് പോലെയുള്ള കീറി മുറിയുന്ന വേദന ഉള്ളിൽ നിന്നും മാറുന്നേയില്ലായിരുന്നു.

ഇതെന്റെ തെറ്റാണ്, എന്റെ മാത്രം തെറ്റാണ് എന്ന് ആരോ ഉള്ളിൽ നിന്നും പറഞ്ഞു കൊണ്ടേയിരുന്നു.എന്നാൽ ശരി ഏതായിരുന്നു എന്ന് മനസിലാകുന്നുമില്ലായിരുന്നു.

അഡ്മിറ്റ് ആയതിന്റെ നാലാം ദിവസം Miscarriage ആയി. ഹോസ്പിറ്റലിൽ എന്റെ കയ്യിൽ ഇരുന്ന കുഞ്ഞു ശരീരത്തിന് ചൂടുണ്ടായിരുന്നു. അപ്പോഴും ജീവന്റെ നിറമുണ്ടായിരുന്നു. പൂർണമായും രൂപം പ്രാപിക്കാത്ത കുഞ്ഞു കണ്ണുകൾ കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു.

ആ ചെറിയ കുഞ്ഞിന് എനിക്ക് വീട്ടു മാമോദീസ കൊടുക്കണമായിരുന്നെങ്കിലും വെഞ്ചരിച്ച വെള്ളമൊന്നും അവിടെ കിട്ടാനില്ലായിരുന്നു.  പരവേശത്തിന്റെ നിമിഷങ്ങൾ…

എന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീരു കയ്യിലെടുത്തു ആ കുഞ്ഞു നെറ്റിയിൽ കുരിശു വരച്ചു. ജീവന്റെ നിറം ആ കുഞ്ഞു ദേഹത്ത് നിന്നും മായും മുൻപേ “മരിയ” എന്ന് പേരിട്ടു പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അമ്മയായ ഞാൻ നിന്നെ മാമോദീസ മുക്കുന്നു എന്ന് അറിയാവുന്നതു പോലെ ഒക്കെ പറഞ്ഞു. കുഞ്ഞുന്നാളിൽ വീട്ടു മാമോദീസ കൊടുക്കുന്നത് വേദപാഠം പഠിപ്പിച്ച അധ്യാപകൻ പറഞ്ഞു തന്നത് മുഴുവനും ഓർമ കിട്ടിയില്ല. എന്നാലും കുഞ്ഞിന്റെ ദേഹത്തിന്റെ നിറം മാറി ജീവൻ പോയിക്കൊണ്ടിരുന്ന സമയത്ത് ഞാൻ എനിക്ക് പറ്റും പോലെ ചേർത്തു പിടിച്ചു. ഭൂമിയിൽ നിന്നും കടന്നു പോകും വരെ. 

അവസാനം അവളെ പരിശുദ്ധ അമ്മയുടെ കയ്യിൽ തന്നെ നോക്കാൻ ഏല്പിച്ചു .

ജീവനറ്റ ഈശോയുടെ ശരീരം മടിയിൽ കിടത്തിയപ്പോൾ പരിശുദ്ധ അമ്മയ്ക്കുണ്ടായ അവസ്ഥ ഏറെക്കുറെ എനിക്കപ്പോൾ മനസിലായി.

എന്റെ മനസ്സിൽ പലതരത്തിലുള്ള വിചാരങ്ങൾ വന്നു കൊണ്ടിരുന്നു.

ഞാൻ പറഞ്ഞിട്ട് കേൾക്കാതെ കടന്നു പോയ കുഞ്ഞിനോട് പെട്ടെന്ന് ദേഷ്യം തോന്നി. കാരണം ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവൾക്കു ഞാനുണ്ടാകുമായിരുന്നു. അമൂല്യമായ ഒരു നിധി എന്റെ ശ്രദ്ധക്കുറവ് കൊണ്ട് എന്നേക്കുമായി കൈവിട്ട് പോയത് പോലെ തോന്നി. സ്വയം പഴിക്കുവാൻ തോന്നി.

ഒരു കുഞ്ഞിനെ സൂക്ഷിക്കുവാൻ കഴിവില്ലാത്ത ഞാൻ ഇനി ജീവിച്ചിരുന്നിട്ട് എന്ത് കാര്യം എന്നോർത്തു വിഷമിച്ചു.

പിന്നീട് ദേഷ്യം തോന്നിയത്   ദൈവപിതാവിനോടാണ്. എന്നെ പറ്റിച്ചില്ലേ…..

എന്റെ കൈയിൽ ഇതിനെ നീ എടുത്തോ എന്ന് പറഞ്ഞു ഒരു കുഞ്ഞിനെ തന്നിട്ട് ഓർക്കാപ്പുറത്തു തിരിച്ചു കൊണ്ട് പോയില്ലേ…. എന്നൊക്കെ ചിന്തിച്ചു.

സഹായിക്കുവാൻ കേണപേക്ഷിച്ചിട്ടും ഒരു ചെറു വിരൽ പോലും അനക്കാതെ നിന്ന പരിശുദ്ധ അമ്മയോടും ഞാൻ പിണങ്ങി.

എന്നാൽ പരിശുദ്ധ ത്രിത്വവും പരിശുദ്ധ അമ്മയും സ്വർഗം മുഴുവനും നിശബ്ദമായി എന്നെ ആശ്വസിപ്പിച്ചു കൊണ്ട് കൂടെ നിന്നത് ഞാൻ കണ്ടില്ല.അവരുടെ കണ്ണ് നിറഞ്ഞിരുന്നതും ഞാൻ കണ്ടില്ല.

എന്നെക്കുറിച്ചുള്ള ദൈവിക പദ്ധതിയിൽ ആ നിമിഷങ്ങളും ഉണ്ടായിരുന്നു എന്ന് അന്നേരം മനസിലാകില്ലായിരുന്നു.

ഇതിനിടയിൽ ഒരു പരിചയമുള്ള ഒരു വൈദികനെ ഫോണിൽ വിളിച്ചു കുഞ്ഞിന് വേണ്ടി ഒന്ന് കൂടി പ്രാർത്ഥിക്കുവാനും വേണ്ട വിധത്തിൽ വീട്ടു മാമോദീസ പ്രാർത്ഥന ചൊല്ലുവാനും വേണ്ടി പറഞ്ഞേല്പിച്ചു. മൂന്ന് വിശുദ്ധ കുർബാന കുഞ്ഞിന് വേണ്ടി ചൊല്ലുവാൻ ഏർപ്പാടാക്കി.

വീട്ടിൽ ചെന്നു എങ്കിലും ഒരു കുഞ്ഞു മരിച്ചു പോയതിന്റെ ആഴത്തിലുള്ള ദുഃഖം എന്റെ ഹൃദയത്തിൽ മാത്രമെ ഉള്ളൂ എന്നെനിക്കു തോന്നി. ആർക്കും അത് മനസിലാകുന്നില്ല. തീവ്രമായ ദു:ഖത്തിന്റെ  നാളുകൾ. അതോടെ ശരീരത്തിന്റെ ആരോഗ്യം താറുമാറായി. വേറൊന്നിനും എന്നെ ആശ്വസിപ്പിക്കാനായില്ല. ഒരു വർഷത്തോളം ചെറിയ കുഞ്ഞുങ്ങളുടെ കരച്ചിലോ ചിരിയോ ഒക്കെ കേൾക്കുമ്പോൾ ഹൃദയത്തിലെ മുറിവുകൾ വലിച്ചു തുറക്കുന്നത് പോലെ തോന്നിയിരുന്നു. നിറയുന്ന കണ്ണുകൾ ആരും കാണാതെ ഇരിക്കുവാൻ ഞാൻ മാറിപ്പോകുമായിരുന്നു.

സ്വയം ക്ഷമിക്കുവാൻ എനിക്ക് പറ്റുന്നില്ലായിരുന്നു. പരിശുദ്ധ ത്രിത്വത്തോട് ക്ഷമിക്കുവാൻ പറ്റുന്നില്ലായിരുന്നു. പരിശുദ്ധ അമ്മയോട് ക്ഷമിക്കുവാൻ പറ്റുന്നില്ലായിരുന്നു.

ലോകത്തിനു നിസാരമായ ഒരു സംഭവം. ഒരു ചെറിയ പൂമൊട്ട് പൊഴിയും പോലെ കടന്നു പോയ ഒരു ചെറിയ കുഞ്ഞ്.

എന്നാൽ മരണനിമിഷങ്ങളിൽ പോലും ഒരമ്മയെന്ന നിലയിൽ മറക്കുവാൻ പറ്റാത്ത നൊമ്പരം.

പതുക്കെ പതുക്കെ പരിശുദ്ധാത്മാവ് ഇതിനെ കുറിച്ച് എനിക്ക് മനസിലാക്കി തന്നു.

ഉരുവാകുന്ന നിമിഷം മുതലേ മനുഷ്യ ജീവന് ആയുസ്സ് നിശ്ചയിച്ചിട്ടുണ്ട്.എന്റെ കുഞ്ഞിന്റെ ആ ചെറു ജീവിതം അതിൽ തന്നെ പൂർണമാണ്. മരിച്ചു പോയ “Tinkle Toes” എന്ന കുഞ്ഞു ഭ്രൂണവും നൂറു വയസായി എത്തി മരിച്ചു പോകുന്ന ഒരു വൃദ്ധനും ഒക്കെ ദൈവപിതാവ് നിശ്ചയിച്ചിരിക്കുന്ന അവരുടെ ആയുസ്സിന്റെ പൂർണതയിൽ എത്തിയിട്ടാണ് ഈ ഭൂമിയിൽ നിന്നും കടന്നു പോകുന്നത്.

ഓരോ മനുഷ്യരുടെയും മനോഹരമായ ആത്മാവ് അവർക്കു നിശ്ചയിച്ചിരിക്കുന്നിടത്തോളം കാലം ഈ ഭൂമിയിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു. നിത്യ സന്തോഷത്തിലേയ്ക്ക് കടന്നു പോകുന്നു.

ഇതിനെ കുറിച്ച് ആലോചിക്കാൻ പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു.

ഒരു യോഗ്യതയും ഇല്ലാതെ എനിക്ക് ഒരു സമ്മാനം പോലെ ദൈവപിതാവ് തന്ന കുഞ്ഞ്. കുറച്ച് നാൾ വലിയ സന്തോഷം തന്ന കുഞ്ഞ്. ജന്മപാപമൊഴികെ ഒരു പാപത്തിന്റെ കറയും ഇല്ലാത്ത വിശുദ്ധയായ ഒരു കുഞ്ഞ്. എന്റെ അടുത്ത് നിന്നും കടന്നു പോയെങ്കിലും പരിശുദ്ധ അമ്മയുടെ മാറിൽ പറ്റി ചേർന്നിരിക്കുന്ന എന്റെ കുഞ്ഞ്.

അന്ന്‌ അവിടെ ഒരു കുഞ്ഞുങ്ങളെ കൈമാറ്റമായിരുന്നു നടന്നത്. എന്റെ കുഞ്ഞിനെ പരിശുദ്ധ അമ്മ  ഏറ്റെടുത്തു. പകരം അമ്മയുടെ കുഞ്ഞായ ഈശോയെ എനിക്ക് തന്നു. അത് എനിക്ക് പിന്നെയാണ് മനസിലായത്.

ഒരമ്മയെന്ന നിലയിൽ ഞാൻ എന്ത് മാത്രം പരിശ്രമിച്ചാലും പാപത്തിൽ വീഴാതെ ആ കുഞ്ഞിനെ കാക്കാൻ എനിക്ക് പറ്റുമായിരുന്നില്ല. എന്നാൽ ഒരു പാപവും അറിഞ്ഞു കൊണ്ട് ചെയ്യാത്ത ഒരു വിശുദ്ധയായ കുഞ്ഞിന്റെ അമ്മ ആണല്ലോ എന്ന് ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്.

ഞാൻ ഒരു സാധാരണ അമ്മ ആയതു കൊണ്ട് അന്നെന്റെ ഹൃദയം തകർന്നു പോയിരുന്നു. എന്നാൽ ആ സമയമൊക്കെയും ഞാൻ ഇല്ലാതായിപ്പോകാതെ ദൈവപിതാവ് എന്നെ ചേർത്തു പിടിച്ചു.

എന്റെ കുഞ്ഞ് ദൈവപിതാവിന്റെ പക്കൽ ആണെന്നും സന്തോഷമാണെന്നും ഇത് കുറച്ചു നാളത്തേയ്ക്ക് മാത്രമുള്ള വേർപിരിയൽ ആണെന്നും നിത്യതയിൽ ഞങ്ങൾ വീണ്ടും ഒന്നിക്കുമെന്നും ഉള്ളിൽ ബോധ്യം കിട്ടിയതോടെ എന്റെ പിണക്കം മാറി…. വിഷമം കുറഞ്ഞു… കണ്ണീരു തോർന്നു…

ഒത്തിരിയേറെ അമ്മമാരുടെ കുഞ്ഞുങ്ങൾ ഇങ്ങനെ ഗർഭാവസ്ഥയിൽ കടന്നു പോയിട്ടുണ്ടാവാം. ആ കണ്ണീരൊക്കെ ഉള്ളിൽ ഉറഞ്ഞ് കിടപ്പുണ്ടാവാം.

ആ കണ്ണീരു മാറുവാനുള്ള സമയമായി…

സ്വയം ക്ഷമിക്കണം. കുഞ്ഞിനോട് ക്ഷമിക്കണം. ദൈവപിതാവിനോട് ക്ഷമിക്കണം. നഷ്‌ടപ്പെട്ട് പോയ കുഞ്ഞുങ്ങൾക്കൊരോന്നിനും പേരിട്ടു കുടുംബത്തിന്റെയും ജീവിതത്തിന്റെയും സംസാരത്തിന്റെയും ഭാഗമാക്കണം. ആ കുഞ്ഞുങ്ങളെ കുറിച്ച് എപ്പോഴും സന്തോഷത്തോടെ അഭിമാനത്തോടെ സംസാരിക്കണം.

കുടുംബപ്രാർത്ഥനയിലും കാണുന്ന വിശുദ്ധ കുർബാനകളിലും ഒക്കെ അവരെ പറ്റി ഓർക്കണം…

അവർ നമുക്ക് തന്ന ഇത്തിരി സന്തോഷത്തിനായി ദൈവപിതാവിന് നന്ദി പറയണം. ആ കുഞ്ഞിന്റെ അമ്മ എന്നുള്ള സ്ഥാനത്തിനായി ദൈവപിതാവിന് നന്ദി പറയണം. ദൈവപരിപാലനയ്ക്കായി നന്ദി പറയണം.

അത് പോലെ പല കാരണങ്ങളാൽ ഉദരത്തിലെ  കുഞ്ഞുങ്ങളെ നഷ്‌ടപ്പെട്ട അനേകം അമ്മമാരിലും അവരുടെ ജീവിതപങ്കാളികളുടെ നിശബ്ദമായ നൊമ്പരത്തിലും കുഞ്ഞ് വാവ വരുന്നതും കാത്തിരുന്ന വീട്ടിലെ മറ്റു കുഞ്ഞുങ്ങളുടെ ഹൃദയത്തിലെ തീരാ നഷ്‌ടബോധത്തിലും ഒക്കെ ദൈവസ്നേഹം നിറയുവാൻ വേണ്ടി പ്രാർത്ഥിക്കാം.

ഈശോയുടെ തിരു രക്തത്താൽ അവരുടെ ഹൃദയം നനഞ്ഞു ആഴത്തിലുള്ള മുറിവുകൾ ഉണങ്ങുവാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവ് അവരെ സഹായിച്ചു കൂടെ ഇരുന്നു ദൈവപരിപാലന അവർക്കു മനസിലാക്കി കൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കാം.

പരിശുദ്ധ ത്രിത്വം അവർക്കു ആശ്വാസമാകുവാൻ വേണ്ടി പ്രാർത്ഥിക്കാം.

പരിശുദ്ധ അമ്മയോടും യൗസേപ്പിതാവിനോടും സ്വർഗ്ഗവാസികളോടും മാലാഖാമാരോടും കുഞ്ഞിപൈതങ്ങളോടും ഒപ്പം അവർക്കായി പ്രാർത്ഥിക്കാം.

“മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.”

(ജറെമിയാ 1 : 5)

ഓരോ മനുഷ്യരെക്കുറിച്ചുമാണ് ദൈവപിതാവ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

എന്റെ ഈ ചെറിയ കുഞ്ഞ്  ദൈവപിതാവിന്റെ പരിപാലനയെക്കുറിച്ചും സ്നേഹത്തെ കുറിച്ചുമൊക്കെ സ്വയം ഓർക്കാനും മറ്റുള്ളവരോട് പറയാനുമൊക്കെ കാരണമായി.

ഓരോ കുഞ്ഞുങ്ങളും അനുഗ്രഹമാണ്.

ഈ കുഞ്ഞ് എനിക്കൊരു അനുഗ്രഹമാണ്. നിത്യത വരെ.